കേന്ദ്ര വഖഫ് നിയമ ഭേദഗതി എന്തുകൊണ്ട് എതിർക്കപ്പെടണം? കാരണങ്ങൾ അക്കമിട്ട് നിരത്തി കെ.ടി. ജലീൽ

രാജ്യത്ത് 9.4 ലക്ഷം ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന 8.7 ലക്ഷം വഖഫ് സ്വത്തുക്കളിൽ കണ്ണുവെച്ച് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ‘വഖഫ് ഭേദഗതി ബിൽ 2024’ ഇതിനകം തന്നെ കടുത്ത എതിർപ്പിനിടയാക്കിയിട്ടുണ്ട്. ഭരണഘടനക്കുമേലുള്ള ആക്രമണമാണ് ഈ ബിൽ എന്ന പ്രതിപക്ഷ വിമർശനത്തിനിടെ കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവാണ് ഇന്നലെ ലോക്സഭയിൽ വിവാദ ബിൽ അവതരിപ്പിച്ചത്.

വഖഫ് സ്വത്ത് നിർണയിക്കാനുള്ള അധികാരം ജില്ല കലക്ടർക്ക് നൽകുകയും കേന്ദ്ര വഖഫ് കൗൺസിലിലും വഖഫ് ബോർഡുകളിലും സംസ്ഥാന വഖഫ് ബോർഡുകളിലും അമുസ്‍ലിം പ്രതിനിധികളെ നിയമിക്കുകയും ചെയ്യുന്നതടക്കം നിരവധി വിവാദ വ്യവസ്ഥകളുള്ള പുതിയ ബിൽ എന്തുകൊണ്ട് എതിർക്കപ്പെടണമെന്ന് വിശദീകരിക്കുകയാണ് കെ.ടി. ജലീൽ എം.എൽ.എ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം:

കേന്ദ്ര വഖഫ് നിയമ ഭേദഗതി എന്തുകൊണ്ട് എതിർക്കപ്പെടണം?

1) കൽപിത വഖഫ് സ്വത്തുക്കളുടെ ഉടമസ്ഥാവകാശം വഖഫ് സ്വത്തായി മേലിൽ പരിഗണിക്കില്ല. രേഖപ്രകാരം വഖഫ് ചെയ്യപ്പെടാത്ത എന്നാൽ പതിറ്റാണ്ടുകളായി വഖഫ് സ്വത്തായി കണക്കാക്കപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഭൂമിയും സ്വത്തുവഹകളുമാണ് കൽപിത വഖഫ് സ്വത്തുക്കൾ (Deemed Waqaf or Waqaf by use) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുപ്രകാരം ആയിരക്കണക്കിന് ഏക്കർ ഭൂമിയും സ്വത്തുവഹകളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ വഖഫ് ബോർഡുകൾക്ക് കീഴിൽ ഉണ്ട്. ഇവയുടെ മേൽ വഖഫ് ബോർഡുകൾക്കുള്ള എല്ലാ അധികാരങ്ങളും കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വഖഫ് നിയമ ഭേദഗതിയോടെ ഇല്ലാതാകും. സർക്കാറുകൾക്ക് അവരുടെ ആവശ്യങ്ങൾക്കായി ഇത്തരം ഭൂമിയും കെട്ടിടങ്ങളും സ്വത്തുവഹകളും യഥേഷ്ടം ഉപയോഗപ്പെടുത്താൻ സാഹചര്യമൊരുങ്ങും. ഇത് ആത്യന്തികമായി വഖഫ് സ്വത്തുക്കളിൽ ഭീമമായ കുറച്ചിൽ വരുത്തും.

2) നിലവിൽ രാജ്യത്ത് ഒരു വഖഫ് ബോർഡേ ഉള്ളൂ. എല്ലാ മുസ്‍ലിം വിഭാഗങ്ങളിൽ നിന്നുള്ളവരുടെ പ്രതിനിധികളും അതിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ, പുതിയ ഭേദഗതിയിലൂടെ ഇന്ത്യയിൽ വഖഫ് സ്വത്തുക്കൾ രണ്ടായി വിഭജിക്കപ്പെടും. സുന്നി വഖഫ് സ്വത്തുക്കളെന്നും ഷിയാ വഖഫ് സ്വത്തുക്കളെന്നും. രണ്ടിന്റെയും ഭരണ നിർവഹണത്തിന് പ്രത്യേക വഖഫ് ബോർഡുകൾ നിലവിൽ വരും. ഐക്യത്തിൽ കഴിഞ്ഞിരുന്ന മുസ്‍ലിംകൾക്കിടയിൽ ഭിന്നിപ്പിന് പുതിയ നിയമം ഇടവരുത്തും.

3) രണ്ട് അമുസ്‍ലിം പ്രതിനിധികൾ ബോർഡിൽ ഉണ്ടാകുമെന്ന് പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.

