തിരുവനന്തപുരം: വിദ്യാർഥി കൺസഷൻ കാർഡിന് അപേക്ഷിക്കാൻ ഇനി ഡിപ്പോകളിൽ വരിനിൽക്കേണ്ട. വരുന്ന അധ്യയന വർഷം മുതൽ ഓൺലൈനായി അപേക്ഷിക്കാൻ കെ.എസ്.ആർ.ടി.സി സൗകര്യമൊരുക്കി. കെ.എസ്.ആർ.ടി.സി വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ സംവിധാനത്തിന്റെ ട്രയൽ റൺ നിലവിൽ പുരോഗമിക്കുകയാണ്. ഡിജിറ്റലായി ലഭിക്കുന്ന അപേക്ഷകളിൽ എങ്ങനെ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്കുള്ള സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്.
കൺസഷനുമായി ബന്ധപ്പെട്ട് കാട്ടാക്കട ഡിപ്പോയിലും മറ്റുമുണ്ടായ അനിഷ്ട സംഭവങ്ങളും വിദ്യാർഥികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്താണ് അപേക്ഷ സംവിധാനം ഓൺലൈനാക്കുന്നത്. വെബ്സൈറ്റിൽ പ്രവേശിച്ച് ആവശ്യമായ രേഖകളുടെ സോഫ്റ്റ്കോപ്പി അപ്ലോഡ് ചെയ്ത് വിദ്യാർഥികൾക്ക് തന്നെ അപേക്ഷ നടപടികൾ പൂർത്തിയാക്കാം. ഓൺലൈനായി ഫീസും അടയ്ക്കാം.
രേഖകൾ പരിശോധിക്കുന്നതിനും ഫീസ് അടച്ച വിവരങ്ങൾ ഉറപ്പുവരുത്തുന്നതിനും ഓരോ യൂനിറ്റിലും ഉദ്യോഗസ്ഥരെ നിയോഗിക്കും. അതേസമയം, ഡിപ്പോയിൽ നേരിട്ട് വന്ന് കാർഡ് വാങ്ങണം. ഇതിനുള്ള തീയതി മുൻകൂട്ടി അറിയിക്കും. നിലവിൽ പേപ്പർ കാർഡുകളാണ് നൽകുന്നത്. ഇതിനു പകരം ഡിജിറ്റൽ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ആർ.എഫ്.ഐ.ഡി കാർഡോ റീഡിങ് സ്ട്രിപ്പോടു കൂടിയ പ്ലാസ്റ്റിക് കാർഡോ നൽകാനും ആലോചനയുണ്ട്. കൺസഷൻ എടുക്കുന്നതിനും പുതുക്കുന്നതിനും വലിയ കടമ്പകളാണ് നിലവിലുള്ളത്.
കെ.എസ്.ആർ.ടി.സിയിൽ വിദ്യാർഥി കൺസഷൻ നൽകുന്നതിനുള്ള പ്രായപരിധി 25 ആയി നിജപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളിലേത് ഒഴികെ പ്ലസ് ടുവരെയുള്ള വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ പൂർണമായും യാത്ര സൗജന്യമാണ്. സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളിൽ ബി.പി.എൽ പരിധിയിൽ വരുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് സൗജന്യം.
സർക്കാർ- അർധ സർക്കാർ കോളജുകൾ, പ്രഫഷനൽ കോളജുകൾ എന്നിവിടങ്ങളിലെ ഇൻകംടാക്സ്, ഐ.ടി.സി എന്നിവ നൽകുന്ന മാതാപിതാക്കളുടെ കുട്ടികൾ ഒഴികെ വിദ്യാർഥികൾക്ക് കൺസഷൻ നൽകുന്നുണ്ട്. ഒടുവിലെ കണക്കുകൾ അനുസരിച്ച് 3,63,053 പേർക്കാണ് സംസ്ഥാനത്ത് കൺസഷൻ കാർഡുള്ളത്. ബിരുദം മുതൽ മുകളിലേക്ക് 2,97,022 പേരാണ് കൺസഷൻ കൈപ്പറ്റുന്നത്. ഇവരിൽനിന്നും ഈടാക്കുന്നത് 15 ശതമാനം നിരക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.