ആലപ്പുഴ: കനത്തമഴയിൽ കുട്ടനാട്, അപ്പർകുട്ടനാട് അടക്കമുള്ള പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീതിയിൽ. വരുംദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യത കണക്കിലെടുത്ത് എൻ.ഡി.ആർ.എഫ് സംഘം ജില്ലയിലെത്തി. തമിഴ്നാട് ആരക്കോണത്തെ ഫോർത്ത് ബറ്റാലിയനിലെ 24 അംഗ സംഘമാണ് ദുരിതബാധിത മേഖലയിലെ അടിയന്തര സാഹചര്യം നേരിടാനെത്തിയത്. മഴ ശക്തമായാൽ രക്ഷാപ്രവർത്തനങ്ങൾക്കായി കുട്ടനാട്, തീരദേശ മേഖലകൾ എന്നിവിടങ്ങളിൽ സംഘത്തെ നിയോഗിക്കും.
കലക്ടറേററ്റിലെത്തിയ സംഘം കലക്ടർ ഹരിത വി.കുമാർ, എ.ഡി.എം എസ്. സന്തോഷ് കുമാർ, ഡെപ്യൂട്ടി കലക്ടർ ആശ സി.എബ്രഹാം എന്നിവരുമായി ചർച്ചനടത്തി. വ്യാഴാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളതിനാൽ ചൊവ്വാഴ്ച ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കിഴക്കൻവെള്ളത്തിന്റെ വരവിൽ നദികളിലും തോടുകളിലും ജലമുയരുമെന്നത് ആശങ്കക്ക് ഇടയാക്കുന്നു. മഴയുമായി ബന്ധപ്പെട്ട് നിലവിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ പറഞ്ഞു. തോരാമഴയിൽ പമ്പ, മണിമല, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്.
പത്തനംതിട്ട, കോട്ടയം ജില്ലകളിലൂടെ ഒഴുകിയെത്തുന്ന ഈ പുഴകൾ താഴ്ന്ന പ്രദേശമായ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെത്തുന്നത്. കുട്ടനാട്ടിലെ മുട്ടാർ, വെളിയനാട്, രാമങ്കരി, പുളിങ്കുന്ന്, കാവാലം, കൈനകരി, അപ്പർ കുട്ടനാട്ടിലെ തലവടി, വീയപുരം പഞ്ചായത്തുകളിലും ചെങ്ങന്നൂർ, പാണ്ടനാട്, മാന്നാർ, തിരുവൻവണ്ടൂർ തുടങ്ങിയ സ്ഥലങ്ങളിലുമാണ് ആശങ്കയുള്ളത്. ഈ സ്ഥലങ്ങളിലെ പാടശേഖരങ്ങളിലും പുറംബണ്ടിലും വെള്ളക്കെട്ട് രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.