ആലപ്പുഴ: വെള്ളത്തിൽ കളിച്ചുവളർന്ന കുട്ടനാട്ടുകാർ പകച്ചുപോയ മഹാപ്രളയത്തിന് നാളെ ആറാണ്ട്. ഒരുജനതയുടെ ജീവിതവും സമ്പാദ്യങ്ങളുമെല്ലാം തകർത്തെറിഞ്ഞ് 2018 ആഗസ്റ്റ് 16ന് കുത്തിയൊലിച്ചെത്തിയ പ്രളയജലം ആദ്യം കീഴ്പ്പെടുത്തിയത് ചെങ്ങന്നൂരിനെയായിരുന്നു. പിന്നീട് ഒറ്റരാത്രികൊണ്ട് കുട്ടനാടിനെയും അപ്പർകുട്ടനാടിനെയും മുക്കി. ‘99’ വെള്ളപ്പൊക്കത്തിന്റെ നൂറാംവാർഷികത്തിലും ജലഭീതിയിൽതന്നെയാണ് ഇവരുടെ ജീവിതം. വെള്ളപ്പൊക്കം എന്നത് കുട്ടനാടൻ ജനതയുടെ ജീവിതശൈലിയുടെ ഭാഗമായിരുന്നു. അത് നേരിടാൻ അവർക്ക് നന്നായി അറിയാമായിരുന്നു. എന്നാൽ, 2018ൽ വന്നെത്തിയ പ്രളയം അതിനെയെല്ലാം തകിടം മറിച്ചു.
പ്രളയാനന്തരവും മുമ്പും കുട്ടനാടിനെ രക്ഷിക്കാൻ പ്രഖ്യാപിച്ച പാക്കേജുകളൊന്നും നാടിന്റെ ഉള്ളറകളിലേക്ക് എത്തിയില്ലെന്നതാണ് വസ്തുത. വർഷത്തിൽ പകുതിയിലേറെയും ചെളിയിലും വെള്ളത്തിലുമാണ് അവരുടെ ജീവിതം. ഇന്ന് ചെറിയമഴപോലും കുട്ടനാടിനെ വെള്ളക്കെട്ടിലാക്കുന്നത് 2018ലെ മഹാപ്രളയം സൃഷ്ടിച്ച കെടുതികളുടെ തുടർച്ചയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രളയദുരന്തം അനുഭവിക്കേണ്ടിവന്ന പ്രദേശമാണിത്. എന്നിട്ടും, കുട്ടനാടിന്റെ സമഗ്രവികസനത്തിനായി നിർദേശിക്കപ്പെട്ട പല പദ്ധതികളും നടപ്പായില്ലെന്നതാണ് ദുരന്തം.
കുട്ടനാട്ടിലെ ജലാശയങ്ങളും പാടശേഖരങ്ങളും അശാസ്ത്രീയ കൈയേറ്റങ്ങൾക്ക് വിധേയമായി നികത്തപ്പെടുകയും ശോഷിക്കുകയും ചെയ്തു. ചില പാടശേഖരങ്ങളിൽ കൃഷിയില്ലാതായി. വെള്ളം ഒഴുകാനിടമില്ലാതായി. മഴയും നദികളിലൂടെയെത്തുന്ന കിഴക്കൻവെള്ളവും മാത്രമല്ല, കടലിലെ വേലിയേറ്റം പോലും കുട്ടനാടിനെ ജീവിക്കാൻകൊള്ളാത്ത നാടാക്കി.
