കാസർകോട്: ജില്ലയിലെ പാലിയേറ്റിവ് രോഗികള്‍ക്ക് ആശ്വാസമാകാന്‍ കുടുംബശ്രീ ജില്ല മിഷന്റെ തനത് പദ്ധതിയൊരുങ്ങുന്നു. നിങ്ങളുടെ സുഹൃത്ത് ഊർജസ്വലതയോടെ ജീവിക്കട്ടെ എന്ന ആശയവുമായി പാലിയേറ്റിവ് രോഗികള്‍ക്ക് ഒരുക്കിയ പദ്ധതിയാണ് പാല് ലിവ് ആക്ടീവ്. പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും കടല്‍ കാണാനും മാനസികോല്ലാസം നല്‍കാനും പദ്ധതിയിലൂടെ അവസരമൊരുക്കും.
ജില്ലയിലെ വീല്‍ചെയറിലായ പാലിയേറ്റിവ് രോഗികള്‍ക്ക് സി.ഡി.എസ് മെംബര്‍മാരുടെ നേതൃത്വത്തില്‍ കുടുംബത്തോടൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാണാനും ഉല്ലാസയാത്ര നടത്താനും സാധിക്കും.
സഹജീവി സ്നേഹത്തിന് കരുതലൊരുക്കുകയാണ് കുടുംബശ്രീ. കഷ്ടതയനുഭവിക്കുന്ന പാലിയേറ്റിവ് രോഗികള്‍ക്കായി, ഇത്തവണ വിഷുവിന് വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ ഒരു വസ്ത്രം കൂടി അധികമായി വാങ്ങാം. ഓരോ സി.ഡി.എസിലും പ്രത്യേകം സ്ഥാപിച്ച പെട്ടികളില്‍ വസ്ത്രങ്ങള്‍ ശേഖരിക്കും. ശേഖരിച്ചവ രോഗികള്‍ക്ക് വിതരണം ചെയ്യും. ജില്ലയിലെ അയല്ട്ടക്കൂട്ടങ്ങള് വഴി റൈസ് ബാങ്കിലൂടെ അരി ശേഖരിക്കും.
ഓരോ അയല്‍ക്കൂട്ടവും ശേഖരിച്ച അരി സി.ഡി.എസ് മുഖേന അര്‍ഹതപ്പെട്ട പാലിയേറ്റിവ് രോഗികളുടെ വീടുകളിലേക്കെത്തിക്കും. ഡ്രസ് ബാങ്ക്, റൈസ് ബാങ്ക് എന്നിവയിലൂടെ സ്നേഹാശ്വാസമാകുക എന്നതാണ് കുടുംബശ്രീ ജില്ല മിഷന് ലക്ഷ്യം.
പാലിയേറ്റിവ് രംഗത്ത് കുടുംബശ്രീ വലിയ ഇടപെടലുകളാണ് നടത്തുന്നതെന്നും കിടപ്പുരോഗികളുടെയും നിരാലംബരുടെയും സംരക്ഷണവും ശാക്തീകരണവുമാണ് ലക്ഷ്യംവെക്കുന്നതെന്നും ജില്ല മിഷന് കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.