കോഴിക്കോട്: കെ.എസ്.ആർ.ടി.സിയുടെ ഭൂമി ധനകാര്യ സ്ഥാപനമായ കെ.ടി.ഡി.എഫ്.സിക്ക് എഴുതിക്കൊടുത്ത് കടം വീട്ടുന്ന നടപടി തുടങ്ങി. ആദ്യഘട്ടം കോഴിക്കോട് മാവൂർ റോഡിലെ രണ്ടേക്കറിലധികം ഭൂമിയുടെ ഉടമസ്ഥാവകാശമാണ് കെ.എസ്.ആർ.ടി.സിക്ക് നഷ്ടമാവുക. സ്വത്ത് വിറ്റ് കെ.ടി.ഡി.എഫ്.സിക്ക് നൽകുന്നതിനെതിരെ തൊഴിലാളി യൂനിയൻ പ്രതിഷേധവുമായി രംഗത്തുള്ളപ്പോഴാണ് വിൽപന നടപടികളുമായി സർക്കാർ മുന്നോട്ടുപോവുന്നത്.
മൂന്നേക്കറിലധികം ഭൂമിയാണ് മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സിക്കുള്ളത്. ഈ ഭൂമിയിൽ കെ.ടി.ഡി.എഫ്.സി ബി.ഒ.ടി അടിസ്ഥാനത്തിൽ വ്യാപാര സമുച്ചയം നിർമിച്ചതാണ്. നിർമാണത്തകരാർ കാരണം കെട്ടിടം ഉപയോഗശൂന്യമായി. ഈ തകരാർ പരിഹരിക്കാൻ 35 കോടി രൂപ വേണം. ഇതിന് പണം കണ്ടെത്താനാണ് സ്ഥലം കെ.ടി.ഡി.എഫ്.സിയുടെ പേരിലാക്കുന്നത്.
കെ.ടി.ഡി.എഫ്.സി ഈ ഭൂമി ബാങ്കിൽ പണയം വെച്ച് കെട്ടിടം ബലപ്പെടുത്താനുള്ള ഫണ്ട് കണ്ടെത്തും. വ്യാപാര സമുച്ചയം നിൽക്കുന്ന ഭൂമിയും അനുബന്ധ സ്ഥലവുമാണ് കെ.എസ്.ആർ.ടി.സിക്ക് നഷ്ടമാവുക. ഭൂമിയുടെ വില നിശ്ചയിക്കാൻ കോഴിക്കോട് ജില്ല കലക്ടർ ചെയർമാനും കെ.ടി.ഡി.എഫ്.സി-കെ.എസ്.ആർ.ടി.സി പ്രതിനിധികൾ അംഗങ്ങളായും സമിതിയെ നിശ്ചയിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങി.
അങ്കമാലി, തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിലെ കെ.എസ്.ആർ.ടി.സി ഭൂമിയും കെ.ടി.ഡി.എഎഫ്.സിക്ക് കൈമാറാൻ തീരുമാനമെടുത്തിട്ടുണ്ട്. ഇതിൽ ആദ്യത്തേതാണ് കോഴിക്കോട്ടേത്. അതേസമയം, കെ.എസ്.ആർ.ടി.സിയുടെ സ്വന്തം ആസ്തി എന്നന്നേക്കുമായി നഷ്ടമാവുന്ന നടപടിയാണിതെന്ന് വിമർശനമുണ്ട്. ബി.ഒ.ടി അടിസ്ഥാനത്തിൽ നിർമിച്ച കെട്ടിടത്തിന്റെ ചെലവ് വാടകയിനത്തിൽ തിരിച്ചുകിട്ടിയാൽ കെ.എസ്.ആർ.ടി.സിക്ക് ഈ കെട്ടിടം കെ.ടി.ഡി.എഫ്.സി തിരിച്ചുകൊടുക്കുമെന്ന വ്യവസ്ഥയിലാണ് വി.എസ് സർക്കാറിന്റെ കാലത്ത് ഭൂമി കെട്ടിടം നിർമിക്കാൻ വിട്ടുകൊടുത്തത്.
ഈയിനത്തിൽ കെ.എസ്.ആർ.ടി.സിക്ക് നയാപൈസ വരുമാനം കിട്ടിയില്ലെന്ന് മാത്രമല്ല അതുവരെ ലഭിച്ചിരുന്ന വാടക വരുമാനമടക്കം നിലച്ചു. ഇതേ പദ്ധതിയുടെ പേരിൽ ഇപ്പോൾ സ്വന്തം ഭൂമി കെ.എസ്.ആർ.ടി.സിക്ക് നഷ്ടമാവുകയാണ്. 780 കോടിയുടെ കടബാധ്യതയാണ് നിലവിൽ കെ.ടി.ഡി.എഫ്.സിക്കുള്ളത്. ഇത് കെ.എസ്.ആർ.ടി.സിക്ക് കടം കൊടുത്തതിനെ തുടർന്നുണ്ടായതാണ് എന്നാണ് കെ.ടി.ഡി.എഫ്.സിയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.