പശ്ചിമഘട്ടം പരിസ്ഥിതിലോല പ്രദേശമായി പരിഗണിച്ചപ്പോൾ കുട്ടനാടിനായി അത്തരം പഠനങ്ങളുണ്ടായില്ല. ഇവിടെ ഏതുതരം നിർമിതികളാണ് യോജ്യം, എന്തുതരം നിർമാണ സാങ്കേതികവിദ്യവേണം, ഓരോ പ്രദേശത്തും എത്രത്തോളം കെട്ടിടങ്ങൾ നിർമിക്കാം തുടങ്ങിയ പഠനങ്ങൾ നടന്നിട്ടില്ല. ആഗോളതാപനം മൂലമുള്ള സമുദ്രജലനിരപ്പിലെ വര്‍ധന കുട്ടനാടിന് ഇപ്പോഴും ഭീഷണിയാണ്. പ്രളയത്തിന് കാരണമാകുന്ന ഘടകങ്ങൾ ഇപ്പോഴും നിലനില്ക്കുന്നുവെന്നതാണ് അതിൽപ്രധാനം. എന്നാല്‍, ഇത് ആരും ഗൗരവമായി കണ്ടിട്ടില്ല. പദ്ധതി നടത്തിപ്പിന് ചുമതലയുള്ളവര്പോലും ശാസ്ത്രീയപഠനങ്ങളെ ആശ്രയിക്കാത്തതും പ്രശ്നമാണ്.
ആലപ്പുഴ: 99ലെ വെള്ളപ്പൊക്കത്തെക്കുറിച്ച് കേട്ടുകേൾവി മാത്രമുള്ള കുട്ടനാട്ടുകാരുടെ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചാണ് 2018 ആഗസ്റ്റിലെ മഹാപ്രളയമെത്തിയത്. അണക്കെട്ടുകളില്‍നിന്നും കിഴക്കന്‍ മലയോരങ്ങളിലെ ഉരുള്‍പൊട്ടിയും ജലമെത്തിയതോടെ റോഡും പാടങ്ങളും ചെറിയപാലങ്ങളും വീടുകളുമെല്ലാം മുങ്ങി.
തലക്ക് മീതേ വെള്ളമെത്തിയപ്പോൾ കൈയില്‍കിട്ടിയതൊക്കെ വാരിയെടുത്തും പെട്ടിയിലും കുട്ടയിലുമൊക്കെ പെറുക്കിയും കുത്തൊഴുക്കിലൂടെ അവര്‍ കരതേടി നീന്തിത്തുടങ്ങി. കുട്ടനാട് താലൂക്കിലെ 13 പഞ്ചായത്തുകളിലെയും സ്ഥിതി സമാനമായിരുന്നു. പ്രായമായവരുടെയും കൊച്ചുകുട്ടികളുടെയും സ്ഥിതിയായിരുന്നു ഏറെ കഷ്ടം. അവരെയൊക്കെ ചുമലിലേറ്റിയും കട്ടിലോടെയുമൊക്ക ക്യാമ്പുകളിൽ എത്തിച്ചത് സങ്കടക്കാഴ്ചയായിരുന്നു. വള്ളങ്ങളിലും ചങ്ങാടങ്ങിലുമൊക്കെയാണ് അവർ കരപ്പറ്റിയത്.
കരകവിഞ്ഞ പമ്പയാറ്റിലും മണിമലയാറ്റിലും കലങ്ങിമറിഞ്ഞെത്തിയത് കണ്ടവർ പകച്ചുനിന്നു. വെള്ളം പറമ്പുകളിൽനിന്ന് വീട്ടുമുറ്റത്തേക്കും വീടുകളിലേക്കും ഇരച്ചുകയറി. വീടുകളില്‍നിന്ന് പുറത്ത് കടക്കാനാവാതിരുന്നവര് മരണം മുന്നില്‍ക്കണ്ട് രക്ഷപെടാനുള്ള വഴികള്‍ തേടി. വൈദ്യുതി നിലച്ചതിനാല്‍ മൊബൈല്‍ഫോണുകളും നിന്നുപോയിരുന്നു. സമീപപ്രദേശത്തും മറ്റ് ജില്ലകളിലുമുള്ള ബന്ധുക്കളടക്കമുള്ളവർ പ്രളയത്തിലകപ്പെട്ടവരെപ്പറ്റി രാപ്പകലില്ലാതെ സമൂഹമാധ്യമങ്ങളിലൂടെ അയച്ച സന്ദേശങ്ങളാണ് ദുരിതമേഖയിലെ രക്ഷാദൗത്യത്തിന് സഹായകമായത്.
