കോഴിക്കോട്: സി.പി.എം ചിഹ്നത്തിൽ സ്ഥാനാർഥി ഇല്ലെന്നറിഞ്ഞപ്പോൾ ഉണ്ടായ താൽക്കാലിക വികാര പ്രകടനമായിരുന്നു കുറ്റ്യാടിയിൽ അരങ്ങേറിയതെന്ന് കുറ്റ്യാടിയിലെ സി.പി.എം സ്ഥാനാർഥി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ. തെരുവിൽ പരസ്യ പ്രതിഷേധത്തിൽ പങ്കെടുത്തവരെല്ലാം ഇപ്പോൾ പ്രചരണത്തിൽ സജീവമാണ്. ആരും പിറകോട്ട് പോയിട്ടില്ല. അതേസമയം, പ്രതിഷേധ പ്രകടനത്തിൽ പാർട്ടി മെമ്പർമാർ പങ്കെടുത്തിട്ടുണ്ടെങ്കിൽ അത് അച്ചടക്ക ലംഘനമാണ്. അത്തരക്കാർക്കെതിരെ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
വി.എസിന് വേണ്ടി നടന്ന പ്രതിഷേധങ്ങളുമായി കുറ്റ്യാടിയിൽ നടന്ന പ്രകടനങ്ങളെയോ വി.എസുമായി തന്നെയോ താരതമ്യപ്പെടുത്തരുത്. രണ്ട് പ്രകടനങ്ങളാണ് ഇവിടെ നടന്നത്. അതിൽ അനുഭാവികളുടെ പ്രകടനത്തിൽ മാത്രമാണ് എന്‍റെ പേര് ഉയർന്നത്. അന്ന് തന്നെ അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിക്കുകയും എന്‍റെ ഫോട്ടോയും പേരും ഉപയോഗിക്കരുതെന്ന് ഞാൻ കർശനമായി പറയുകയും ചെയ്തിരുന്നു. പിന്നീട് നടന്ന പാർട്ടി ഭാരവാഹികൾ പങ്കെടുത്ത പ്രകടനത്തിൽ എന്‍റ പേരോ ചിത്രമോ ഉപയോഗിച്ചിട്ടില്ല. മണ്ഡലത്തിൽ സി.പി.എമ്മിന് വിജയം സുനിശ്ചിതമാണെന്നും കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ പറഞ്ഞു.
കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസ് എമ്മിന് നൽകിയ നടപടിയാണ് സി.പി.എമ്മിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയത്. പാർട്ടി നേതൃത്വത്തിനെതിരെ അണികൾ നടത്തിയ രൂക്ഷമായ പ്രതിഷേധത്തെ തുടർന്നാണ് സി.പി.എം പുനർവിചിന്തനത്തിന് തുനിഞ്ഞത്. ഒടുവിൽ സീറ്റ് തിരിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
ആദ്യം പ്രതിഷേധങ്ങൾക്ക് വഴങ്ങില്ലെന്ന് പറഞ്ഞ പാർട്ടി നേതൃത്വം പിന്നീടാണ് അയഞ്ഞത്. സീറ്റ് സി.പി.എം നിലനിർത്തി സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ കുഞ്ഞമ്മദ്കുട്ടി മാസ്റ്ററെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു പ്രവർത്തകരുടെ ആവശ്യം. മണ്ഡലത്തിലെ വികാരം മനസ്സിലാക്കിയ കേരള കോൺഗ്രസാവട്ടെ, മത്സരിക്കുന്നത് പന്തിയല്ലെന്നുകണ്ട് തന്ത്രപൂർവം പിൻവാങ്ങി. അതേസമയം, സീറ്റ് ഏറ്റെടുത്ത സി.പി.എമ്മാകട്ടെ ഒരുകാരണവശാലും കുഞ്ഞമ്മദ്കുട്ടി മാസ്റ്ററെ സ്ഥാനാർഥിയാക്കില്ലെന്ന വാശിയിലായിരുന്നു.
പകരം, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം, ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.ടി. കുഞ്ഞിക്കണ്ണൻ എന്നിവരുടെ പേരുകളാണ് പരിഗണനക്കുവന്നത്. എന്നാൽ, അണികളുടെ വികാരം ശക്തമായതിനാൽ ഒടുവിൽ പാർട്ടി കീഴടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.