തിരുവനന്തപുരം: ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയും സി.പി.എം പാനൂർ ഏരിയാ കമ്മിറ്റി അംഗവുമായ പി.കെ. കുഞ്ഞനന്തന്‍ (72) നിര്യാതനായി. കടുത്ത അസുഖത്തെതുടർന്ന് കഴിഞ്ഞവർഷം ജനുവരി മുതൽ തിരുവനന്തപുരം ആർ.സി.സിയിലും മെഡിക്കൽ കോളജിലും ചികിത്സയിലായിരുന്നു. ഞായറാഴ്ച വയറ്റിൽ അണുബാധ മൂർച്ഛിച്ചതിനെതുടർന്ന് െഎ.സി.യുവിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച രാത്രി 9.30ഓടെയായിരുന്നു അന്ത്യം.
ടി.പി വധക്കേസിൽ 13ാം പ്രതിയായിരുന്ന കുഞ്ഞനന്തൻ ശിക്ഷ അനുഭവിക്കവെയാണ് പാനൂർ ഏരിയ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. കുഞ്ഞനന്തന് കേസിൽ പങ്കില്ലെന്ന നിലപാട് സി.പി.എം നേതൃത്വം അന്ന് സ്വീകരിച്ചത് വിവാദമായിരുന്നു. അടിയന്തരാവസ്ഥക്കെതിരെ പാറാട് ടൗണില്‍ പ്രകടനത്തിന് നേതൃത്വം നല്‍കിയതിന് കേസില്‍ പ്രതിയായി.
15 വര്‍ഷത്തോളം കുന്നോത്തുപറമ്പ് ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കര്‍ഷകത്തൊഴിലാളി യൂനിയന്‍ ജില്ല കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചു.1980 മുതല്‍ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമാണ്.
എല്‍.ഐ.സി ഏജൻറായ ശാന്തയാണ് (മുന്‍ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്, കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തംഗം) ഭാര്യ. മക്കള്‍: ശബ്‌ന (അധ്യാപിക, ടി.പി. ജി.എം.യു.പി സ്‌കൂള്‍, കണ്ണങ്കോട്), ഷിറില്‍ (ദുബൈ). മരുമക്കള്‍: മനോഹരന്‍ (ഫ്രീലാൻറ് ട്രാവല്‍ എജൻറ്), നവ്യ (അധ്യാപിക, പാറേമ്മല്‍ യു.പി സ്‌കൂള്‍). സഹോദരങ്ങള്‍: പി.കെ. നാരായണന്‍ (റിട്ട. അധ്യാപകന്‍, ടി.പി.ജി.എം.യു.പി സ്‌കൂള്‍, കണ്ണങ്കോട്), പരേതനായ ബാലന്‍ നായര്‍.
മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ ഒമ്പത് വരെ സി.പി.എം പാനൂർ ഏരിയ കമ്മിറ്റി ഓഫിസായ രാജു മാസ്റ്റർ സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും. 9.30 മുതൽ 11 മണി വരെ പാറാട് ടൗണിലും. തുടർന്ന് 12 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.