തിരുവനന്തപുരം: ബന്ധു നിയമന കേസിൽ മന്ത്രി കെ.ടി. ജലീലിനെതിരായ ലോകായുക്ത വിധിയുടെ നിയമസാധുത പരിശോധിക്കാൻ സർക്കാർ. പ്രതിപക്ഷം രാജിക്കായി മുറവിളി കൂട്ടിയാലും ജലീലിനെ സംരക്ഷിക്കാനാണ് സി.പി.എം തീരുമാനം. കസ്റ്റംസ് കുരുക്ക് മുറുക്കുകയാണെങ്കിലും സ്പീക്കർ പി. ശ്രീരാമകൃഷ്ണനുവേണ്ടിയും പ്രതിരോധമുയർത്തും.
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി ബന്ധു കെ.ടി. അദീബിനെ നിയമിച്ച വിഷയത്തിൽ മന്ത്രി അഴിമതി, അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം എന്നിവ നടത്തിയെന്നാണ് ലോകായുക്ത വിധി. എന്നാൽ, നേരത്തേ ഹൈകോടതിയും ഗവർണറും തള്ളിയ ആക്ഷേപത്തിൽ നിയമപരമായ പരിശോധന ആവശ്യമെന്ന അഭിപ്രായമാണ് നിയമവൃത്തങ്ങളിൽനിന്ന് സർക്കാറിന് ലഭിച്ചത്. ഇക്കാര്യത്തിൽ ലോകായുക്തക്ക് വിധി പുറപ്പെടുവിക്കാൻ അധികാരമുണ്ടോയെന്ന സംശയമാണ് സർക്കാറിന് മുന്നിലുള്ളത്. ശിപാർശ ചെയ്യാനും നിരീക്ഷണം നടത്താനും മാത്രമാണ് അധികാരമെന്നും വിധി പുറപ്പെടുവിക്കാനാകില്ലെന്നും അഭിപ്രായമുള്ളതിനാൽ കൂടുതൽ നിയമോപദേശം തേടാനാണ് നിയമവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ലോകായുക്ത പരിധി ലംഘിച്ചെന്ന അഭിപ്രായം ശനിയാഴ്ച ചേർന്ന സി.പി.എം അവൈലബിൾ സംസ്ഥാന സെക്രേട്ടറിയറ്റിലുണ്ടായി. രാജി എന്ന പ്രതിപക്ഷ ആവശ്യം തൽക്കാലം പരിഗണിേക്കണ്ടതില്ലെന്നും അഭിപ്രായമുണ്ട്.
നിയമോപദേശം ലഭിച്ചശേഷം ഭാവി നടപടി ആലോചിച്ചാൽ മതിയെന്നാണ് തീരുമാനം. ലോകായുക്ത വിധിക്കെതിരായി കെ.ടി. ജലീൽ രണ്ട് ദിവസത്തിനുള്ളിൽ മേൽകോടതിയെ സമീപിക്കുന്നുമുണ്ട്. അതിലെ വരുംവരായ്കകൾ കൂടി പരിശോധിച്ചാകും നടപടി. പി. ശ്രീരാമകൃഷ്ണനെതിരായ കസ്റ്റംസിെൻറ നടപടി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ നടപടിയുടെ ഭാഗമെന്ന വിലയിരുത്തലിൽതന്നെയാണ് സി.പി.എം. എൽ.ഡി.എഫ് സർക്കാറിനെതിരായ നീക്കത്തിെൻറ ഭാഗമായാണ് സ്പീക്കർക്കും മന്ത്രിമാർക്കും എതിരായ നീക്കമെന്നാണ് ആക്ഷേപം. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഭരണകാലാവധി പൂർത്തീകരിക്കാൻ 20 ദിവസം മാത്രം ബാക്കിനിൽക്കെ ജലീലിനെതിരായ വിധി സർക്കാറിന് തലവേദന സൃഷ്ടിക്കുന്നില്ല. വിധിയിൽ മൂന്ന് മാസത്തിനുള്ളിൽ മാത്രം തീരുമാനമെടുത്താൽ മതിയെന്ന സാവകാശവും രാഷ്ട്രീയ ആശ്വാസമാണ്. ഏറ്റവും വലിയ പരീക്ഷണമായ തെരഞ്ഞെടുപ്പ് പ്രചാരണവും വിധിയെഴുത്തും കഴിഞ്ഞിരിക്കെ ധാർമികത തൽക്കാലത്തേക്കെങ്കിലും മാറ്റിവെക്കാനാണ് സി.പി.എം തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.