തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഗഡുക്കളായി ശമ്പളം നൽകാനുള്ള തീരുമാനത്തെ വകുപ്പ് മന്ത്രി ആന്‍റണി രാജു പൂർണമായി ന്യായീകരിച്ചപ്പോൾ സംസ്ഥാനത്തെമ്പാടും യൂനിയനുകൾ ഉത്തരവ് കത്തിച്ച് പ്രതിഷേധവുമായി രംഗത്ത് വന്നു. കൊല്ലം അടക്കം ചില സ്ഥലങ്ങളിൽ എം.ഡി ബിജുപ്രഭാകറിന്‍റെ കോലം കത്തിച്ചു. എം.ഡിയെ വ്യക്തിപരമായി പരാമർശിക്കുന്ന പോസ്റ്ററുകൾ ബസുകളിൽ പതിക്കുകയും ചെയ്തു.
ആവശ്യപ്പെടുന്നവർക്ക് ശമ്പളം ഗഡുക്കളായി നൽകാമെന്നും മുഴുവൻ ശമ്പളവും ഒന്നിച്ച് വേണ്ടവർക്ക് സർക്കാർ സഹായം കൂടി ലഭിച്ചശേഷം നൽകാമെന്നുമാണ് മാനേജ്മെന്‍റ് മുന്നോട്ടുെവച്ച പുതിയ നിർദേശം. ടാർഗറ്റ് കൈവരിച്ചാൽ ശമ്പളം, ഗഡുക്കളായി ശമ്പളം എന്നീ നിർദേശങ്ങളിൽ കെ.എസ്.ആർ.ടി.സിയിൽ അസ്വസ്ഥത പുകയുകയാണ്. കള്ളക്കണക്കാണ് കെ.എസ്.ആർ.ടി.സിയുടേതെന്നും ആവശ്യമെങ്കിൽ എം.ഡിയെ വഴിയിൽ തടയുമെന്നും ചില യൂനിയൻ നേതാക്കൾ പറഞ്ഞു.
തീരുമാനത്തെ പിന്തുണച്ച ഗതാഗത മന്ത്രി എതിർപ്പിന്‍റെ അടിസ്ഥാനം എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. കുറേപ്പേർക്ക് പ്രയോജനം കിട്ടുന്ന കാര്യമാണിത്. അതിന് ബാക്കിയുള്ളവർ എതിർക്കുന്നതെന്തിന്. അഞ്ചാം തീയതിക്ക് മുമ്പുതന്നെ കഴിയുന്നതും ശമ്പളം നൽകാനാണ് സർക്കാർ നൽകിയ നിർദേശം. സർക്കാർ സഹായത്തിന് നടപടിക്രമം പൂർത്തിയാക്കേണ്ടതുണ്ട്.
വായ്പ, സ്കൂൾ ഫീസ്, വൈദ്യുതി, വെള്ളം എന്നിവയുടെ ചാർജുകൾ തുടങ്ങി അത്യാവശ്യ ചെലവുകൾ മാസം ആദ്യം വരും. ഇവ നിർവഹിക്കാൻ ശമ്പളത്തിൽ പകുതി അഞ്ചാം തീയതിക്ക് മുമ്പ് നൽകാനാണ് ഉദ്ദേശിച്ചത്. വലിയ പലിശക്ക് കടമെടുക്കേണ്ടി വരുന്നുവെന്ന പരാതി കൂടി പരിഗണിച്ചാണിത്. ആവശ്യമുള്ളവർക്ക് പകുതിയിൽ കുറയാത്ത ശമ്പളം കഴിയുമെങ്കിൽ ഒന്നാം തീയതി നൽകാം.
അത് വേണ്ടാത്തവർക്ക് സർക്കാർ സഹായം കൂടി കിട്ടിയിട്ട് മതിയെങ്കിൽ അങ്ങനെ ചെയ്യാം. നിർബന്ധിക്കുന്നില്ല. ആർക്കും ഇതുകൊണ്ട് ദോഷം ഉണ്ടാകുന്നില്ല. ആശങ്കക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.
സി.ഐ.ടി.യു അടക്കം ഭരണാനുകൂല സംഘടനകളും പുതിയ ഉത്തരവിനെ എതിർക്കുകയാണ്. എല്ലാ യൂനിറ്റുകളിലും പ്രതിഷേധം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.