ഹാഥറസിൽ ബലാത്സംഗം നടന്നിട്ടില്ലെന്ന് കുമ്മനം; മൃതദേഹം ദഹിപ്പിച്ചത് അച്ഛന്‍റെയും സഹോദരന്‍റെയും സാന്നിധ്യത്തിൽ

കോഴിക്കോട്: ഹാഥറസിലെ പെൺകുട്ടിയുടെ മരണം രാഷ്ട്രീയ മുതലെടുപ്പിനുള്ള പ്രചാരണായുധമാക്കി മാറ്റുന്ന കോൺഗ്രസും സി.പി.എമ്മും പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷനും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ. ഹാഥ്റസിൽ ബലാത്സംഗം നടന്നിട്ടില്ലെന്നും പെൺകുട്ടിയുടെ നാവ് അരിഞ്ഞിട്ടില്ലെന്നും മൃതദേഹം ദഹിപ്പിച്ചത് അച്ഛന്‍റെയും സഹോദരന്‍റെയും സാന്നിധ്യത്തിലാണെന്നും കുമ്മനം ഫേസ്ബുക് കുറിപ്പിൽ അവകാശപ്പെട്ടു. ഈ വസ്തുതകൾ പുറത്തുവന്നതോടെ യോഗിക്കെതിരെ പ്രചണ്ഡ പ്രചാരണം നടത്തിയവർ ഓരോന്നായി മുങ്ങിത്തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലും കേരളത്തിലും നടക്കുന്ന ദലിത് പീഡനങ്ങളുടെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ തമസ്ക്കരിക്കുകയും മോദി സർക്കാറിനെ ചെളിവാരി എറിഞ്ഞ് വികൃതമാക്കുകയുമാണ് കോൺഗ്രസിന്‍റെയും സി.പി.എമ്മിന്‍റെയും ലക്ഷ്യം.

ഹാഥറസിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവമുണ്ടായ ഉടൻ ഒരു ഭരണകർത്താവ് ന്യായമായും ശക്തമായും സ്വീകരിക്കേണ്ട എല്ലാ നടപടികളും യോഗി ആദിത്യനാഥ് സ്വീകരിച്ചു. ഏത് സംസ്ഥാനത്താണ് സ്ത്രീ പീഡനകേസിൽ ഇത്ര കർക്കശവും ഫലപ്രദവുമായ നടപടികൾ സ്വീകരിച്ചിട്ടുള്ളത്? എന്നിട്ടും രാഹുലിന്‍റേയും യെച്ചൂരിയുടേയും മുറുമുറുപ്പ് മാറിയിട്ടില്ല.

വാളയാറിൽ പീഡിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കിയ രണ്ട് ദലിത് പെൺകുട്ടികളുടെ വീട്ടിലേക്ക് രാഹുലോ പ്രിയങ്കയോ തരൂരോ പോയോ എന്നും കുമ്മനം ചോദിച്ചു.

കുമ്മനം രാജശേഖരന്‍റെ ഫേസ്ബുക് കുറിപ്പ് വായിക്കാം...

ഹാഥ്റസിലെ പെൺകുട്ടിയുടെ മരണം രാഷ്ട്രീയ മുതലെടുപ്പിനുള്ള പ്രചരണായുധമാക്കി മാറ്റുന്ന കോൺഗ്രസും സിപിഎമ്മും പച്ചക്കള്ളം പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

രാജസ്ഥാനിലും കേരളത്തിലും നടക്കുന്ന ബീഭത്സവും പൈശാചികവുമായ ദളിത് പീഡനങ്ങളുടെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ തമസ്ക്കരിക്കുകയും മോദി സർക്കാരിനെ ചെളിവാരി എറിഞ്ഞ് വികൃതമാക്കുകയുമാണ് ഇക്കൂട്ടരുടെ ലക്ഷ്യം.

