ലക്ഷദ്വീപ്: കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ നടത്തുന്നത് ആസൂത്രിത പ്രചരണം -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ലക്ഷദ്വീപിന്‍റെ കാര്യത്തിൽ കോൺഗ്രസ് അടക്കം രാഷ്ട്രീയ പാർട്ടികൾ ആസൂത്രിതമായ പ്രചരണമാണ് നടത്തുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇതിന് പിന്നിൽ സി.പി.എമ്മും മുസ് ലിം ലീഗും ചില ജിഹാദി സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. ടൂൾ കിറ്റ് തയാറാക്കിയുള്ള വ്യാജ പ്രചരണമാണ് ലക്ഷദ്വീപ് വിഷയത്തിൽ നടത്തുന്നത്. ലക്ഷദ്വീപിൽ കോവിഡ് വ്യാപിക്കാൻ കാരണം അഡ്മിനിസ്ട്രേറ്ററാണെന്ന് ആരോപിക്കുന്നതായും കെ. സരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേലിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന ഘടകം രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ കാര്യത്തിൽ പുനരാലോചന വേണമെന്ന് ബി.ജെ.പി ലക്ഷദ്വീപ് ജനറൽ സെക്രട്ടറി എച്ച്.കെ. മുഹമ്മദ് കാസിം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാർട്ടി ജനറൽ സെക്രട്ടറി കത്തയക്കുകയും ചെയ്തു.

അഡ്‍മിനിസ്ട്രേറ്റര്‍ ദ്വീപിലെ വിവിധ ക്ഷേമപദ്ധതികൾ നിർത്തലാക്കി. ദ്വീപിലെ ദുരിത സാഹചര്യം കണക്കിലെടുക്കാതെ ജനദ്രോഹ നയങ്ങൾ നടപ്പാക്കുന്നു. പുതിയ അഡ്മിനിസ്ട്രേറ്റർ പാർട്ടിയുമായി സഹകരിക്കുന്നില്ലെന്നും മുഹമ്മദ് കാസിം ചൂണ്ടിക്കാട്ടുന്നു.

കർഷകർക്കുണ്ടായിരുന്ന വിവിധ ആനുകൂല്യങ്ങൾ നിർത്തിലാക്കി. 500 താൽകാലിക തദ്ദേശീയ ജീവനക്കാരെ പിരിച്ചുവിട്ടു.15 സ്കൂളുകൾ അടച്ചുപൂട്ടി. അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ വളരെ കുറച്ച് ദിവസം മാത്രമേ എത്താറുള്ളുവെന്നും മുഹമ്മദ് കാസിം കത്തിൽ വിവരിക്കുന്നുണ്ട്. 

Tags:    
News Summary - Lakshadweep: The planned campaign by the parties including the Congress -K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.