2018 മഹാപ്രളയത്തിനുശേഷം ഓരോമഴക്കാലവും കുട്ടനാടിന് നൽകുന്നത് ആവർത്തിക്കുന്ന ദുരിതങ്ങളാണ്. കടുത്ത മഴക്കാലത്താണ് ഈ പ്രദേശത്തുള്ളവർ വീട് ഉപേക്ഷിച്ച് മാറേണ്ട സ്ഥിതിയാണ്. കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽനിന്ന് രക്ഷിക്കാൻ ആവിഷ്കരിച്ച പദ്ധതികൾ നടപ്പാക്കാത്തതാണ് പ്രശ്നം. വേമ്പനാട് കായലിലും നദികളിലും ഇടത്തോടുകളിലും എക്കൽ നിറഞ്ഞ് ആഴം കുറഞ്ഞു. ഈ എക്കൽ നീക്കി അതിലൂടെ കുത്തിയെടുക്കുന്ന കട്ട (എക്കൽ) ഉപയോഗിച്ച് പാടശേഖരങ്ങളുടെ പുറംബണ്ട് ഉയരംകൂട്ടി ബലപ്പെടുത്തുകയും താഴ്ന്നപുരയിടങ്ങൾ ഉയർത്തുകയും വേണമെന്ന ആവശ്യം ഇനിയും പരിഗണിച്ചിട്ടില്ല.
വർഷങ്ങളായി കുട്ടനാട്ടുകാർ കേൾക്കുന്നതാണ് രണ്ടാം കുട്ടനാട് പാക്കേജ്. കടലാസിൽനിന്ന് കുട്ടനാട്ടിലേക്ക് ആ പാക്കേജ് ഇനിയെങ്കിലും ഇറങ്ങിവരണം. ഇടത്തോടുകൾ ആഴം കൂട്ടി പുനരുദ്ധരിച്ചും കടലിലേക്കുള്ള നീരൊഴുക്ക് വേഗത്തിലാക്കുന്നവിധം സമാന്തര കനാലുകൾ നിർമിച്ചും കുട്ടനാടിനെ വെള്ളക്കെട്ടിൽനിന്ന് രക്ഷിച്ചേതീരൂ. മീനച്ചിൽ, പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽനിന്നാണ് കുട്ടനാട്ടിലേക്ക് വെള്ളമെത്തുന്നത്. കിഴക്കൻവെള്ളത്തിനൊപ്പം ശക്തമായ മഴയും കൂടിയായാൽ കുട്ടനാട് വലിയൊരു അണക്കെട്ടുപോലെയാകും. ഇവിടെനിന്ന് വെള്ളം കടലിലേക്ക് എത്രയുംവേഗം ഒഴുക്കിവിടുകയാണ് പ്രധാനം.
കടലിലെ വേലിയേറ്റ, വേലിയിറക്കങ്ങൾ മനസ്സിലാക്കി ജലമൊഴുക്ക് നിയന്ത്രിക്കാനുള്ള സംവിധാനവും വേണം. പ്രളയത്തെ അതിജീവിക്കാൻ തീർത്ത ആലപ്പുഴ-ചങ്ങനാശ്ശേരി പാതയും അവസാനഘട്ടത്തിലാണ്. എ.സി റോഡിൽ പള്ളാത്തുരുത്തി വലിയപാലത്തിന്റെയും പണ്ടാരക്കളം മേൽപ്പാലത്തിന് മുകളിലൂടെയുള്ള വൈദ്യുതി ലൈൻ മാറ്റാൻ പുതിയ ടവർനിർമാണവുമാണ് ഇനി ബാക്കിയുള്ളത്. നിലവിൽ പണ്ടാരക്കുളം പാലത്തിന് താഴെ ഒറ്റവരിപാതയിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.