കുറുമ്പ ഊരുകാര്‍ക്ക് പണം ലഭിക്കാന്‍ ദിവസം മുഴുവന്‍ വനയാത്ര

പാലക്കാട്: തുടുക്കിയിലെ വെള്ളിങ്കിരിയും ഗലസിയിലെ മരുതനും മേലേതുടുക്കിയിലെ രങ്കനും പണിക്കാശ് ബാങ്കില്‍നിന്ന് വാങ്ങാന്‍ ദിവസങ്ങളായി വനയാത്രയിലാണ്.

ഊരില്‍നിന്ന് 36 കിലോമീറ്റര്‍ അകലെയുള്ള ബാങ്കിലത്തെി വൈകുന്നേരം വരെ വരിനിന്ന് വെറും കൈയോടെ അത്രയും ദൂരം മടക്കയാത്ര. പിറ്റേന്ന് രാവിലെ വീണ്ടും തുടങ്ങുന്ന യാത്ര  തീരുന്നത് എസ്.ബി.ഐയുടെ ഏക ശാഖ നിലകൊള്ളുന്ന അഗളിയില്‍. നോട്ട് ദുരിതത്തിന്‍െറ ഭീകരത അക്ഷരാര്‍ഥത്തില്‍ അനുഭവപ്പെടുന്ന അട്ടപ്പാടിയിലെ 19 കുറുമ്പ ഊരുകളിലെ ദുരവസ്ഥ കഴിഞ്ഞദിവസം തൊഴിലുറപ്പ് പദ്ധതിവേതനം ബാങ്കില്‍ എത്തിയതോടെ വര്‍ധിച്ചിരിക്കുകയാണ്.

എസ്.ബി.ഐ ശാഖക്ക് പുറമെ കനറാ ബാങ്കിന്‍െറ മൂന്നും സൗത് ഇന്ത്യന്‍ ബാങ്കിന്‍െറ ഒന്നും അടക്കം നാല് ബാങ്ക് ശാഖകള്‍ മാത്രമാണ് മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന അട്ടപ്പാടിയിലുള്ളത്.

ഇതില്‍ തൊഴിലുറപ്പ് ഫണ്ട് അടക്കമുള്ളവ എത്തുക എസ്.ബി.ഐയിലേക്കാണ്. ജില്ല സഹകരണ ബാങ്ക് ശാഖയുണ്ടെങ്കിലും സഹകരണ മേഖല പ്രതിസന്ധി ഇവിടെയുമുണ്ട്. അട്ടപ്പാടിയില്‍ ആകെയുള്ള നാല് എ.ടി.എമ്മുകളില്‍ ഒരെണ്ണം മാത്രമേ ദിവസത്തില്‍ വല്ലപ്പോഴുമെങ്കിലും പ്രവര്‍ത്തിക്കുന്നുള്ളൂ. അട്ടപ്പാടിയില്‍ ആദിവാസികള്‍ താമസിക്കുന്ന 192 ഊരുകളിലും പണദുരിതം ഉണ്ടെങ്കിലും വനത്തിനുള്ളിലെ കുറുമ്പ ഊരുകളിലാണ് രൂക്ഷത ഏറെ.

പുതൂര്‍ ഗ്രാമപഞ്ചായത്തിലെ തുടുക്കി, ഗലസി തുടങ്ങിയ ഊരുകളില്‍ നിന്നുള്ളവര്‍ കഴിഞ്ഞ ദിവസം അതിരാവിലെ വനത്തിലൂടെ ആറ് കിലോമീറ്റര്‍ നടന്നാണ് ആനവായ് എന്ന സ്ഥലത്ത് എത്തിയത്. അവിടെ നിന്ന് 75 രൂപ നല്‍കി ജീപ്പില്‍ പത്ത് കിലോമീറ്റര്‍ പിന്നിട്ട് മുക്കാലിയില്‍ എത്തി.

ബസ് മാര്‍ഗം 20 കിലോമീറ്റര്‍ അകലെയുള്ള അഗളി ജങ്ഷനിലെ എസ്.ബി.ഐ ശാഖക്ക് മുന്നില്‍ എത്തിപ്പെടുമ്പോഴേക്കും വരി നീണ്ടിരുന്നു. വൈകുന്നേരം ബാങ്കിന്‍െറ അകത്തളത്തിലേക്ക് പ്രവേശിക്കുമ്പോഴേക്കും സമയം അതിക്രമിച്ചു. പണവും തീര്‍ന്നു. ആദ്യംവന്നവര്‍ക്ക് ആദ്യം എന്ന നയമേ അനുവര്‍ത്തിക്കാന്‍ പറ്റൂവെന്ന് ബാങ്ക് അധികൃതര്‍.  രണ്ടാം ദിവസത്തെ ദുരിത യാത്രക്ക് ശേഷമാണ് ഇവര്‍ക്ക് പണം ലഭിച്ചത്.

മൂന്ന് പഞ്ചായത്തുകളില്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലെ തൊഴിലുറപ്പ് വേതന ഫണ്ടാണ് കഴിഞ്ഞ ദിവസം ബാങ്കിലത്തെിയത്. ഇതോടെയാണ് തിരക്ക് വിവരണാതീതമായത്. ലഭിക്കുന്നത് 2000ത്തിന്‍െറ നോട്ടുകളുമാണ്. ചെറിയ നോട്ടുകള്‍ ഇല്ളെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

 

Tags:    
News Summary - kurumba tribals travel whole day through forest for new notes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.