കരിപ്പൂരിൽ നിന്ന് കോഴിക്കോട്ടേക്കും പാലക്കാട്ടേക്കും ഇനി 'കെ.എസ്​.ആർ.ടി.സി ദൂരം' മാത്രം; പുതിയ സർവിസുകൾ​ തിങ്കളാഴ്ച മുതൽ

കരിപ്പൂർ: നിരന്തര മുറവിളികൾക്കൊടുവിൽ കോഴിക്കോട്​ വിമാനത്താവളം വഴി തിങ്കളാഴ്ച മുതൽ കെ.എസ്​.ആർ.ടി.സി സർവിസ്​ ആരംഭിക്കുന്നു. ആദ്യഘട്ടത്തിൽ നാല്​ സർവിസാണ്​ നടത്തുക. കോഴിക്കോട്​ നിന്നും കരിപ്പൂർ വഴി പാല​ക്കാട്ടേക്കും തിരിച്ചും രണ്ട്​ വീതം മൊത്തം നാലു സർവിസുകളാണ്​ ഉണ്ടാവുക.

കരിപ്പൂരിൽ വിമാനസർവിസുകൾ കൂടുതലും രാത്രിയായതിനാൽ​ ഈ സമയത്തായിരിക്കും​ ബസുണ്ടാവുക. അഞ്ചു മിനിറ്റ്​ സമയമാണ്​ ബസ്​ വിമാനത്താവളത്തിൽ നിർത്തിയിടുക.

സെപ്​റ്റംബർ 14ന്​ കെ.എസ്​.ആർ.ടി.സി എം.ഡി ബിജു പ്രഭാകറിന്‍റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ്​ ബസ്​ ഓടിക്കാൻ തീരുമാനിച്ചത്​. ഇതിന്‍റെ തുടർച്ചയായി നവംബർ രണ്ടിന്​ കരിപ്പൂരിൽ യോഗം ചേർന്ന്​​ സമയക്രമം തീരുമാനിച്ചു. കോഴിക്കോട്​, പാലക്കാട്​ ഡിപ്പോകളുടെ രണ്ട്​ വീതം ബസുകളാണ്​ ഇതിന്​ ഉപയോഗിക്കുക.

മലപ്പുറം ക്ലസ്റ്റർ ഓഫിസർ വി.എം.എ. നാസറിനാണ്​ ഏകോപന ചുമതല. സർവിസ്​ ആരംഭിക്കണമെന്നാവശ്യപ്പെട്ട്​ പി. അബ്​ദുൽ ഹമീദ്​ എം.എൽ.എ നേരത്തെ ഗതാഗത മ​ന്ത്രി ആന്‍റണി രാജുവിന്​ കത്ത്​ നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വകുപ്പ് തല പരിശോധനക്ക് ശേഷമാണ് രണ്ട് സർവിസ് നടത്താൻ ധാരണയായത്. ഇതുമായി ബന്ധ​പ്പെട്ട്​ കെ.എസ്​.ആർ.ടി.സി സമൂഹമാധ്യമത്തിലിട്ട പോസ്റ്റിൽ​ വിവിധ ഇടങ്ങളിൽ നിന്ന്​ കരിപ്പൂരിലേക്ക്​ സർവിസ്​ ആരംഭിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്​.

കോവിഡിന്​ മുമ്പ്​ കാസർകോട്​ നിന്നും കരിപ്പൂരിലേക്ക്​ രാത്രിയിൽ ഒരു സർവിസ് ഉണ്ടായിരുന്നു. നിരവധി പ്രവാസികൾ ആശ്രയിച്ചിരുന്ന ഈ സർവിസ്​ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. നിലവിൽ ഈ ബസ്​ കാസർകോട്​ നിന്നും കോഴിക്കോട്​ വരെ മാത്രമാണ്​ ഓടുന്നത്​​. ഇത്​ കരിപ്പൂരിലേക്ക്​ നീട്ടണമെന്നാണ്​ ആവശ്യം.

കൂടാതെ, വയനാട്​, കോഴിക്കോട്​, മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ നിന്നും സർവിസ്​ ആരംഭിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്​.

സമയക്രമം

  • കോഴിക്കോട്​ നിന്നും പുലർച്ചെ 4.30ന്​ പുറപ്പെട്ട്​​ കരിപ്പൂരിൽ 5.15ന് എത്തും.
  • കോഴിക്കോട്​ നിന്നും രാ​ത്രി 11.15 ന് പുറപ്പെട്ട്​​ കരിപ്പൂരിൽ രാത്രി 12ന്​.
  • പാലക്കാട്​ നിന്നും രാത്രി ഒമ്പതിന്​ പുറപ്പെട്ട്​ കരിപ്പൂരിൽ 12.20ന്.​
  • പാലക്കാട്​ നിന്നും രാത്രി 7.40ന് പുറപ്പെട്ട്​​ കരിപ്പൂരിൽ രാത്രി 11ന്​.
Tags:    
News Summary - KSRTC starts New bus services from Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.