യാഥാർഥ്യങ്ങൾ ഓരോന്നായി പുറത്ത് വന്നതോടെ വീണിടത്ത് കിടന്ന് ഉരുളുകയാണ് രാഹുൽ ഗാന്ധിയും യച്ചൂരിയും. ബീഹാറിൽ കോൺഗ്രസ്സിന്റെ പക്കൽ നിന്നും 4 സീറ്റ് ഇരന്നുവാങ്ങി മഹാസഖ്യത്തിൽ ഉറച്ചുനിൽക്കുന്ന സിപീഎമ്മിന് രാഹുലിനോടുള്ള നന്ദി അതിരറ്റതാണ്. ബീഹാറിലെ കോൺഗ്രസ് - സിപിഎം സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ തെജസ്വി യാദവ് ‌ ഒരു സംസ്‌ഥാന ദളിത് നേതാവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ് എന്ന സത്യം രാഹുൽ ഗാന്ധി എന്ത് കൊണ്ട് മറച്ചുവെക്കുന്നു ? ആ ദളിത് നേതാവിന്റെ വീട്ടിലേക്ക് ഓടി ചെല്ലാനുള്ള ദളിത് സ്നേഹമോ പ്രതിബദ്ധതയോ രാഹുലിന് ഇല്ലാതെ പോയി.. കഷ്ടം ! ബീഹാർ സഖ്യത്തിൽ
കോൺഗ്രസിനോടുള്ള കടപ്പാട് കാർഷിക നിയമത്തിനെതിരെയുള്ള സമരത്തിലും ഹാഥ്റസിലും സിപിഎം തുറന്നു കാട്ടുന്നുണ്ട്.

ഹാഥ്റസിൽ ബലാൽസംഗം നടന്നിട്ടില്ലെന്നും പെൺകുട്ടിയുടെ നാവ് അരിഞ്ഞിട്ടില്ലെന്നും മൃതദേഹം ദഹിപ്പിച്ചത് അച്ഛന്റെയും സഹോദരന്റെയും സാന്നിധ്യത്തിലാണെന്നും മറ്റുമുള്ള വസ്തുതകൾ പുറത്തുവന്നതോടെ യോഗിക്കെതിരെ പ്രചണ്ഡ പ്രചരണം നടത്തിയവർ ഓരോന്നായി ഇപ്പോൾ മുങ്ങിത്തുടങ്ങി.

പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവമുണ്ടായ ഉടൻ ഒരു ഭരണകർത്താവ് ന്യായമായും ശക്തമായും സ്വീകരിക്കേണ്ട എല്ലാ നടപടികളും യോഗി ആദിത്യനാഥ് സ്വീകരിച്ചു. എല്ലാ പ്രതികളും 24 മണിക്കൂറിനകം കസ്റ്റഡിയിൽ, നഷ്ടപരിഹാരം 25 ലക്ഷം രൂപ, കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലി , വീടിന് ശക്തമായ സുരക്ഷാ സന്നാഹം ,അന്വേഷണത്തിന് പ്രത്യേക കുറ്റാന്വേഷണ വിദഗ്ധ സംഘം, അന്വേഷണം കുറേക്കൂടി ശക്തമാക്കാൻ സിബിഐ, സംഭവത്തിൽ ആരോപിതരായ പോലീസ് ഉദ്യോഗസ്ഥന്മാർക്ക് സസ്‌പെൻഷൻ, മരണശേഷം ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉന്നത ഉദ്യോഗസ്ഥ സംഘം, ദിവസവും സ്ഥിതി വിലയിരുത്താൻ ജില്ലാ മജിസ്‌ട്രേറ്റ്....ഏത് സംസ്ഥാനത്താണ് സ്ത്രീ പീഡനകേസിൽ ഇത്ര കർക്കശവും ഫലപ്രദവുമായ നടപടികൾ സ്വീകരിച്ചിട്ടുള്ളത് ? എന്നിട്ടും രാഹുലിന്റേയും യെച്ചൂരിയുടേയും മുറുമുറുപ്പ് മാറിയിട്ടില്ല.

രാഹുലിനോടൊപ്പം ഹാഥ്റസിലേക്ക് പോയ തിരുവനന്തപുരം എംപിയായ ശശി തരൂർ തന്റെ ജില്ലയിലെ ബലാൽസംഗക്കേസുകളിൽ പ്രതിഷേധിച് പത്തടി എങ്കിലും കേരള സെക്രട്ടറിയറ്റിലേക്ക് നടന്നിരുന്നെങ്കിൽ കാപട്യം വെളിച്ചത്ത് വരില്ലായിരുന്നു.

