കൊച്ചി: സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തില്ലെങ്കിൽ ഗൗരവമായി കാണുമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിെൻറ ഉത്തരവ് വിവാദത്തിൽ. എല്ലാ വർഷവും വിപുലമായ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്യുന്ന ലക്ഷദ്വീപിലെ ജനപ്രതിനിധികളെയും ജനങ്ങളെയും അപമാനിക്കുന്നതാണിതെന്ന് വില്ലേജ് ദ്വീപ് പഞ്ചായത്ത് അധികൃതർ പറഞ്ഞു. ലക്ഷദ്വീപ് കലക്ടർ എസ്. അസ്കർ അലിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സംഭവത്തിൽ പ്രതിഷേധിച്ച് കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് പ്രമേയം പാസാക്കുകയും അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവിന് കത്തയക്കുകയും െചയ്തു. ലക്ഷദ്വീപിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് അധ്യക്ഷൻ അബ്ദുൽ ഖാദർ 'മാധ്യമ'ത്തോട് പറഞ്ഞു.
എല്ലാവർഷവും ജനപ്രതിനിധികളെ സ്വാതന്ത്ര്യദിന പരിപാടികളിലേക്ക് ക്ഷണിക്കാറുണ്ട്. എന്നാൽ, ഇത്തവണ പങ്കെടുക്കാൻ ആവശ്യപ്പെടുന്നതിനൊപ്പം ഭീഷണിയുടെ സ്വരമാണ് ഉണ്ടായതെന്ന് പ്രമേയത്തിൽ കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് കുറ്റപ്പെടുത്തി.
കലക്ടറുടെ ഉത്തരവ് അനുചിതവും ജനാധിപത്യവിരുദ്ധവുമാണെന്ന് അവർ പറഞ്ഞു. ഉത്തരവ് പിൻവലിക്കാൻ കലക്ടർക്ക് നിർദേശം നൽകണമെന്നും അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവിനോട് വില്ലേജ് ദ്വീപ് പഞ്ചായത്ത് ആവശ്യപ്പെട്ടു. കവരത്തി സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന ആഘോഷം വൻവിജയമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.