കുഫോസ് വി.സി നിയമന വിവാദം: ഗവർണർക്കും തെറ്റുപറ്റിയെന്ന് ഹൈക്കോടതി

കൊച്ചി: കുഫോസ് വി.സി നിയമനം റദ്ദാക്കിയ ഹൈകോടതി ഉത്തരവിൽ ഗവർണർക്കും വിമർശനം. കുഫോസ് വി.സി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സർക്കാർ ജീവനക്കാരനല്ലാത്ത ഡോക്ടർ വി.കെ. രാമചന്ദ്രനെയാണ് സെർച്ച് കമ്മിറ്റി ചെയർമാനാക്കിയത്. സെർച്ച് കമ്മിറ്റിയുടെ ഉദ്ദേശ്യം ഡോക്ടർ റിജു ജോണിനെ വിസിയാക്കുക മാത്രമായിരുന്നു. യു.ജി.സി പ്രതിനിധി ഇല്ലാത്ത സെലക്ഷൻ കമ്മിറ്റിയുടെ ശിപാർശ അംഗീകരിച്ച ഗവർണറുടെ നടപടി തെറ്റാണെന്നും കുഫോസ് വി.സി നിയമനം റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലുണ്ട്.

സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് കുഫോസ് വി.സിയുടെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്. 2018 ലെ യു.ജി.സി റെഗുലേഷൻ പാലിക്കാതെയാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത്. സെർച്ച് കമ്മിറ്റിയിലുള്ള അംഗങ്ങളെ നിയമിച്ചത് പോലും രാഷ്ട്രീയപരമായിട്ടാണെന്നാണ് ഹൈക്കോടതി ഉത്തരവിലൂടെ പരാമർശിക്കുന്നത്.

സെർച്ച് കമ്മിറ്റിയിലുള്ള ഏഴ് അംഗങ്ങളെയും നിയമിച്ചത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നാണ് ചീഫ് ജസ്റ്റിസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞുവെക്കുന്നത്. ഡോക്ടർ റിജി ജോണിന്റെ യോഗ്യത സംബന്ധിച്ച ചില തർക്കങ്ങൾ ഹരജിക്കാർ ഉന്നയിച്ചിരുന്നു. അദ്ദേഹത്തിന് പത്ത് വർഷത്തെ അധ്യാപന പരിചയമുണ്ടെന്നാണ് ഹൈക്കോടതി ഉത്തരവിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. യു.ജി.സിയുടെ പ്രതിനിധിയില്ലാത്ത സെർച്ച് കമ്മിറ്റി ശിപാർശ ചെയ്ത പേര് ഗവർണർ അംഗീകരിച്ചത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടുകയാണ് കോടതി.

ഡോ. കെ. റിജി ജോണിന്‍റെ നിയമനം ഹൈകോടതി റദ്ദാക്കി

കൊച്ചി: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) വൈസ് ചാൻസലർ ഡോ. കെ. റിജി ജോണിന്‍റെ നിയമനം ഹൈകോടതിയും റദ്ദാക്കി. നിയമനം യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി.

സെലക്ഷൻ കമ്മിറ്റി രൂപവത്കരണം, ഡോ. റിജി ജോണിന്റെ പേര് മാത്രം ശിപാർശ ചെയ്ത നടപടി, ഇത് പരിഗണിച്ച് ചാൻസലർ നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത് എന്നിവ യു.ജി.സി മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നുവെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നടപടികളെല്ലാം റദ്ദാക്കിയ കോടതി യു.ജി.സി മാനദണ്ഡപ്രകാരം പുതിയ സെലക്ഷൻ കമ്മിറ്റി എത്രയും വേഗം രൂപവത്കരിക്കാൻ ചാൻസലറോട് നിർദേശിച്ചു.

യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയിലാണ് എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം.എസിന്റെ നിയമനം സുപ്രീം കോടതി ഒക്ടോബറിൽ റദ്ദാക്കിയത്. സർക്കാർ-ഗവർണർ പോരിലെ പ്രധാന പ്രശ്നങ്ങളിലൊന്നായ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ സ്വീകരിച്ച നിലപാടിന് കരുത്തുപകരുന്നതാണ് ഹൈകോടതി നടപടി.

സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതിന് ഉത്തരവ് 10 ദിവസത്തേക്ക് താൽക്കാലികമായി സ്റ്റേ ചെയ്യണം എന്ന ആവശ്യം റിജി ജോണിന്റെ അഭിഭാഷകൻ ഉന്നയിച്ചെങ്കിലും കോടതി അനുവദിച്ചില്ല. എറണാകുളം കടവന്ത്ര സ്വദേശി ഡോ. കെ.കെ. വിജയൻ, ഡോ. സദാശിവൻ എന്നിവരാണ് റിജി ജോണിനെ വൈസ് ചാൻസലറായി നിയമിച്ചതിനെതിരെ കോടതിയെ സമീപിച്ചത്. 2021 ജനുവരി 23നാണ് ഡോ. റിജി ജോണിനെ ഫിഷറീസ് സർവകലാശാല വി.സിയായി നിയമിച്ച് ഗവർണർ ഉത്തരവിറക്കിയത്.

നിയമനത്തിനുള്ള സെർച് കമ്മിറ്റി രൂപവത്കരിച്ചത് 2018ൽ നിലവിൽ വന്ന യു.ജി.സി മാനദണ്ഡപ്രകാരമല്ലെന്നും ഒരാളുടെ പേര് മാത്രം ശിപാർശ ചെയ്തത് തെറ്റാണെന്നും സെർച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി ഉണ്ടായിരുന്നില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. കാർഷിക വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റിലുള്ളതായതിനാൽ ഈ വിഷയത്തിൽ നിയമനിർമാണം നടത്താൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും അതിനാൽ യു.ജി.സി മാനദണ്ഡങ്ങൾ ബാധകമല്ലെന്നുമായിരുന്നു സർക്കാറിന്റെ വാദം. എന്നാൽ, വൈസ് ചാൻസലർ നിയമനമടക്കമുള്ള കാര്യങ്ങളിൽ യു.ജി.സി ചട്ടങ്ങൾ മറികടക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവും ഡിവിഷൻ ബെഞ്ച് കണക്കിലെടുത്തു.



Tags:    
News Summary - Kufos VC appointment controversy: High Court said that the governor also made a mistake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.