തിരുവനന്തപുരം: യാത്രാവശ്യകത വർധിച്ചിട്ടും ഗ്രാമീണ സർവിസുകളോടും സ്റ്റേ സർവിസുകളോടും മുഖം തിരിച്ച് കെ.എസ്.ആർ.ടി.സി. കോവിഡിന്റെ മറവിൽ ലോക്കൽ സർവിസുകൾ വ്യാപകമായി വെട്ടിനിരത്തിയതിനു പിന്നാലെ വരുമാനമില്ലെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തിയിരുന്ന സർവിസുകളും ഉപേക്ഷിക്കുകയാണ്. സ്വിഫ്റ്റ് ആരംഭിച്ചതോടെ ദീർഘദൂര സർവിസുകളിലാണ് മാനേജ്മെന്റിന്റെ ശ്രദ്ധമുഴുവൻ. സ്വിഫ്റ്റിന് കീഴിൽ ആരംഭിച്ച ഇലക്ട്രിക് ബസുകൾ നഗരങ്ങളിൽ മാത്രമാണ് കേന്ദ്രീകരിക്കുന്നതും. ഇതോടെ ഗ്രാമീണമേഖലയിലെ സർവിസുകൾ താളം തെറ്റി.
യാത്രക്കാരില്ലെന്നതാണ് ഗ്രാമീണ സർവിസ് ഉപേക്ഷിക്കലിന് ന്യായീകരണമായി ഗതാഗത മന്ത്രിയെ കെ.എസ്.ആർ.ടി.സി അധികൃതർ ധരിപ്പിച്ചിരിക്കുന്നത്. വരുമാനം കുറഞ്ഞ റൂട്ടുകളിലേക്കുള്ള സർവിസുകൾ നിർത്തലാക്കുകയോ മറ്റുള്ളവയുമായി യോജിപ്പിക്കുകയോ ചെയ്യണമെന്ന മാനേജ്മെന്റ് നിർദേശമാണ് സർവിസുകളുടെ കടുംവെട്ടിന് വഴിയൊരുക്കിയത്. കെ.എസ്.ആർ.ടി.സി പിന്മാറിയതോടെ ചില റൂട്ടുകൾ സമാന്തര സർവിസുകൾ കൈയടക്കിയിട്ടുണ്ട്.
ഓർഡിനറികൾ വെട്ടിക്കുറച്ചതിനു പിന്നാലെ ഗ്രാമീണ റൂട്ടുകളിലെ ശേഷിക്കുന്ന സർവിസുകൾ ഫാസ്റ്റ് പാസഞ്ചറിലേക്ക് മാറ്റാനും കെ.എസ്.ആർ.ടി.സിയിൽ സജീവ ആലോചനയുണ്ട്. ഫാസ്റ്റുകളെത്തുന്നതോടെ യാത്രച്ചെലവേറും. ഹ്രസ്വദൂര യാത്രകൾക്കും ഫാസ്റ്റ് നിരക്ക് നൽകേണ്ടി വരുമെന്നതും പ്രഹരമാകും. ഓര്‍ഡിനറികളിൽ യാത്രക്കാരില്‍ 60 ശതമാനത്തില്‍ അധികവും 10 കിലോമീറ്ററിനുള്ളില്‍ യാത്ര ചെയ്യുന്നവരാണ്. ഒരു ബസില്‍ ഏറ്റവും കൂടുതല്‍ ചെലവാകുന്നതാകട്ടെ മിനിമം ടിക്കറ്റും.
രാജമാണിക്യം സി.എം.ഡിയായിരുന്നപ്പോൾ വരുമാനമില്ലാത്ത സർവിസുകൾ നിർത്താനുള്ള നീക്കം സ്റ്റേ സർവിസുകളെയും വെട്ടിനിരത്തുന്നതിലേക്കാണ് എത്തിയത്. പ്രതിഷേധം ശക്തമായപ്പോഴാണ് പലതും പുനഃസ്ഥാപിച്ചത്. ഇപ്പോഴാകട്ടെ പ്രതിഷേധവും അധികാരികൾ പരിഗണിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.