ടൂറിസ്റ്റ് പെർമിറ്റെടുത്ത് സ്റ്റേജ് കാരിയേജായി ഓടുന്നത് നിയമവിരുദ്ധമെന്ന്​ കെ.എസ്.ആർ.ടി.സി

കൊച്ചി: ടൂറിസ്റ്റ് പെർമിറ്റെടുത്ത് സ്റ്റേജ് കാരിയേജായി കോൺട്രാക്ട്​ കാരിയേജ്​ ബസുകൾ സർവിസ് നടത്തുന്നത് നിയമവിരുദ്ധമെന്ന്​ കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ. ടൂറിസ്റ്റ്​ പെർമിറ്റിൽ സർവിസ്​ നടത്തുന്നത്​ മോട്ടോർ വാഹന വകുപ്പ്​ തടയുന്നതിനെതിരെ റോബിൻ ബസ്​ ഉടമയടക്കം നൽകിയ ഹരജിയിൽ കക്ഷിചേരാൻ നൽകിയ ഹരജിയിലാണ്​ ഇക്കാര്യം ഉന്നയിച്ചത്​.

ദേശസാത്കൃത റൂട്ടി​ലെ സർവിസ് വിലക്കിയാണ്​ ടൂറിസ്റ്റ് ബസുകൾക്ക്​ സർക്കുലർ നൽകിയതെന്നറിയാമായിരുന്നിട്ടും ബസുടമകളുടെ ഹരജിയിൽ കെ.എസ്​.ആർ.ടി.സിയെ കക്ഷിയാക്കാതിരുന്നത്​ ബോധപൂർവമാണ്​.

ബസിനുമുന്നിൽ ബോർഡും യാത്രക്കാരിൽനിന്ന്​ ടിക്കറ്റ് ചാർജും ഈടാക്കിയാണ് റോബിൻ ബസ് പത്തനംതിട്ട-കോയമ്പത്തൂർ സർവിസ് നടത്തുന്നതെന്ന്​ കെ.എസ്​.ആർ.ടി.സി ഡെപ്യൂട്ടി ലോ ഓഫിസർ പി.എൻ. ഹേന നൽകിയ ഹരജിയിൽ പറയുന്നു. ദേശസാത്കൃത റൂട്ടിലെ സർവിസ് പൂർണമായും കെ.എസ്.ആർ.ടി.സിക്ക്​ നീക്കിവെച്ചതാണ്. ടൂറിസ്റ്റ് പെർമിറ്റെടുത്ത ബസുകൾ ഓൺലൈനിൽ പരസ്യം നൽകിയാണ് ദേശസാത്കൃത റൂട്ടിൽ ഓടുന്നതെന്നും ഹരജിയിൽ പറയുന്നു.

തന്നെ സർക്കാർ വേട്ടയാടുകയാണെന്ന് റോബിൻ ബസുടമ

പാലാ: സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് റോബിൻ ബസ് ഉടമ ബേബി ഗിരീഷ് ആരോപിച്ചു. ബസ് പിടിച്ചെടുക്കരുതെന്ന് കോടതി നിർദേശമുണ്ട്. എന്നാൽ, പലയിടത്തും ബസ്​ തടഞ്ഞ് പിഴ ഈടാക്കി വേട്ടയാടൽ തുടരുകയാണ്. ദിവസവും പതിനായിരക്കണക്കിന് രൂപ പിഴ ഈടാക്കി തന്നെ തളർത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ആർ.ടി.സിക്ക് നഷ്ടം വരുമെന്ന് പറഞ്ഞ് മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സാഹചര്യമാണുള്ളത്. സഹകരണ ബാങ്കുകൾ നഷ്ടത്തിലാണെന്നുപറഞ്ഞ് ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവർത്തനം പൂട്ടിക്കെട്ടാൻ ഇവർ നിർദേശം നൽകുമോയെന്ന്​ ഗിരീഷ് ചോദിച്ചു. മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശ്രേഷ്ഠകർമ പുരസ്കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു ഗിരീഷ്.

Tags:    
News Summary - KSRTC says it is illegal to run as a stage carriage with tourist permit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.