തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ കൊറിയർ സംവിധാനം ഹോം ഡെലിവറി സൗകര്യത്തോടെ വിപുലപ്പെടുത്തുന്നു. നിലവിൽ ഡിപ്പോകൾ കേന്ദ്രീകരിച്ച് നടത്തുന്ന പാഴ്സൽ കൈമാറ്റം വീട്ടുപടിക്കലേക്ക് എത്തിക്കുംവിധത്തിൽ വ്യാപകമാക്കും. നിലവിൽ 47 ഡിപ്പോകളിലാണ് ‘കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സ്’ ശൃംഖലയുള്ളത്. ഇത് 93 ഡിപ്പോകളിലേക്കും വ്യാപിപ്പിച്ചാണ് ഹോം ഡെലിവറിക്ക് തുടക്കമിടുക. സ്റ്റാർട്ടപ് സംരംഭങ്ങളുടെ സഹകരണത്തോടെയോ സ്വന്തം ജീവനക്കാരെ വിന്യസിച്ചോ ആകും വിതരണ ശൃംഖല ഒരുക്കുക. പാഴ്സൽ കൈമാറ്റ വിവരങ്ങൾ ഉൾക്കൊള്ളിക്കുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോം സജ്ജമാകും. ഇതിനായി, സ്റ്റാർട്ടപ്പുകൾ കെ.എസ്.ആർ.ടി.സിയെ സമീപിച്ചിട്ടുണ്ട്. പദ്ധതി ഏത് രീതിയിൽ നടപ്പാക്കണമെന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല.
സംസ്ഥാന വ്യാപകമായി സർവിസ് ശൃംഖലയുള്ള കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ച് പാഴ്സൽ കൈമാറ്റം സുഗമമാണ്. സ്വകാര്യ ഏജൻസികളെ അപേക്ഷിച്ച് വേഗത്തിലും കുറഞ്ഞ നിരക്കിലും കൊറിയർ എത്തിക്കാനാകും. കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങളെത്തിക്കാൻ കഴിയുമെന്നതാണ് പ്രധാന സവിശേഷത. ഈ സാധ്യതകൾ മുൻനിർത്തിയാണ് ഹോം ഡെലിവറിയിലേക്ക് തിരിയുന്നത്. നിലവിൽ പാഴ്സൽ അയക്കുന്നതിനും കൈപ്പറ്റുന്നതിനും ഡിപ്പോകളിലെത്തണം. 47 ഡിപ്പോകളിൽ മാത്രമുള്ള സംവിധാനമായിട്ടും പ്രതിദിനം മൂന്ന് ലക്ഷം വരെ വരുമാനമുണ്ട്.
ഓൺലൈൻ വ്യാപാരമടക്കം കൂടുതൽ സജീവമായ കാലത്ത് ഹോം ഡെലിവറി സംവിധാനം കൂടി ഏർപ്പെടുത്തുന്നത് മികച്ച വിപണി സാധ്യതയാകുമെന്നാണ് പ്രതീക്ഷ. പാഴ്സൽ ലഭ്യതക്കനുസരിച്ച് മറ്റ് കൊറിയർ സേവനദാതാക്കൾക്ക് ആശ്രയിക്കാനാകും വിധമുള്ള ക്രമീകരണങ്ങളുമുണ്ടാകും.
ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട് 2015 ജൂലൈയിൽ സ്വകാര്യ ഏജൻസിയുടെ സഹകരണത്തോടെയാണ് കെ.എസ്.ആർ.ടി.സി ആദ്യം കൊറിയർ സർവിസ് ആരംഭിച്ചത്. എന്നാൽ 2019 നവംബറിൽ ഇത് നിലച്ചു. പിന്നീട് പലവട്ടം കരാർ വിളിച്ചെങ്കിലും ആരും എത്തിയില്ല. പിന്നാലെ 2023 ജൂണിൽ സ്വന്തം നിലയ്ക്ക് സർവിസ് ആരംഭിക്കുകയായിരുന്നു. തുടക്കത്തിൽ 15000 രൂപയായിരുന്നു പ്രതിദിന വരുമാനം. ഡിപ്പോകളിലെ ഫ്രണ്ട് ഓഫിസിൽ തന്നെയാണ് നിലവിൽ കൊറിയർ സർവിസ് ക്രമീകരണങ്ങളുള്ളത്. ബംഗളൂരു, മൈസൂർ, കോയമ്പത്തൂർ, നാഗർകോവിൽ, തെങ്കാശി തുടങ്ങി കേരളത്തിന് പുറത്ത് അഞ്ചിടങ്ങളിൽ ഇപ്പോൾ പാഴ്സൽ എത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.