കൊച്ചി: കണ്ണൂരിൽ ജനിച്ചുവളർന്ന് 18ാം വയസ്സിൽ വിവാഹിതയായി എറണാകുളത്തെത്തിയതാണ് ഷീബ വിശ്വനാഥ്. വിവാഹത്തിനുമുമ്പ് തൊട്ടാവാടിയായിരുന്ന, ഒന്ന് റോഡ് മുറിച്ചുകടക്കാ ൻ പോലും പേടിച്ചിരുന്ന, ഒറ്റമകളായതുകൊണ്ട് ഏറെ ലാളിച്ചുവളർത്തിയ പ്രകൃതം. അമ്മ ആത്മ ഹത്യ ചെയ്തതോടെ 20ാം വയസ്സിൽ ജീവിതം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയപ്പോഴാണ് കച്ചിത്തുരുമ്പുപോലെ കുടുംബശ്രീ അയൽക്കൂട്ടം രൂപവത്കരിക്കുന്ന വാർത്ത ഷീബ അറിയുന്നത്. അങ്ങനെ പൗർണമിയെന്ന അയൽക്കൂട്ടത്തിൽ ചേർന്നത് ജീവിതം മാറ്റിമറിച്ചു.
സി.ഡി.എസ് അംഗം മുതൽ കൺവീനറും ചെയർപേഴ്സനും സംരംഭകയുമെല്ലാമായി ഇന്നവർ സ്ത്രീശാക്തീകരണത്തിെൻറ പുത്തൻ ചുവടുകൾ വെച്ച് മുന്നേറിക്കൊണ്ടിരിക്കുന്നു. കുടുംബശ്രീയിലൂടെ സ്വയംതൊഴിലും ജീവിത മികവും നേടിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് വനിതകളുടെ അനുഭവങ്ങളിലൊന്നു മാത്രമാണിത്. ഈ അനുഭവങ്ങളാണ് കുടുംബശ്രീ പുറത്തിറക്കിയ ഓർമപുസ്തകങ്ങളിൽ നിറയുന്നത്. 1998ൽ ആരംഭിച്ച കുടുംബശ്രീക്ക് 2018ൽ 20 വയസ്സ് പൂർത്തിയാവുന്ന വേളയിലാണ് അംഗങ്ങളുടെ ഓർമകൾ മറ്റുള്ളവരിലേക്കെത്തിക്കുന്നതിന് ഓർമപുസ്തകം എന്ന സംരംഭം തുടങ്ങിയത്.
ഇതിന് ആ വർഷം ജില്ലതലങ്ങളിൽ എഴുത്തുശിൽപശാലകൾ സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുത്ത അഞ്ഞൂറോളം കുടുംബശ്രീ പ്രവർത്തകരുടെ അനുഭവക്കുറിപ്പുകളിൽനിന്ന് തെരഞ്ഞെടുത്തവയാണ് 14 പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചത്. ഓരോ ജില്ലയുടെയും പുസ്തകം വെവ്വേറെ ഒരുക്കിയിരിക്കുന്നു. ജീവിതത്തിെൻറ ഏറ്റവും പിന്നാക്കാവസ്ഥയിൽനിന്ന് കുടുംബശ്രീ കൂട്ടങ്ങളിലൂടെ എങ്ങനെ ഉയർന്നുവരാമെന്നും സ്വയംപര്യാപ്തത കൈവരിക്കാമെന്നും മറ്റുമുള്ള പാഠങ്ങളാണ് ഈ വീട്ടമ്മമാരുടെ അനുഭവങ്ങൾ പകർന്നുതരുന്നത്.
തുടക്കകാലത്ത് കുടുംബശ്രീക്കിറങ്ങുമ്പോൾ സമൂഹത്തിൽനിന്നുയർന്ന എതിർപ്പുകളുടെയും അടക്കിയ നോട്ടങ്ങളുടെയും അശ്ലീല വർത്തമാനങ്ങളുടെയും കയ്പ്പുകൂടി ചില കുറിപ്പുകളിൽ രുചിക്കുന്നുണ്ട്. കുടുംബശ്രീയുടെയും ഇതിലെ ആയിരക്കണക്കിന് അംഗങ്ങളുടെയും വളർച്ചയും ത്യാഗവുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും ഓരോ അക്ഷരവും മറ്റുള്ളവർക്ക് പ്രചോദനമാവുമെന്നും കുടുംബശ്രീ അധികൃതർ പ്രതീക്ഷിക്കുന്നു. http://www.kudumbashree.org/pages/159#kudumbashree-publication-tab-11 എന്ന ലിങ്കിൽ പുസ്തകങ്ങൾ വായിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.