കോട്ടയം: വടക്കഞ്ചേരി അപകടത്തെതുടർന്ന് മോട്ടോർ വാഹനവകുപ്പ് പരിശോധന കർശനമാക്കിയതോടെ കെ.എസ്.ആർ.ടി.സി ബസുകളിൽ വേഗപ്പൂട്ട് ഘടിപ്പിക്കാൻ അധികൃതരുടെ നെട്ടോട്ടം. നിലവിൽ സർവിസ് നടത്തുന്ന 3500 ഓളം ബസുകളിൽ വളരെക്കുറച്ച് എണ്ണത്തിൽ മാത്രമാണ് വേഗപ്പൂട്ടുള്ളത്.
കോട്ടയത്ത് കൊണ്ടോടി ഓട്ടോക്രാഫ്റ്റ് എന്ന സ്ഥാപനത്തിൽ പണിതിറക്കിയ 100 ബസുകളിൽ അഴിച്ചുമാറ്റാനാവാത്തവിധം വേഗപ്പൂട്ട് ഘടിപ്പിച്ചിട്ടുണ്ട്. ഈ ബസുകളിൽ ഒരെണ്ണം തീപിടിച്ചു നശിച്ചതിനാൽ 99 എണ്ണം മാത്രമാണ് സർവിസ് നടത്തുന്നത്. ഇതിനുപുറമെ കെ -സ്വിഫ്റ്റിന്റെ പുതിയ ബസുകളിലും വേഗപ്പൂട്ടുണ്ട്. ബാക്കി ഭൂരിഭാഗം ബസുകളിൽനിന്നും ഭാരം വലിക്കാനും കയറ്റം കയറാനുമുള്ള ശേഷി കുറയുന്നുവെന്നു കാട്ടി വേഗപ്പൂട്ട് നീക്കം ചെയ്തിരിക്കയാണ്. ഇത്തരത്തിലുള്ള പല ബസുകളിലും സ്പീഡോ മീറ്റർ പ്രവർത്തിക്കാത്തതിനാൽ വേഗത മനസ്സിലാക്കാൻ ഡ്രൈവർക്കുപോലും കഴിയുന്നില്ല.
ഹൈവേകളിൽ 70 -80 കിലോമീറ്റർ വേഗത്തിൽ പോകുന്ന കാറുകളെ മറികടന്ന് ദീർഘദൂര ബസുകൾ പായുന്നത് പതിവുകാഴ്ചയാണ്. നടപടി വന്നതോടെ ഇവയിലെല്ലാം വേഗപ്പൂട്ട് ഘടിപ്പിക്കാനുള്ള നീക്കം തുടങ്ങി. ഓരോ യൂനിറ്റിനും എത്രയെണ്ണം വേണമെന്ന് അറിയിക്കണമെന്നാവശ്യപ്പെട്ട് അറ്റകുറ്റപ്പണികളുടെ ചുമതലയുള്ള എക്സിക്യൂട്ടീവ് ഡയറക്ടർ യൂനിറ്റ് മേധാവികൾക്ക് കത്തയച്ചിട്ടുണ്ട്. ഗതാഗത സെക്രട്ടറിയായ ബിജു പ്രഭാകർ കെ.എസ്.ആർ.ടി.സി സി.എം.ഡിയായി പ്രവർത്തിക്കുമ്പോൾ തന്നെയാണ് നിയമലംഘനം നടത്തി ചീറിപ്പായുന്നതെന്നതാണ് വിരോധാഭാസം.
അന്തർ സംസ്ഥാന രജിസ്ട്രേഷൻ വാഹനങ്ങൾക്ക് നികുതി
കാസർകോട്: അന്തർ സംസ്ഥാന രജിസ്ട്രേഷനിലുള്ള കേരളത്തിലെ വാഹനങ്ങള്‍ പിടിച്ചെടുത്ത് നികുതി ചുമത്തുന്നതടക്കം നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു. മോട്ടോര്‍ വാഹന വകുപ്പ് കാസര്‍കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച വാഹനീയം അദാലത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട് മാതൃകയില്‍ നാഷനല്‍ പെര്‍മിറ്റ്-ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് കേരളത്തില്‍ പ്രവേശിക്കുമ്പോള്‍ നികുതി ഈടാക്കുന്നത് കര്‍ശനമാക്കും. നികുതി കുറവുള്ള അരുണാചല്‍ പ്രദേശ്, നാഗാലാൻഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് ഇവിടെ ഓടിക്കുന്ന മലയാളികളുണ്ട്. അത്തരം വാഹനങ്ങള്‍ക്കെല്ലാം നികുതി കേരളത്തിലടപ്പിക്കാന്‍ ഇവ കണ്ടെത്തി പിടിച്ചെടുക്കാൻ നടപടി ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.