സ്വന്തം കുട്ടിയുടെ മുന്നിലിട്ട് അമ്മയെ 6 പേർ ചേർന്ന് പീഡിപ്പിച്ചതും, വിശപ്പ് സഹിക്ക വയ്യാതെ മണ്ണ് വാരി തിന്ന സംഭവവും, കോവിഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ വന്ന യുവതിയെ ഹെൽത്ത് ഇൻസ്‌പെക്ടർ നിഷ്ഠൂരമായി പീഡിപ്പിച്ചതും , ആറന്മുളയിൽ ആംബുലൻസിലിട്ട് കോവിഡ് രോഗിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചതും ഒക്കെ ‌ കണ്ട് വേദനിച്ച കേരളീയർക്ക് മൂന്നിൽ തരൂരും പിണറായിയും ഹത്രാസ് കാട്ടി മേനി നടിക്കണ്ട !

വാളയാറിൽ പീഡിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കിയ രണ്ട് ദളിത് പെൺക്കുട്ടികളുടെ വീട്ടിലേക്ക് രാഹുലോ പ്രിയങ്കയോ തരൂരോ പോയോ ? ഹാഥ്റസിലെ പെൺകുട്ടിയുടെ കുടുംബത്തിന് നൽകിയ പരിരക്ഷയും ആനുകൂല്യവും സഹായവും അതിനേക്കാൾ നിന്ദ്യവും പൈശാചികവുമായ കൊലപാതകമായിരുന്നിട്ടും വാളയാർ കുടുംബത്തിന് നൽകിയോ ? ഇപ്പോഴും സിബിഐ അന്വേഷണത്തിന് വേണ്ടി വാളയാറിലെ അമ്മ കേഴുകയാണ്. നീതിക്ക് വേണ്ടി സർക്കാരിന്റെ പടിവാതിലുകളിൽ മുട്ടുന്നു. പട്ടികജാതി പീഡനം തടയൽ നിയമ പ്രകാരം കേസെടുക്കാൻ പോലും പിണറായി സർക്കാർ തയ്യാറായില്ല. ഹാഥ്റസിലെ ദലിത് പെൺകുട്ടിക്ക് നൽകിയ നീതി കണ്ട് പഠിക്കുക ഇനിയെങ്കിലും.

2015 ഒക്ടോബർ 15 ന് ഫരീദാബാദിലെ ദലിത് ഭവനത്തിന് തീയിട്ട് രണ്ട് കുട്ടികളെ കൊന്നുവെന്ന് പ്രചരിപ്പിച്ചു അവിടേക്ക് ഓടിയെത്തിയ രാഹുലിന്റെ ചിത്രം മറക്കാൻ സമയമായിട്ടില്ല. തീ പുറത്തു നിന്ന് അല്ലെന്നും , ഉത്ഭവം വീടിനുള്ളിൽ നിന്നാണെന്നും ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞതോടെ അതേക്കുറിച്ചു കോൺഗ്രസുകാർക്ക് പിന്നെ മിണ്ടാട്ടമില്ല. രാഹുൽ പിന്നെ അവിടേക്ക്‌ തിരിഞ്ഞു നോക്കിയതുമില്ല .

രാജസ്ഥാനിൽ സിസ്വാലിയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി രണ്ട് മാസം ക്രൂര പീഡനത്തിനിരയാക്കിയ സംഭവം രാഹുൽ ഗാന്ധിയും പ്രിയങ്കയും അറിഞ്ഞ ഭാവമില്ല. യുവതിയെ പീഡിപ്പിച്ചവർ ഇപ്പോഴും സ്വൈര വിഹാരം നടത്തുന്നു !

"ഉത്തർ പ്രദേശിൽ പോകാമെങ്കിൽ എന്തുകൊണ്ട് രാഹുൽ ഗാന്ധിയും പ്രിയങ്കയും എന്നെ കാണാൻ വരുന്നില്ല ? ഞാനും നിങ്ങളുടെ മകളെപ്പോലെ അല്ലെ "? എന്നുള്ള ആ യുവതിയുടെ ചോദ്യത്തിന്‌ എന്ത് ഉത്തരമാണ് രാഹുലിനും പ്രിയങ്കയ്ക്കും നൽകാനുള്ളത് ?

