കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ ഭൂമി കമ്പനികൾക്കും വ്യക്തികൾക്കും ദീർഘകാല പാട്ടത്തിന് നൽകാൻ സർക്കാർ നീക്കം. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പങ്കെടുത്ത, ഒക്ടോബർ 15ലെ വിഡിയോ കോൺഫറൻസിലാണ് ആദ്യ ചർച്ച നടത്തിയത്. ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി 30 മുതൽ 50 വർഷത്തേക്ക് പാട്ടത്തിന് നൽകണമെന്ന നിർദേശം മുന്നോട്ടുവെച്ചത് കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറാണ്.
ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് ഇക്കാര്യം ചർച്ച ചെയ്തത്. കെ.എസ്.ആർ.ടി.സിയുടെ പുനരുദ്ധാരണത്തിന് നിയോഗിച്ച പ്രഫ. സുശീൽഖന്ന റിപ്പോർട്ടിൽ ഭൂമി വിറ്റ് കടം തീർക്കണമെന്ന് ശിപാർശ ചെയ്തിരുന്നു. ഗതാഗത വകുപ്പിെൻറ കീഴിലുള്ള കൊച്ചി മെട്രോക്ക് സർക്കാർ സ്ഥലം അനുവദിച്ചതും വരുമാനം ഉണ്ടാക്കാൻ അത് 30 വർഷത്തേക്കും 99 വർഷത്തേക്കും പാട്ടത്തിന് നൽകാൻ സർക്കാർ ഉത്തരവിറക്കിയതും ചൂണ്ടിക്കാട്ടിയ എം.ഡി, കെ.എസ്.ആർ.ടി.സിയിലും ഇത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
വാണിജ്യ പ്രാധാന്യമുള്ള സ്ഥലങ്ങൾ, ഷോപ്പിങ് കോംപ്ലക്സുകൾ എന്നിവ പാട്ടക്കരാർ വ്യവസ്ഥയിൽ കേന്ദ്ര- സംസ്ഥാന സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവർക്ക് വാണിജ്യ ആവശ്യത്തിന് നൽകുന്ന കാര്യത്തിൽ ഉത്തരവ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോർപറേഷെൻറ പുനരുദ്ധാരണത്തിന് നിർദേശം മുന്നോട്ടുവെച്ചതിന് മന്ത്രി തോമസ് ഐസക് എം.ഡിയെ യോഗത്തിൽ അഭിനന്ദിച്ചു.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ. ശശീന്ദ്രൻ, ധനകാര്യ അഡീഷനൽ ചീഫ്സെക്രട്ടറി രാജേഷ്കുമാർ സിങ്, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക്, ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കെ.ടി.ഡി.എഫ്.സി എം.ഡി എ.ആർ. അജിത് കുമാർ, കിഫ്ബി ജി.എം എ. സുനിൽ കുമാർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. തുടർ നടപടിയെന്ന നിലയിൽ കെ.എസ്.ആർ.ടി.സിക്ക് സർക്കാർ പാട്ടത്തിന് നൽകിയ ഭൂമിയുടെയും പതിച്ച് നൽകിയ ഭൂമിയുടെയും ഇപ്പോഴത്തെ ഉപയോഗം സംബന്ധിച്ച് കണക്കെടുപ്പും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.