തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ സർക്കാർ ശിപാർശ തള്ളി വി.സിയുടെ ചുമതല നൽകിയ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സീനിയർ ജോയന്റ് ഡയറക്ടർ ഡോ. സിസ തോമസ് ഗവർണറെ സന്ദർശിച്ച് തനിക്ക് സർവകലാശാലയിൽ നേരിട്ട പ്രതിബന്ധങ്ങൾ വിശദീകരിച്ചു.
അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഉന്നത ഉദ്യോഗസ്ഥരുടെയും ബ്രാഞ്ച് ഉദ്യോഗസ്ഥരുടെയും വിശദീകരണം വാങ്ങി റിപ്പോർട്ട് ചെയ്യണമെന്ന് ഗവർണർ ആക്ടിങ് വി.സി ഡോ. സിസക്ക് നിർദേശം നൽകി. സർവകലാശാല ഭരണസമിതി ഉൾപ്പെടെ നിസ്സഹകരിക്കുകയാണെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശം നൽകിട്ടുണ്ട്. വിദ്യാർഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ അടിയന്തരമായി ലഭ്യമാകാൻ ഉടൻ നടപടി കൈക്കൊള്ളാൻ ഗവർണർ നിർദേശിച്ചു. അതേസമയം, സർവകലാശാലക്ക് മുന്നിലുള്ള പ്രതിഷേധം കാരണം തിങ്കളാഴ്ചയും സിസ സർവകലാശാലയിൽ ഹാജരായില്ല. സർവകലാശാലയിലെ നിസ്സഹകരണത്തിനിടെ ആക്ടിങ് വി.സി തിങ്കളാഴ്ച ഓൺലൈനായി വിളിച്ച യോഗത്തിൽ പ്രോ വൈസ് ചാൻസലർ ഡോ.എസ്. അയൂബും പരീക്ഷ കൺട്രോളർ ഡോ.എസ്. ആനന്ദരശ്മിയും പങ്കെടുത്തു.
പരീക്ഷ നടത്തിപ്പും ബിരുദ സർട്ടിഫിക്കറ്റ് വിതരണം സംബന്ധിച്ചുമുള്ള പ്രശ്നങ്ങളാണ് യോഗത്തിൽ ചർച്ചയായത്. പരീക്ഷ മുടങ്ങാതെ നടത്താനുള്ള ക്രമീകരണങ്ങൾ സിൻഡിക്കേറ്റ് നടത്തിയിട്ടുണ്ടെന്ന് സർവകലാശാല അധികൃതർ ആക്ടിങ് വി.സിയെ അറിയിച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലിരുന്ന് ആക്ടിങ് വി.സി ഫയലുകൾ പരിശോധിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.