കോട്ടയം: സ്ത്രീശാക്തീകരണത്തിന്റെ കേരള മാതൃകയായ കുടുംബശ്രീയുടെ ചരിത്രം രേഖപ്പെടുത്തുന്ന ‘രചന’ അവസാനഘട്ടത്തിൽ. 25ാം വാർഷിക ഭാഗമായാണ് കുടുംബശ്രീ കടന്നുവന്ന വഴികൾ രേഖപ്പെടുത്തുന്നത്. സി.ഡി.എസുകൾക്കാണ് ചരിത്രരചനയുടെ ചുമതല. സി.ഡി.എസുകൾക്ക് കൃത്യമായ മാതൃകകൾ നൽകിയിട്ടുണ്ട്. ഇതനുസരിച്ചാണ് വിവരശേഖരണം നടത്തുന്നത്.
പദ്ധതിയുടെ ഭാഗമായി ജില്ലയിൽ അഞ്ച് റിസോഴ്സ്പേഴ്സൻമാർക്ക് സംസ്ഥാനതലത്തിൽ പരിശീലനം നൽകിയിരുന്നു. ഇവർ എല്ലാ സി.ഡി.എസ് റിസോഴ്സ്പേഴ്സൻമാർക്കും പരിശീലനം നൽകി. തുടർന്ന് ബ്ലോക്കുതലത്തിൽ ശിൽപശാലയും സംഘടിപ്പിച്ചു.
റിട്ട. അധ്യാപകർ, റിസർച് സ്കോളർമാർ തുടങ്ങിയവർ ഉൾപ്പെട്ട അക്കാദമിക് കമ്മിറ്റികളാണ് രചനയുടെ മേൽനോട്ടം വഹിക്കുക. ജില്ലയിൽ 71 പഞ്ചായത്തിലും ആറു മുനിസിപ്പാലിറ്റിയിലുമായി 78 സി.ഡി.എസുകളാണുള്ളത്. കോട്ടയം മുനിസിപ്പാലിറ്റിയിൽ മാത്രം സൗത്ത്, നോർത്ത് എന്നിങ്ങനെ രണ്ട് സി.ഡി.എസുണ്ട്. ത്രിതല സംഘടന സംവിധാനത്തിലാണ് കുടുംബശ്രീയുടെ പ്രവർത്തനം.
കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റിയാണ് മേൽഘടകം. തൊട്ടുതാഴെ ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി. അയൽക്കൂട്ടമാണ് അടിസ്ഥാനഘടകം. കാല്‍നൂറ്റാണ്ട് മുമ്പുള്ള കേരളത്തിലെ കുടുംബസാമൂഹിക പശ്ചാത്തലവും അവിടെ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതവും എപ്രകാരമായിരുന്നെന്നും കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും വികാസവും എങ്ങനെയെന്ന് ‘രചന’യിലൂടെ രേഖപ്പെടുത്തും.
കുടുംബശ്രീയിലൂടെ 25 വര്‍ഷം കൊണ്ട് കേരളീയ സ്ത്രീസമൂഹം കൈവരിച്ച മുന്നേറ്റങ്ങളുടെ ചരിത്രമായിരിക്കും ഇത്. ഇതിലൂടെ സംസ്ഥാനത്തെ ഓരോ സി.ഡി.എസിന്റെയും 25 വര്‍ഷത്തെ ചരിത്രം ലഭ്യമാകും. പ്രതിസന്ധികളെ അതിജീവിച്ച് സ്ത്രീകള്‍ കൈവരിച്ച സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ച, ഭൗതികജീവിത സാഹചര്യങ്ങളുടെ പുരോഗതി, അടുക്കളയുടെ നാലു ചുവരുകള്‍ക്കുള്ളില്‍നിന്ന് പ്രാദേശിക സര്‍ക്കാറുകളുടെ ഭരണയന്ത്രം തിരിക്കുന്ന അധികാരക്കസേരയിലേക്ക് വരെ എത്തിയ യാത്ര എന്നിവ ചരിത്ര രചനയില്‍ ഇടം നേടും.
ഫെബ്രുവരി ആദ്യവാരത്തോടെ കരട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. രചനകൾ ഉൾക്കൊള്ളിച്ച് ലിറ്ററേച്ചർ ഫെസ്റ്റ് നടത്തും. ആ ചടങ്ങിൽ രചന ഒന്നിച്ച് പ്രകാശനം ചെയ്യും.
കോട്ടയം: ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിന് പ്രത്യേക ക്ഷണിതാവായി കുടുംബശ്രീ പ്രതിനിധിയും. കൂട്ടിക്കൽ കുടുംബശ്രീ സി.ഡി.എസിനു കീഴിലെ പ്ലാപ്പള്ളി എ.ഡി.എസിലെ (വാർഡിലെ) ദർശന അയൽക്കൂട്ട അംഗമായ താര കുശനാണ് ജില്ലയിൽനിന്ന് പങ്കെടുക്കുന്നത്.
10 കുടുംബശ്രീ അംഗങ്ങളെയാണ് കേരളത്തിൽനിന്ന് തെരഞ്ഞെടുത്തിട്ടുള്ളത്. കോട്ടയത്തിനു പുറമെ എറണാകുളം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, വയനാട്, കാസർകോട്, ആലപ്പുഴ എന്നിവിടങ്ങളിൽനിന്നാണ് പ്രതിനിധികൾ പങ്കെടുക്കുന്നത്. മോഡൽ സി.ഡി.എസിലെ മെംബറും എ ഗ്രേഡ് അയൽക്കൂട്ട അംഗവും മികച്ച കർഷകയും കൂടിയാണ് താര.
അയൽക്കൂട്ട ഓഡിറ്റിങ്ങിൽ എ ഗ്രേഡ് കരസ്ഥമാക്കിയത്, ഒരു ലക്ഷം രൂപക്ക് മുകളിൽ വായ്പയെടുത്ത് കൃത്യം തിരിച്ചടവ് നടപ്പാക്കുന്നു, ലക്പടി എന്റർപ്രണർ എന്നീ മാനദണ്ഡങ്ങൾ പ്രകാരമാണ് താരയെ തെരഞ്ഞെടുത്തത്. ചൊവ്വാഴ്ച ഇവർ ഡൽഹിയിലേക്കു യാത്ര തിരിക്കും. 24, 25, 26 തീയതികളിലാണ് ഡൽഹി സന്ദർശനത്തിന് അവസരം ലഭിച്ചിട്ടുള്ളത്. ഭർത്താവ് കുശനും ക്ഷണമുണ്ടെങ്കിലും സുഖമില്ലാത്തതിനാൽ ഇദ്ദേഹം കൂടെ പോകുന്നില്ല. വിദ്യാർഥികളായ സാന്ദ്രമോളും സജിത്മോനുമാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.