കുഞ്ഞാലിക്കുട്ടിയുടെ മകന് കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെ.ടി. ജലീല്‍; ശ്രദ്ധ പിടിച്ചുപറ്റാനുള്ള ആരോപണമെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖ് സഹകരണ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചെന്ന ആരോപണവുമായി കെ.ടി. ജലീല്‍. നിയമസഭയിൽ ധനാഭ്യർഥന ചർച്ചക്കിടെയായിരുന്നു ജലീലിന്‍റെ ആരോപണം.

കുഞ്ഞാലിക്കുട്ടിയുടെ മകന് കള്ളപ്പണ നിക്ഷേപമുണ്ടെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയവരിൽ ആദ്യ പേരുകാരൻ കുഞ്ഞാലിക്കുട്ടിയുടെ മകനാണെന്നും ജലീല്‍ പറഞ്ഞു.

പാലാരിവട്ടം പാലത്തിന്‍റെ ഓഹരി മലപ്പുറത്തെത്തി. പാണക്കാട് കുടുംബത്തില്‍ പോലും ഇ.ഡി അന്വേഷിച്ചെത്തി. ഇതിന് കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം നിങ്ങള്‍ എന്‍റെ പിറകിലായിരുന്നെങ്കില്‍ ഇനി ഞാന്‍ നിങ്ങളുടെ പിറകിലുണ്ടാവുമെന്നും ജലീല്‍ പറഞ്ഞു.

എന്നാൽ, ജലീല്‍ പറയുന്നത് വാസ്തവമില്ലാത്ത കാര്യങ്ങളാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിനെ രണ്ട് പറഞ്ഞില്ലെങ്കില്‍ ജലീലിന് അഡ്രസില്ല. ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നത്.

മകന്‍റെ പേരില്‍ പത്ത് പൈസയുണ്ടെങ്കില്‍ അത് എന്‍.ആര്‍.ഐ അക്കൗണ്ട് ആണ്. പണത്തിന്‍റെ എല്ലാ രേഖകളും കയ്യിലുണ്ട്. ജലീലിന്‍റെ അടുത്ത് രേഖ കൊണ്ടുപോവേണ്ട ആവശ്യമില്ല. രേഖകള്‍ സ്പീക്കര്‍ക്ക് നല്‍കാമെന്നും ജലീലിന് നല്‍കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.  

Tags:    
News Summary - kt jaleels black money allegation against pk kunhalikkuttys son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.