കൊച്ചി: ഇടതുപക്ഷത്തോടൊപ്പം ചേർന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് വിമത ഭീഷണി മുഴക്കിയ കോൺഗ്രസ് നേതാവ് കെ.വി. തോമസ് ശനിയാഴ്ച തിരുവനന്തപുരത്ത് ഹൈക്കമാൻഡ് നേതൃസംഘത്തിെൻറ യോഗത്തിൽ പങ്കെടുക്കും. ഉമ്മൻ ചാണ്ടിയും സോണിയ ഗാന്ധിയും ഫോണിൽ വിളിച്ച് സംസാരിച്ചതിനെത്തുടർന്നാണ് മുതിർന്ന കോൺഗ്രസ് നേതാവായ കെ.വി. തോമസ് ഇടതുമുന്നണിയിലേക്ക് നീങ്ങുന്നുവെന്ന സൂചനകളെല്ലാം തള്ളിയത്.
വെള്ളിയാഴ്ച വൈകീട്ട് നാലിന് ഉമ്മൻ ചാണ്ടി വിളിച്ച് ഹൈക്കമാൻഡ് യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ''പിന്നീട് സോണിയ ഗാന്ധിയും വിളിച്ച് തിരുവനന്തപുരത്ത് പോകണമെന്ന് ആവശ്യപ്പെട്ടു. സോണിയാജി പറഞ്ഞാൽ പിന്നെ എനിക്ക് മറ്റൊന്നുമില്ല. അത്രമാത്രം കടപ്പാടും ബന്ധവുമുണ്ട്. കോവിഡ് തുടങ്ങുംമുമ്പ് ഡൽഹിയിൽ സോണിയാജിയെ കണ്ടിട്ടാണ് വന്നത്'' -അദ്ദേഹം പറഞ്ഞു.
ചില ദുഃഖവും പരിഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിലെ വിഷമംകൊണ്ടാണ് പരിപാടികളിൽ പങ്കെടുക്കാതിരുന്നത്. അല്ലാതെ വേറെയൊന്നുമില്ല. വൈറ്റില പാലം ഉദ്ഘാടനത്തിൽ പങ്കെടുത്തപ്പോൾ കൊച്ചിയിൽ സീറ്റിന് വേണ്ടി ശ്രമിക്കുന്നതായി ചില പ്രചാരണം വന്നു. ഉമ്മൻ ചാണ്ടിയുടെയും ബിഷപ്പിെൻറയും പിന്തുണയുണ്ട് എന്നൊക്കെ കേട്ടു. അതിനുശേഷമാണ് ഇടതുമുന്നണിയുമായി ബന്ധപ്പെെട്ടന്ന് പറഞ്ഞത്.
ഒരു സ്ഥാനവും ഇപ്പോൾ ചോദിച്ചിട്ടില്ല. സോണിയ ഗാന്ധി എന്തുപറഞ്ഞാലും തലകുനിച്ച് അനുസരിക്കും. 15 വർഷം എറണാകുളത്ത് ഡി.സി.സി പ്രസിഡൻറായ തനിക്ക് കൊച്ചി കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഒരുപങ്കാളിത്തവും തന്നില്ല. 74 ഡിവിഷനുകളിൽ ഒരാളെ നിർദേശിച്ചതും അംഗീകരിച്ചില്ല. അത് തിരസ്കരിക്കപ്പെട്ടപ്പോൾ വിഷമമുണ്ടായി. എെൻറ ഗ്രാമത്തിലെ സ്ഥാനാർഥി നിർണയത്തിലും എന്നെ പരിഗണിച്ചില്ല. അതിലൊക്കെയാണ് വിഷമമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.