4) വഖഫ് ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ഏത് മതവിഭാഗത്തിൽ പെടുന്ന ഉദ്യോഗസ്ഥനെയും സംസ്ഥാന സർക്കാരുകൾക്ക് നിയമിക്കാൻ പാർലമെന്റിൽ അവതരിപ്പിക്കുന്ന വഖഫ് നിയമ ഭേദഗതിയിലൂടെ അധികാരം ലഭിക്കും. നിലവിൽ വഖഫ് ബോർഡിന്റെ അനുമതിയോടെ മാത്രമേ സ്റ്റേറ്റ് ഗവൺമെന്റുകൾക്ക് സി.ഇ.ഒമാരെ നിയമിക്കാൻ സാധിക്കുമായിരുന്നുള്ളൂ. സാധാരണഗതിയിൽ മുസ്‍ലിം സമുദായത്തിൽ പെടുന്നവരെയാണ് സി.ഇ.ഒ-മാരായി നിയമിക്കാറ്. അതിന് മാറ്റം വരും.

5) സംസ്ഥാന വഖഫ് ബോർഡിലേക്ക് രണ്ട് എം.എൽ.എ മാരുടെ പ്രതിനിധികൾ ഉണ്ടായിരുന്നത് ഒന്നായി ചുരുങ്ങും. ദേവസ്വംബോർഡുകളിലേക്കുള്ള പ്രതിനിധികളെ നിയമസഭകളിലെ ഹൈന്ദവ സമുദായ അംഗങ്ങൾ തെരഞ്ഞെടുക്കും പ്രകാരം, മുസ്‍ലിം എം.എൽ.എമാർ വഖഫ് ബോർഡിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന രീതി ഭേദഗതി പാസ്സാകുന്നതോടെ അവസാനിക്കും. വഖഫ് ബോർഡിലേക്കുള്ള നിയമസഭ സാമാജികരിൽനിന്നുള്ള ഏക പ്രതിനിധിയെ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളാകും നോമിനേറ്റ് ചെയ്യുക.

6) സംസ്ഥാനത്തു നിന്ന് സ്റ്റേറ്റ് വഖഫ് ബോർഡിലേക്കുള്ള എം.പി മാരുടെ പ്രതിനിധിയെ മുസ്‍ലിം എം.പിമാർ തെരഞ്ഞെടുക്കുന്നതിന് പകരം സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന സ്ഥിതിയാകും സംജാതമാവുക.

7) വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ കൈകാര്യക്കാരിൽ നിന്ന് രണ്ടു പ്രതിനിധികളെ വോട്ടിങ്ങിലൂടെയാണ് ഇക്കാലമത്രയും ബോർഡിലേക്ക് തെരഞ്ഞെടുത്തിരുന്നത്. അവരുടെ എണ്ണം രണ്ടിൽ നിന്ന് ഒന്നാക്കി കുറച്ചു. ആ ഏകാംഗത്തെ സംസ്ഥാന സർക്കാരുകളാണ് പുതിയ നിയമം യാഥാർത്ഥ്യമാകുന്ന മുറക്ക് നാമനിർദേശം ചെയ്യുക. വഖഫ് ബോർഡുകളുടെ സ്വയംഭരണാവകാശം തകർത്ത് അതിനെ സംസ്ഥാന സർക്കാറുകളുടെ വരുതിയിലാക്കാൻ മാത്രമാണ് വിവിധ ക്വോട്ടകളിൽ നിലനിന്നിരുന്ന തെരഞ്ഞെടുപ്പ് വേണ്ടെന്നുവെച്ച് നോമിനേഷൻ സമ്പ്രദായം കൊണ്ടുവരുന്നത്. കേന്ദ്ര സർക്കാർ നീക്കത്തിലൂടെ വഖഫ് ബോർഡുകളിലെ പ്രതിപക്ഷ ശബ്ദമാണ് എന്നന്നേക്കുമായി നിലക്കുക. സ്റ്റേറ്റ് ഗവൺമെന്റുകളുടെ മെഗഫോണായി വഖഫ് ബോർഡുകളെ അധപ്പതിപ്പിക്കാനാവില്ല.

വഖഫ് ബോർഡിൽ റജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ അവരുടെ വാർഷിക വരുമാനത്തിന്റെ ഏഴ് ശതമാനമാണ് തങ്ങളുടെ വിഹിതമായി സംസ്ഥാന ബോർഡിന് കാലങ്ങളായി നൽകിയിരുന്നത്. ഇതുപയോഗിച്ചാണ് വഖഫ് ബോർഡ് ജീവനക്കാർക്ക് ശമ്പളം കൊടുത്തിരുന്നതും വിവിധ സഹായ പദ്ധതികൾ നടപ്പിലാക്കിയിരുന്നതും. ഈ വിഹിതം ഏഴിൽ നിന്ന് അഞ്ചാക്കിയാണ് ഭേദഗതിയിലൂടെ കുറച്ചിരിക്കുന്നത്. സ്വാഭാവികമായും ഈ കുറവ് വഖഫ് ബോർഡ് നടത്തുന്ന ക്ഷേമപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. കേവലം നോക്കുകുത്തിയാക്കി ബോർഡിനെ മാറ്റലാണ് ഇത്തരം കരിനിയമങ്ങളിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.

Tags:    
News Summary - KT jaleel against Waqf Amendment Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.