കെ.എസ്.ആർ.ടി.സി: സ്ഥിരം സഹായം നൽകാനാകില്ലെന്ന് മന്ത്രി ബാലഗോപാൽ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് ശമ്പളം നൽകാൻ സ്ഥിരമായി സഹായം നൽകാനാകില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കോവിഡിന് മുമ്പ് ശമ്പളത്തിനായി കെ.എസ്.ആർ.ടി.സിക്ക് പണം നൽകിയിരുന്നില്ല. കോവിഡ് കാലത്ത് 2300 കോടി നൽകി. അതിന് ശേഷവും ഇപ്പോഴും സഹായം കൊടുക്കുന്നു.

എന്നാൽ എപ്പോഴും ഇത് നൽകാനാകില്ല. ബജറ്റിൽ ഉള്ള പണം കെ.എസ്.ആർ.ടി.സിക്ക് നൽകും. 1000 കോടിയാണ് ഇക്കുറി ഉള്ളത്. 1000 കോടിക്ക് അപ്പുറം പണം നൽകണമെങ്കിൽ മറ്റ് വകുപ്പുകളിൽ നിന്ന് മാറ്റേണ്ടി വരും. ഇക്കാര്യം ചർച്ച ചെയ്ത് മാത്രമേ തീരുമാനിക്കാനാകൂവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ശമ്പള തുക കെ.എസ്.ആർ.ടി.സി സ്വയം കണ്ടെത്തണം. എന്ന് ശമ്പളം കൊടുക്കുമെന്ന് പറയേണ്ടത് കെ.എസ്.ആർ.ടി.സിയാണ്.

കേരളത്തിലേത് ജനങ്ങൾക്കൊപ്പം നിൽക്കുന്ന സർക്കാറാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മറുപടിയായി ധനമന്ത്രി പറഞ്ഞു. സ്വന്തം സർക്കാർ നല്ലതാണെന്ന് കെജ്രിവാളിന് പറയാം. എന്നാൽ കണക്ക് കൂടി പരിശോധിക്കണം. നിതി ആയോഗിന്‍റെ എല്ലാ കണക്കുകളിലും കേരളമാണ് മുന്നിൽ. ഡൽഹിക്ക് കൂടുതൽ കേന്ദ്രസഹായം കിട്ടുന്നുണ്ട്. എന്നിട്ടും ഡൽഹിയിലെ അത്രയും വിലക്കയറ്റം കേരളത്തിലില്ല.

ആരോഗ്യം, വിദ്യാഭ്യാസം, ക്രമസമാധാനം എന്നിവയിൽ കേരളം മുന്നിലാണ്. കെജ്രിവാൾ രാഷ്ട്രീയം പറയട്ടെ. അത് വസ്തുതകളുടെ അടിസ്ഥാനത്തിലാകണമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാറിനെതിരെ ഭരണാനുകൂല സംഘടനകൾ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള മുടക്കത്തിൽ രൂക്ഷപ്രതികരണവുമായി ഭരണാനുകൂല സംഘടനകളായ സി.ഐ.ടി.യുവും എ.ഐ.ടി.യു.സിയും. മാനേജ്മെന്‍റിനോടുള്ള പ്രതിഷേധമുന സർക്കാറിലേക്കും നീങ്ങുന്നെന്നാണ് പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ഗതാഗത മന്ത്രിയുടെ പ്രസ്താവനകൾ അപക്വവും തൊഴിലാളി സമരങ്ങളെ പുച്ഛിക്കുന്നതുമാണെന്ന് സി.ഐ.ടി.യു തുറന്നടിക്കുമ്പോൾ സർക്കാറിനെതിരെ സമരമുഖം തുറക്കുകയാണ് എ.ഐ.ടി.യു.സി.

ചൊവ്വാഴ്ച സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്താൻ എ.ഐ.ടി.യു.സി തീരുമാനിച്ചു. കെ.എസ്.ആർ.ടി.സിയുടെ എല്ലാ ജില്ല കേന്ദ്രങ്ങളിലേക്കും ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തും. ആയിരക്കണക്കിന് ബസുകൾ കൂട്ടിയിട്ട് നശിപ്പിച്ചും കോടികൾ വരുമാനം ലഭിക്കേണ്ട ഷെഡ്യൂളുകൾ റദ്ദാക്കിയും ജീവനക്കാരെ പരിഹസിച്ച് മുന്നോട്ടുപോകുകയാണ് മാനേജ്മ‍െൻറും മന്ത്രിയുമെന്ന് സി.ഐ.ടി.യു വിമർശിക്കുന്നു. ശമ്പള വിതരണം സംബന്ധിച്ച് ചോദിച്ചാൽ എം.ഡി പറയുന്നത് സർക്കാർ സഹായിക്കണമെന്നാണ്. എന്നാൽ, ശമ്പള വിതരണം സർക്കാറിന്‍റെ ഉത്തരവാദിത്തമല്ലെന്ന് മന്ത്രി പറയുന്നു.

എം.ഡിയുടെയും മന്ത്രിയുടെയും അഭിപ്രായ പ്രകടനങ്ങളോട് തൊഴിലാളികൾക്ക് വലിയ അതൃപ്തിയുണ്ട്. സ്വിഫ്റ്റ് കമ്പനിയുടെ പ്രവർത്തനം, വരവും ചെലവും തമ്മിലുള്ള അന്തരം തുടങ്ങിയ കാര്യങ്ങളിൽ മന്ത്രിയോ മാനേജ്മെന്‍റോ വ്യക്തമായ അഭിപ്രായം പറയാൻ തയാറാകുന്നില്ല. കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾ ഗൗരവമായി പരിശോധിച്ച് ഇടപെടാൻ സർക്കാർ തയാറാകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജനറൽ കൗൺസിൽ യോഗത്തിലും കെ.എസ്.ആർ.ടി.സിയിലെ വിഷയങ്ങൾ ചർച്ചയായി. പ്രതിസന്ധി പരിഹരിക്കാൻ മന്ത്രി ആന്‍റണി രാജുവിന് ഉത്തരവാദിത്തമുണ്ടെന്നും ശമ്പള വിഷയത്തിൽ ജീവനക്കാർ നടത്തിയ സമരത്തെ തള്ളിപ്പറഞ്ഞ മന്ത്രിയുടെ പ്രസ്താവന തൊഴിലാളിവിരുദ്ധമാണെന്നും വിമർശനമുയർന്നു.

Tags:    
News Summary - KSRTC: Minister Balagopal says permanent assistance cannot be given

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.