ഇതേ രാജസ്ഥാനിൽ 13 ഉം 15 ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അജ്മീറിലും , കോട്ടയിലും , ജയ്‌പ്പൂരിലും വെച്ച് ക്രൂരമായി പീഡിപ്പിച്ച വിവരവും ഇവരാരും അറിഞ്ഞിട്ടില്ല ! രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞത് ആ കുട്ടികൾ സ്വന്തം ഇഷ്ടപ്രകാരം പോയതാണ് എന്ന് ! പെൺകുട്ടികളുടെ അച്ഛനും അമ്മയ്ക്കും ജീവന് തന്നെ ഇപ്പോൾ ഭീഷണിയാണ്. ഇതും പ്രിയങ്കയും രാഹുലും അറിഞ്ഞിട്ടില്ല !

ഒരു മാസം മുൻപ് കർണ്ണാടകയിലെ ദളിതനും കോൺഗ്രസ്‌കാരനുമായ MLA അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ വീടും പുരയിടവും വസ്തുവകകളും തീയിട്ട് നശിപ്പിച്ചിട്ട് എന്തേ കോൺഗ്രസ് നേതാക്കളാരും അവിടേക്ക് തിരിഞ്ഞു നോക്കിയില്ല ? അനന്തിരവൻ ഇട്ട ഫെയിസ്ബൂക്ക് കമന്റിന്റെ പേരിലായിരുന്നു ഈ കൊള്ളയും കൊള്ളിവെപ്പും. ദളിതരുടെ പേരിൽ കള്ളക്കണ്ണീർ പൊഴിക്കുന്ന കോൺഗ്രസ് - സിപിഎം നേതാക്കൾ ഈ പാവങ്ങളുടെ ദുരിതവും ദു:ഖവും നിലവിളിയും കേട്ടതായി പോലും ഭാവിക്കുന്നില്ല.

വയനാട് ചേതലയത്ത് ഭക്ഷണം കഴിക്കാൻ നിവൃത്തിയില്ലെന്ന് പരാതിപ്പെട്ട പട്ടിണിപ്പാവത്തോട് സർക്കാർ ഉദ്യോഗസ്ഥൻ ആക്രോശിച്ചു. മാനസികമായി തളർത്തി., അവശ നിലയിലായ ആ ആദിവാസി അമ്മയെ ആശ്വസിപ്പിക്കാൻ തന്റെ സ്വന്തം മണ്ഡലമായ വയനാട്ടിൽ എന്തേ രാഹുൽ വന്നില്ല ? പീഡനങ്ങളുടെയും അതിക്രമങ്ങളുടെയും പരാതികളും പരിഭവങ്ങളും മാത്രമേ വയനാട്ടിലെ പാവങ്ങൾക്ക് പറയാനുള്ളു.

ഹാഥ്റസിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. പെൺകുട്ടിയുടെ അമ്മയുടേയും സഹോദരന്റേയും പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത് അക്രമികൾ പെൺകുട്ടിയെ കഴുത്തിന് പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി എന്ന് മാത്രമാണ്. മർദ്ദിച്ചതിന്റെ പാടുകളുണ്ട്. അക്കാര്യം പെൺകുട്ടിയുടെ മൊഴിയിലുമുണ്ട്. പക്ഷേ ബലാൽസംഗം നടന്നതായി പറഞ്ഞിട്ടില്ല.

ഫോറൻസിക് റിപ്പോർട്ടിലും പോലീസ് - റവന്യു അധികാരികളുടെ പ്രസ്താവനയിലും ആശുപത്രി രേഖകളിലും ബലാൽസംഗം നടന്നിട്ടില്ലെന്ന്
അർത്ഥശങ്കയ്‌ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. സത്യം ഇതായിരിക്കെ, മറിച്ചുള്ള രീതിയിൽ ബന്ധുക്കൾ ഇപ്പോൾ പറയുന്നത് കോൺഗ്രസ് നേതാക്കളുടെ അവിഹിത ഇടപെടലും സമമർദ്ദവും കൊണ്ടാണെന്ന് ആർക്കും മനസ്സിലാവും. അതുകൊണ്ടാണ് നുണ പരിശോധനയെ ബന്ധുക്കളും കോൺഗ്രസും എതിർക്കുന്നത്. സത്യം പുറത്തു വന്നാൽ ഉണ്ടാകുന്ന തിരിച്ചടിയെക്കുറിച്ചു വളരെ നന്നായി ബോധ്യമുള്ളതുകൊണ്ടാണ് കോൺഗ്രസും സിപിഎമ്മും ഇപ്പോൾ നുണ പ്രചരണങ്ങളുമായി നാടുചുറ്റുന്നത്.

