കുവൈത്ത് തീപിടിത്തം: കാണാതായ ചാവക്കാട് സ്വദേശി മരിച്ചതായി സ്ഥിരീകരിച്ചു

ചാവക്കാട്: കുവൈറ്റ് തീപിടിത്തത്തിൽ കാണാതായ ചാവക്കാട് സ്വദേശി മരിച്ചതായി സ്ഥിരീകരിച്ചു. തെക്കൻ പാലയൂരിൽ താമസിക്കുന്ന തിരുവല്ല തോപ്പിൽ തോമസ് ബാബുവിന്റെ മകൻ ബിനോയ് തോമസാണ് (44) മരിച്ചത്. കുവൈറ്റിലുള്ള സുഹൃത്തുക്കൾ മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.

തീപിടിത്തം നടന്ന ഫ്ലാറ്റിലായിരുന്നു ബിനോയ് തോമസ് താമസിച്ചിരുന്നത്. അപകടം നടക്കുന്നതിനു രണ്ടര മണിക്കൂർ മുമ്പ് വരെ ഓൺലൈനിൽ ഭാര്യയുമായി സംസാരിച്ചിരുന്നു. ബിനോയ് തോമസ് ഈ കെട്ടിടത്തിലാണ് താമസിച്ചിരുന്നതെന്നും കാണാനില്ലെന്നും അവിടെയുള്ള സുഹുത്തുക്കളാണ് നാട്ടിലേക്ക് വിളിച്ചറിയിച്ചത്. കെട്ടിടത്തിലെ പുതിയ താമസക്കാരനായതിനാൽ ബിനോയ് തോമസിനെ അധികമാർക്കുമറിയാതിരുന്നതാണ് മരണവിവരം പുറത്തറിയാൻ വൈകിയത്.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് ബിനോയ് ആദ്യമായി കുവൈറ്റിലെത്തിയത്. വ്യാഴാഴ്ച്ച തന്നെ ഹൈപ്പർ മാർക്കറ്റിലെ ജോലിയിൽ പ്രവേശിക്കുകയും ചെയ്ത ബിനോയ് സന്തോഷം നാട്ടിലെ കൂട്ടുകാരെയും വിളിച്ചറിയിച്ചിരുന്നു. പാവറട്ടിയിൽ ആശാ ഫുഡ് വെയർ എന്ന സ്ഥാപനത്തിലെ ജോലിക്കിടയിലാണ് കുവൈറ്റിലേക്കുള്ള വിസ ലഭിച്ചത്. മാതാവ്: അന്നമ്മ തോമസ്. ഭാര്യ: ജിനിത. നേരത്തെ ബിനോയിയെ കാണാനില്ലെന്ന ബന്ധുക്കളുടെ അറിയിപ്പിനെ തുടർന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.വി. അബ്ദുൽ ഖാദർ നോർക്കയെ അറിയിച്ചിരുന്നു.

Tags:    
News Summary - Kuwait Fire Tragedy: missing man found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.