കണ്ണൂര്‍: അധ്യാപകരുടെ സംഘശക്തി വിളിച്ചോതി കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെ.എസ്.ടി.എ) സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ തുടക്കം. ഇ.കെ. നായനാര്‍ അക്കാദമിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഉദ്ഘാടനം ചെയ്തു. കേരളത്തിന് ഇനി കേന്ദ്രസര്‍ക്കാറിനെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകാന്‍ കഴിയില്ല. സംസ്ഥാനം സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി കണ്ടെത്തണം. സ്വകാര്യ സംരംഭങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയണം. സ്വകാര്യ മൂലധനം കേരളത്തിന്റെ വളര്‍ച്ചക്ക് ഉപയോഗിക്കാം. മൂന്നുലക്ഷം കോടി രൂപ കേരളത്തിന്റെ വളര്‍ച്ചക്ക് ഉപയോഗിക്കാനുള്ള ബോധപൂര്‍വമായ പദ്ധതിയാണ് സംസ്ഥാന ബജറ്റില്‍ മുന്നോട്ടുവെച്ചത്. ഇതുകേട്ടപ്പോള്‍ ചില മാധ്യമങ്ങള്‍ക്ക് തലചുറ്റലുണ്ടായി- അദ്ദേഹം പരിഹസിച്ചു.
കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഡി.സുധീഷ് അധ്യക്ഷത വഹിച്ചു. മുന്‍ എം.പി പി.കെ. ശ്രീമതി, എന്‍. ചന്ദ്രന്, വി.കെ. സനോജ്, സി. ഹരികൃഷ്ണന്, എം.എ. അജിത്ത് കുമാര്‍, പി.കെ. മുരളീധരന്, സംഘാടക സമിതി ചെയർമാന് എം.വി. ജയരാജന് തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.ടി. ശിവരാജന് സ്വാഗതം പറഞ്ഞു. നായനാര്‍ അക്കാദമിയില്‍ ഡി. സുധീഷ് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കംകുറിച്ചത്. എം.വി. ജയരാജന് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ സമ്മേളന പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി. ഒരു ലക്ഷം അംഗങ്ങളെ പ്രതിനിധാനംചെയ്ത് ആയിരം പേരാണ് ആനത്തലവട്ടം ആനന്ദന് സ്മാരക നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.