ത്രിപുരയിൽ രണ്ട് വർഷം മുൻപ് വനവാസിയായ പെൺകുട്ടിയെ സിപിഎമ്മുകാർ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം വലിയ കോളിളക്കം
ഉണ്ടാക്കിയിരുന്നു. അതേക്കുറിച്ച് മാന്യമായ ഒരു വിശദീകരണം പോലും നൽകാൻ സിപിഎം നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പിഞ്ചു കുട്ടികൾക്കും വൃദ്ധർക്കും സ്ത്രീകൾക്കും നേരെ നടക്കുന്ന പീഡനങ്ങളിൽ കേരളം വളരെ മുന്നിലാണ്.

ഇവിടെ 2044 സ്ത്രീകളെ പീഡിപ്പിച്ചതിന് 2023 കേസുകളാണുള്ളത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്ക് പ്രകാരം ദിവസവും 6 പേർ വീതം പീഡനത്തിനിരയാകുന്നു. 18 വയസിൽ താഴെയുള്ള പെൺകുട്ടികൾ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന സംസ്ഥാനങ്ങളാണ് കേരളവും രാജസ്ഥാനും. സിപിഎമ്മും കോൺഗ്രസും ഭരിക്കുന്ന സ്വന്തം സംസ്ഥാനങ്ങളിൽ സ്ത്രീകൾ നിഷ്ക്കരുണം പീഡിപ്പിക്കപ്പെടുമ്പോൾ എല്ലാ വിധ സുരക്ഷയും സ്ത്രീകൾക്ക് വ്യവസ്ഥ ചെയ്തിട്ടുള്ള യുപിയിലേക്ക് സ്ത്രീരക്ഷകരായി ഓടിയെത്തുന്ന രാഹുലിനും യച്ചൂരിക്കും ഒരു മന: സാക്ഷിക്കുത്തും ഉണ്ടാവാത്തത് അതിശയകരം തന്നെ.

മാനസിക പീഡനം സഹിക്കവയ്യാതെ ആത്മഹത്യക്ക് ശ്രമിച്ച മോഹിനിയാട്ടം നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ഡോ. ആർ എൽ വി രാമകൃഷ്ണൻ എന്ന ദലിതനോട് അല്പം പോലും കാരുണ്യം കാട്ടാത്തവരാണ് യോഗിയെ ഹത്രാസ് കാട്ടി വിരട്ടുന്നത്.

അട്ടപ്പാടിയിൽ ആദിവാസിയായ മധുവിനെ കെട്ടിയിട്ട് തല്ലിക്കൊന്നവരുടെ മുമ്പിൽ ഓച്ചാനിച്ചുനിൽക്കുന്ന ഭരണകൂടമേ, നിങ്ങൾ നിരപരാധികളായ സഹോദരങ്ങളുടെ നിലവിളികൾ കേൾക്കുന്നില്ലേ ?

മഹാരാജാസ് കോളേജിലെ അഭിമന്യു , പാലക്കാട് ജിഷ്ണു , പോലീസ് പീഡനത്തിൽ മനം നൊന്ത് ജീവനൊടുക്കിയ വിനായകൻ, വാരാപ്പുഴ ശ്രീജിത്ത് .... മർദ്ദക ഭരണകർത്താക്കളുടെ ചോരക്കൊതിക്ക് മുന്നിൽ സ്വന്തം ജീവൻ ബലി കൊടുക്കേണ്ടിവന്ന എത്ര എത്ര യുവത്വങ്ങൾ !

അവർക്ക് സാമൂഹ്യനീതി നൽകാത്തവർ ഇപ്പോൾ ഹാഥ്റസിൽ മനുഷ്യാവകാശവും ദലിത് സ്നേഹവും പറയുന്നതിലെന്തർഥം ?
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.