കോട്ടയം: ബസ് വാടകക്കെടുത്ത് സർവിസ് നടത്താനുള്ള നടപടികളുടെ ഭാഗമായി കെ.എസ്.ആർ.ടി.സി സ്കാനിയ ബസ് കമ്പനിയുമായി കരാർ ഒപ്പുവെച്ചു. കെ.എസ്.ആർ.ടി.സിക്കുവേണ്ടി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.ജി. രാജമാണിക്യമാണ് സ്കാനിയ ബസ് കമ്പനിയുമായി കഴിഞ്ഞദിവസം കരാർ ഒപ്പുവെച്ചത്. തുടക്കത്തിൽ പത്ത് ബസ് സ്കാനിയ കെ.എസ്.ആർ.ടി.സിക്ക് കൈമാറും. ഡ്രൈവറും ബസ് അറ്റകുറ്റപ്പണിയും സ്കാനിയ കമ്പനി നടത്തുേമ്പാൾ കെ.എസ്.ആർ.ടി.സി കണ്ടക്ടറെ മാത്രം നൽകും. ഡീസലും മറ്റും കെ.എസ്.ആർ.ടി.സിയുടെ വകയാകും. കിലോമീറ്റർ അടിസ്ഥാനത്തിൽ വാടക നിശ്ചയിച്ചാണ് ബസ് കെ.എസ്.ആർ.ടി.സിക്ക് ലഭ്യമാക്കുന്നത്. സർവിസ് ലാഭകരമായാൽ കൂടുതൽ എണ്ണം നിരത്തിലിറക്കാൻ തയാറാണെന്ന് സ്കാനിയ ബസ് കമ്പനിയും അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽനിന്ന് ദീർഘദൂര സർവിസുകൾക്കാകും സ്കാനിയ ബസ് ഉപയോഗിക്കുകയെന്ന് കോർപറേഷൻ വക്താവ് ‘മാധ്യമ’ത്തോട് പറഞ്ഞു. തിരുവനന്തപുരം-ബംഗളൂരു, പത്തനംതിട്ട-ബംഗളൂരു, കൊല്ലം-ബംഗളൂരു, കോഴിക്കോട് -ബംഗളൂരു, കണ്ണൂർ-ബംഗളൂരു സെക്ടറിലാകും സ്കാനിയ സർവിസ് നടത്തുകയെന്നാണ് സൂചന. കോർപറേഷകൻ മുന്നോട്ടുവെച്ച എല്ലാ നിർദേശങ്ങളും കമ്പനി അംഗീകരിച്ചതായി കോർപറേഷൻ അധികൃതർ പറഞ്ഞു. മൂന്നുമാസത്തെ കലക്ഷൻ പരിശോധിച്ചശേഷമാകും കൂടുതൽ ബസ് നിരത്തിലിറക്കുക.
ദീപാവലി പ്രമാണിച്ച് കെ.എസ്.ആർ.ടി.സി നിലവിതേടക്കം മൊത്തം101 ബംഗളൂരു സർവിസ് ആരംഭിക്കും. ഇതിൽ 34 ബസ് അധിക സർവിസായിരിക്കും. 18, 19 തീയതികളിൽ ആരംഭിക്കുന്ന സർവിസ് ഒരാഴ്ചയോളം ഉണ്ടാകും. ബംഗളൂരുവിലേക്കുള്ള മടക്കസർവിസുകൾക്കും കൂടുതൽ ബസ് തയാറാക്കിയിട്ടുണ്ട്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം എന്നിവിടങ്ങളിൽനിന്നാകും അധിക സർവിസ് ഉണ്ടാവുകയെന്നും കോർപറേഷൻ വക്താവ് അറിയിച്ചു. ഒക്ടോബർ മൂന്നിന് സ്പെഷൽ സർവിസുകളുടെ ഷെഡ്യൂൾ പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.