കോഴിക്കോട്: കോര്‍പറേഷനിലെ കുടുംബശ്രീയുടെ ഡ്രസ് ബാങ്ക് പദ്ധതി വിപുലീകരിക്കുന്നു. നിലവില്‍ കോര്‍പറേഷന്‍ പരിധിയില്‍മാത്രം ഒതുങ്ങിയിരുന്ന പദ്ധതിയാണിപ്പോള്‍ ജില്ലക്ക് പുറത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നത്. ഓണം, ക്രിസ്മസ്, പെരുന്നാള്‍ തുടങ്ങിയ വിശേഷ അവസരങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പുതിയ വസ്ത്രങ്ങള്‍ ശേഖരിച്ച് നഗരത്തിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നല്‍കിവന്നിരുന്ന പദ്ധതിയാണ് ഡ്രസ് ബാങ്ക്. രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ച ഈ പദ്ധതിയാണിപ്പോള്‍ പുതിയ രൂപം പ്രാപിക്കുന്നത്. പുതിയ വസ്ത്രങ്ങള്‍ എന്നതില്‍നിന്നു മാറി ഉപയോഗിക്കാതെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരിക്കുന്ന നല്ല വസ്ത്രങ്ങള്‍ ജനങ്ങള്‍ക്ക് പദ്ധതിയിലേക്ക് കൈമാറാം.
ഈ മാസം മുതല്‍ മൂന്നുതരത്തില്‍ വസ്ത്രങ്ങള്‍ ശേഖരിച്ച് ആവശ്യമുള്ളവര്‍ക്ക് കൈമാറുന്ന പദ്ധതിക്കാണ് കോര്‍പറേഷനിലെ കുടുംബശ്രീ രൂപം നല്‍കുന്നത്. കോര്‍പറേഷനിലെ അതാത് വാര്‍ഡുകളിലെ സന്നദ്ധപ്രവര്‍ത്തകര്‍, സേവനസംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ ആളുകള്‍ ഉപയോഗിക്കുകയും എന്നാല്‍, പഴയതല്ലാത്തതുമായ വസ്ത്രങ്ങള്‍ ശേഖരിക്കും. ഇവ പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്കും തെരുവോരത്ത് കഴിയുന്നവര്‍ക്കും കൈമാറും. വസ്ത്രമേഖലയിലുണ്ടാകുന്ന അടിക്കടിയുള്ള ഫാഷന്‍ മാറ്റം മൂലം ആളുകള്‍ ഉപയോഗിക്കാതെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ പദ്ധതിക്ക് ഗുണമാകും. നിറം മങ്ങാത്ത ഇത്തരം വസ്ത്രങ്ങള്‍ കഴുകി ഇസ്തിരിയിട്ട് ഓരോ വാര്‍ഡിലും ചുമതലപ്പെടുത്തിയ കേന്ദ്രങ്ങളില്‍ ഏല്‍പിക്കണം. ഇവയാണ് വിതരണം ചെയ്യുക.
ബാക്കിവരുന്നവ മറ്റു സംസ്ഥാനങ്ങളിലെ സന്നദ്ധസംഘടനകള്‍ക്ക് കൈമാറും. നിലവില്‍ സന്നദ്ധസംഘടനകള്‍ വസ്ത്രങ്ങള്‍ ശേഖരിച്ച് നല്‍കുന്നുണ്ട്. ഇവരുടെകൂടി സഹായത്തോടെയാകും ഡ്രസ് ബാങ്ക് പദ്ധതി വിപുലീകരിക്കുന്നത്. ഇതിനു പുറമേ അര്‍ബുദ രോഗികള്‍ക്കും മറ്റു രോഗികള്‍ക്കും സഹായമത്തെിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വസ്ത്രങ്ങള്‍ കൈമാറും. കഴിഞ്ഞ ദിവസം 2500ത്തോളം വസ്ത്രങ്ങള്‍ സന്നദ്ധപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് നടത്തുന്ന ചാരിറ്റി ഷോപ്പിലേക്ക് കുടുംബശ്രീക്ക് നല്‍കിയിട്ടുണ്ട്. ചാരിറ്റി ഷോപ്പിന് സമാനമായി വസ്ത്രങ്ങള്‍ നല്‍കാന്‍ കുടുംബശ്രീക്ക് പദ്ധതിയുണ്ടെന്ന് കോര്‍പറേഷന്‍ കുടുംബശ്രീ പ്രൊജക്ട് ഓഫിസര്‍ എം.വി. റംസി ഇസ്മായില്‍ പറഞ്ഞു. വസ്ത്രവ്യാപാര സ്ഥാപനങ്ങളുടെ സഹകരണം തേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.