കണ്ണൂർ: കലാപ രാഷ്ട്രീയത്തിെൻറ വിളനിലമായ കണ്ണൂരിലെ പാനൂർ മേഖലയിൽ സി.പി.എമ്മിനെ നയിച്ച നേതാക്കളിൽ പ്രമുഖനാണ് അന്തരിച്ച പി.കെ. കുഞ്ഞനന്തൻ. പ്രാദേശിക നേതാവ് മാത്രമായിരുന്ന കുഞ്ഞനന്തൻ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതി ചേർക്കപ്പെട്ടതോടെയാണ് വാർത്തകളിൽ ഇടംപിടിച്ചത്.
കോടതി ശിക്ഷിച്ചുവെങ്കിലും പാർട്ടിയുടെ കോടതിയിൽ കുഞ്ഞനന്തൻ ഇപ്പോഴും നിരപരാധിയാണ്. കുഞ്ഞനന്തനെ ശിക്ഷിച്ചത് പാർട്ടി അംഗീകരിച്ചിട്ടില്ല. ടി.പി കേസിൽ കുഞ്ഞനന്തനൊപ്പം ശിക്ഷിക്കപ്പെട്ട രണ്ടു പ്രാദേശിക നേതാക്കളെ പാർട്ടി പുറത്താക്കി. എന്നാൽ, കുഞ്ഞനന്തൻ ശിക്ഷിക്കപ്പെട്ട ശേഷവും പാനൂർ ഏരിയ കമ്മിറ്റിയിൽ അദ്ദേഹത്തെ നിലനിർത്തി.
പാർട്ടി സമ്മേളനത്തിൽ പ്രതിനിധിയായി കുഞ്ഞനന്തൻ എത്തിയത് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ്. കുഞ്ഞനന്തൻ നിരപരാധിയാണെന്ന് പരസ്യ നിലപാടെടുത്ത പാർട്ടി, അദ്ദേഹത്തിന് ശിക്ഷായിളവ് നൽകാനും ശ്രമിച്ചു. ഗവർണർ ഇടപെട്ട് ഫയൽ മടക്കിയതിനാലാണ് ആ നീക്കം വിഫലമായത്. ഇതേച്ചൊല്ലി ഉയർന്ന കടുത്ത വിമർശനങ്ങളെല്ലാം പാർട്ടി തള്ളി.
കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പി.കെ. കുഞ്ഞനന്തനെ അഭിവാദ്യം ചെയ്തത് ഏറെ വിവാദമായിരുന്നു. തുടർച്ചയായി ലഭിച്ച പരോളുകളുടെ പേരിലാണ് പിന്നീട് കുഞ്ഞനന്തൻ വാർത്തകളിൽ നിറഞ്ഞത്. കഴിഞ്ഞ ഒരു വർഷത്തിൽ 200 ദിവസത്തിലേറെ കുഞ്ഞനന്തൻ ജയിലിന് പുറത്തായിരുന്നു.
പാർട്ടി ഭരണത്തിൽ സി.പി.എം നേതാവിന് ലഭിക്കുന്ന അതിരുവിട്ട സഹായമെന്ന് പ്രതിപക്ഷം ഇതിനെ ആക്ഷേപിച്ചിരുന്നു. എന്നാൽ പ്രായാധിക്യമുള്ള, മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്ന തടവുകാരനുള്ള മാനുഷിക പരിഗണന മാത്രമാണെന്ന് പിണറായി സർക്കാർ വിശദീകരിക്കുന്നു. ഏതാനും വർഷമായി അർബുദത്തോട് മല്ലടിക്കുകയായിരുന്നു കുഞ്ഞനന്തൻ.
പരോളിൽ പുറത്തിറങ്ങിയ ദിവസങ്ങളിൽ മിക്കതും ആശുപത്രി കിടക്കയിലാണ് കുഞ്ഞനന്തൻ കഴിച്ചുകൂട്ടിയത്. തിരുവനന്തപുരത്ത് ചികിത്സ തുടരാൻ കഴിഞ്ഞ മാർച്ചിലാണ് അവസാനമായി കണ്ണൂർ ജയിലിൽ നിന്നിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.