പുനലൂർ: നഗരസഭയിൽ കായിക മന്ത്രി വി. അബ്ദുറഹ്മാൻ പങ്കെടുത്ത പരിപാടിയിൽനിന്ന് വിട്ടുനിന്ന കുടുംബശ്രീ അംഗങ്ങൾക്ക് 100 രൂപ വീതം പിഴ. ബുധനാഴ്ച നടന്ന നഗരസഭ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനത്തിലും സാംസ്കാരിക ഘോഷയാത്രയിലും പങ്കെടുക്കാത്തവർക്കാണ് പിഴയിട്ടത്.
കായിക മന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാനായി എല്ലാ അയൽക്കൂട്ടങ്ങളെയും തൊളിക്കോട് വാർഡ് സി.ഡി.എസ് വൈസ് ചെയർപേഴ്സൺ അറിയിച്ചിരുന്നു. എന്നാൽ, പങ്കെടുക്കുമെന്ന് ഏറ്റവർപോലും എത്തിയില്ല. ഇത് ആവർത്തിക്കാതിരിക്കാനാണ് പിഴ ചുമത്തി സി.ഡി.എസ് ചെയർപേഴ്സൺ ശബ്ദ സന്ദേശം അയച്ചത്.
ഈ സന്ദേശം ചോർന്ന് വിവാദമായതോടെ പിഴ പിൻവലിച്ച് വൈസ് ചെയർപേഴ്സൺ തലയൂരി. നഗരസഭയിലെ 35 വാർഡുകളിൽ 431അയൽക്കൂട്ടവും എണ്ണായിരത്തോളം അംഗങ്ങളുമുണ്ട്.
മന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ എത്തിയില്ലെങ്കിൽ പിഴ ഈടാക്കുമെന്ന ഭീഷണി ഇതാദ്യമല്ല. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പഴകുറ്റി പാലം ഉദ്ഘാടന സമയത്തും സമാനമായ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുക്കുന്ന ചടങ്ങിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴ ഈടാക്കുമെന്ന് പഞ്ചായത്ത് അംഗം കുടുംബശ്രീ അംഗങ്ങളുടെ വാട്സആപ് ഗ്രൂപ്പിൽ പങ്കുവെച്ച ശബ്ദസന്ദേശമാണ് അന്ന് പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.