20 രൂപക്ക് ഊൺവെച്ച് ​വിളമ്പി വഴിയാധാരമായ കുടുംബശ്രീ ഹോട്ടലുകാർ ആത്മഹത്യാവക്കിൽ

മലപ്പുറം: സർക്കാറിന്റെ പ്രതിച്ഛായ കൂട്ടാൻ നാട്ടുകാർക്ക് 20 രൂപക്ക് ഊൺവെച്ച് ​വിളമ്പി വഴിയാധാരമായ കുടുംബശ്രീ ഹോട്ടലുകാർ സബ്സിഡി കുടിശ്ശിക കിട്ടാൻ ഒടുവിൽ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിലേക്ക്. ആറ് കോടി രൂപ സർക്കാർ കടം പറഞ്ഞതിനെ തുടർന്ന് പ്രതിസന്ധിയിലായ വനിതകളാണ് ബുധനാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്താൻ മലപ്പുറത്ത് നിന്ന് പുറപ്പെടുന്നത്. ഹോട്ടൽ നടത്തിപ്പിന് സാധനം വാങ്ങിയ വകയിൽ ലക്ഷക്കണക്കിന് രൂപ ബാധ്യത വന്ന് സംരംഭകരായ വനിതകൾ വലിയ പ്രതിസന്ധിയിലാണ്. പലരും കുടംബപ്രശ്നങ്ങൾ വരെ നേരിടുന്നു. പലരും ആത്മഹത്യയുടെ വക്കിലാണെന്നാണ് ഇവർ പറയുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുടിശ്ശിക ലഭിക്കാനുള്ളത് മലപ്പുറം ജില്ലയിലാണ്. 144 ഹോട്ടലുകളാണ് സർക്കാർ സബ്സിഡി പദ്ധതിയിൽ പ്രവർത്തിക്കുന്നത്. ഇതിൽ നാലെണ്ണം പ്രതിസന്ധി താങ്ങാനാവാതെ അടച്ചു പൂട്ടി.

അടച്ചുപൂട്ടിയാൽ കടക്കാർ വീട്ടിൽ വന്ന് വസൂലാക്കുമെന്നതിനാലും സർക്കാറിൽ നിന്ന് കിട്ടാനുള്ള കുടിശ്ശിക കിട്ടാതെ പോകുമെന്നും ഭയന്നാണ് പലരും പിടിച്ചു നിൽക്കുന്നത്. 20 രൂപക്ക് ഊൺ കൊടുക്കുന്ന സർക്കാർ പദ്ധതിയിലാണ് നിർധനവനിതകളുടെ സംരംഭങ്ങൾ പെട്ടത്. കോവിഡ് കാലത്ത് സാമൂഹിക അടുക്കളയിൽ ഭക്ഷണമുണ്ടാക്കി സർക്കാർ പറഞ്ഞിടത്തെല്ലാമെത്തിച്ചുകൊടുത്തവരാണിവർ.

സർക്കാർ വഴിയിൽ വെച്ച് സബ്സിഡി പിൻവലിക്കുക മാത്രമല്ല മലപ്പുറം ജില്ലയിൽ മാ​ത്രം എട്ട് കോടി രൂപ ബാധ്യതയുമാക്കി. നിരന്തര മുറവിളിക്കൊടുവിൽ രണ്ട് കോടി നൽകി. ബാക്കി ആറ് കോടി എന്ന് കിട്ടുമെന്ന് ഒരു ഉറപ്പുമില്ല. സബ്സിഡി നിർത്തിയതോടെ കച്ചവടത്തിന്റെ ഗതി മാറി. വില കൂട്ടിൽ വിൽക്കാൻ തുടങ്ങിയതോടെ കച്ചവടം പകുതിയിലേറെ കുറഞ്ഞു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാനാവാതെ നടത്തിപ്പുകാർ പ്രതിസന്ധിയലായി. സാധനം വാങ്ങിയവകയിൽ പലചരക്ക് കടകളിൽ വലിയ ബാധ്യതയും വന്നു. ഇത് തീർക്കാൻ ബാങ്കിൽ ആധാരവും സ്വർണവും പണയം വെച്ച് വായ്പ വാങ്ങി കടത്തിൻമേൽ കടം കയറിയ അവസ്ഥയിലായി.

കുടിശ്ശിക കിട്ടിയാൽ തിരിച്ചെടുക്കാമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നിട്ടും സർക്കാർ കനിഞ്ഞില്ല. ഓരോ ഹോട്ടലിലും ശരാശരി ഏഴോളം ​വനിതകൾ ജോലിക്കാരായി മാത്രമുണ്ട്. ആയിരത്തിലധികം പാവപ്പെട്ട വനിതകൾക്കാണ് ഇത്തരം ഹോട്ടലുകളിൽ ജോലി നൽകിയത്. സർക്കാർ സബ്സിഡി പിൻവലിച്ച് ഊണിന് വില കൂട്ടി വിൽക്കാൻ നിർബന്ധിതരായതോടെ കച്ചവടം പകുതിയിലേറെ കുറഞ്ഞു.

വൈകുന്നേരം ജോലി കഴിഞ്ഞുപോവുമ്പോൾ കൂലി കൊടുക്കാൻ കാശില്ലാത്ത അവസ്ഥ. ഹോട്ടൽ നില നിർത്തൽ അത്യാവശ്യമായതിനാൽ ഉള്ള പൈസക്ക് സാധനം വാങ്ങണം. സർക്കാർ കുടിശ്ശിക കിട്ടിയാൽ കൂലി തരാമെന്ന് പറഞ്ഞ്ജോലിക്കാർക്ക് കടമാക്കി-സമരസമിതി ഭാരവാഹികളായ ലക്ഷ്മി പറമ്പൻ പറഞ്ഞു. താങ്ങാവുന്നതിലേറെ മാനസിക പ്രതിസന്ധിയാണ് സർക്കാർ തങ്ങൾക്ക് നൽകുന്നതെന്ന് സമരസമിതിക്കാർ പറഞ്ഞു. എന്നാൽ സർക്കാറിന്റെ ധൂർത്തിനൊന്നും ഒരു കുറവുമില്ലല്ലോ എന്ന് ഇവർ ചോദിക്കുന്നു. വാർത്താസമ്മേളനത്തിൽ സി.എച്ച് സൈനബ, എം.മൈമൂന, എം. പാത്തുമ്മക്കുട്ടി, പി. സുഹറ എന്നിവർ പ​​​​ങ്കെടുത്തു.

Tags:    
News Summary - Kudumbashree hoteliers who have a habit of serving food for 20 rupees are on the verge of suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.