കൊച്ചി: കുതിരാനിലെ ദേശീയപാത നിർമാണ പുരോഗതി സംബന്ധിച്ച വിവരം തേടി ഹൈകോടതി. കുതിരാനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് കെ. രാജനും തൃശൂരിലെ കോൺഗ്രസ് നേതാവ് ഷാജി ജെ. കോടങ്കണ്ടത്തും നൽകിയ ഹരജികളിലാണ് സിംഗിൾ ബെഞ്ചിെൻറ നിർദേശം. പണി നടക്കുന്നുണ്ടെന്നും മാർച്ച് 31ന് ഒരു ടണൽ തുറക്കുമെന്നും കരാർ കമ്പനിയായ തൃശൂർ എക്സ്പ്രസ് വേ ലിമിറ്റഡ് അറിയിച്ചതിനെ തുടർന്നാണ് നിർമാണ വിവരങ്ങൾ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടത്. ഹരജികൾ മാർച്ച് 16ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
ചീഫ് വിപ്പ് ഹരജി നൽകിയത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും പ്രകടനങ്ങളും പ്രതിഷേധങ്ങളും നിമിത്തമാണ് പണി മുടങ്ങുന്നതെന്നും ദേശീയപാത അതോറിറ്റി പറഞ്ഞു.
പ്രതിഷേധ പ്രകടനങ്ങളെ തുടർന്ന് പണി തടസ്സപ്പെടാതിരിക്കാൻ പൊലീസ് സംരക്ഷണം തേടേണ്ടിവന്നു. കേരളമൊഴികെയുള്ളിടങ്ങളിലെല്ലാം പണി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാകുന്നുണ്ട്. ഒരു ടണലിെൻറ നിർമാണം മാർച്ച് 31ന് കഴിയുമെന്ന് കരുതുന്നില്ലെന്നും കരാർ കമ്പനിയെ ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെന്നും അതോറിറ്റി വ്യക്തമാക്കി. ഒന്നിെൻറ നിർമാണം മാർച്ച് 31 ന് പൂർത്തിയാക്കുമെന്ന് കമ്പനി ഉറപ്പു നൽകിയതിനാലാണ് തുടരാൻ അനുവദിച്ചതെന്നും അതോറിറ്റി അറിയിച്ചു.
എന്നാൽ, തെരഞ്ഞെടുപ്പ് വരുന്നതും പോകുന്നതും നോക്കാതെ പണി പൂർത്തിയാക്കുകയാണ് വേണ്ടതെന്ന് ചീഫ് വിപ്പിെൻറ അഭിഭാഷകൻ പറഞ്ഞു.
കരാർ റദ്ദാക്കിയാൽ പണി പൂർത്തിയാക്കാൻ ഇനിയും കാലതാമസമുണ്ടാകുമെന്നും ഇതേ വിഷയത്തിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പൊതുതാൽപര്യ ഹരജി പരിഗണിക്കുന്നുണ്ടെന്നും കമ്പനിയുടെ അഭിഭാഷകൻ വ്യക്തമാക്കി. പദ്ധതി നടപ്പാക്കണമെന്നാണ് പൊതുജനങ്ങളുടെ ആഗ്രഹമെന്ന് കോടതിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.