തിരുവനന്തപുരം: കെ.എസ്.ആർടി.സിയിൽ താഴെത്തട്ടിൽ കരാർ നിയമനങ്ങൾ നടത്തില്ലെന്ന് മന്ത്രി ആന്റണി രാജു. ഭരണനിർവഹണവുമായി ബന്ധപ്പെട്ടുള്ള ഉയർന്ന തസ്തികകളിൽ കരാർ നിയമനത്തിന് വ്യവസ്ഥയുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ തസ്തികകളിൽ ഒരാളെപ്പോലും കരാറടിസ്ഥാനത്തിൽ എടുക്കുന്നില്ല. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിംഗ്ൾ ഡ്യൂട്ടി സംവിധാനം ശാസ്ത്രീമായി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കെ.എസ്.ആർ.ടി.സിയിൽ 9461ഡ്രൈവർമാരും 8994 കണ്ടക്ടർമാരുമാണുള്ളത്.ഇവരെ നിലനിർത്തി മുന്നോട്ടുപോകും. കോവിഡിന് മുമ്പ് പ്രതിദിനം 30 ലക്ഷം യാത്രക്കാരുണ്ടായിരുന്നത് 18 ലക്ഷമായി കുറഞ്ഞു. 71 ഡിപ്പോകളും 22 ഓപറേറ്റിങ് സെന്ററുകളും ഉള്ളതിൽ ഒന്നും നിർത്തലാക്കില്ല. 93 അഡ്മിനിസ്ട്രേറ്റിവ് ഓഫിസുകളിൽ തിങ്കളാഴ്ച മുതൽ 15 എണ്ണം മാത്രമെ നിലനിർത്തൂ. നഷ്ടമില്ലാത്ത റൂട്ടുകളിൽ നിർത്തിവെച്ച സർവിസുകൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കും.
2012നു ശേഷം ആദ്യമായി ഈ വർഷം കെ.എസ്.ആർ.ടി.സി ലാഭത്തിൽ. മേയ്, ജൂൺ മാസങ്ങളിലാണ് സ്ഥാപനം പ്രവർത്തന ലാഭത്തിലായത്. മേയിൽ 5.42 കോടിയും ജൂണിൽ 3.68 കോടിയുമായിരുന്നു ലാഭം. പഴയ ബാധ്യതകളാണ് കെ.എസ്.ആർ.ടി.സിയെ ഇപ്പോഴും പ്രതിസന്ധിയിലാക്കുന്നതെന്നും അതിൽനിന്ന് കരകയറാനുള്ള തീവ്രശ്രമത്തിലാണെന്നും മന്ത്രി ആന്റണി രാജു നിയമസഭയിൽ അറിയിച്ചു. 2021-'22ലെ കണക്കുകൾ അനുസരിച്ച് കെ.എസ്.ആർ.ടി.സിയുടെ സഞ്ചിത നഷ്ടം 15,952 കോടിയാണ്. ഡീസൽ, സ്പെയർപാർട്സ്, വായ്പ തിരിച്ചടവ് ഉൾപ്പെടെ ചെലവുകൾ കഴിഞ്ഞ് പ്രതിമാസ വരവും ചെലവും തമ്മിലുള്ള അന്തരം 100 കോടിയാണ്. ഈ അന്തരമാണ് ശമ്പള വിതരണത്തിനായി പ്രത്യേക തുക കണ്ടെത്താൻ കഴിയാത്തതിന് തടസ്സം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.