താനൂർ: കരിപ്പൂർ വിമാനത്താവള വികസനത്തിന് സ്ഥലമേറ്റെടുക്കൽ നടപടി അന്തിമഘട്ടത്തിലാണെന്നും ഇതിനെതിരെ നടക്കുന്ന പ്രചാരണങ്ങൾ അർഥശൂന്യമാണെന്നും മന്ത്രി വി. അബ്ദുറഹിമാൻ. സർക്കാർ 14.5 ഏക്കർ ഭൂമി മാത്രമാണ് ഏറ്റെടുക്കുന്നത്. നെടിയിരുപ്പ് വില്ലേജിൽ ഏഴര ഏക്കറും പള്ളിക്കൽ വില്ലേജിൽ ഏഴ് ഏക്കറും ഏറ്റെടുക്കാനാണ് സർക്കാർ ഭരണാനുമതി നൽകിയിട്ടുള്ളത്. അതിനുള്ള വിജ്ഞാപനമാണ് പുറപ്പെടുവിച്ചിട്ടുള്ളതും. മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണ്.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുത്ത ഭൂവുടമകളും ജനപ്രതിനിധികളും മുന്നോട്ടുവെച്ച ആവശ്യം വീട് നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നതായിരുന്നു. ഭൂവുടമകളിൽ ചിലർ നേരത്തേ വിമാനത്താവളത്തിനുവേണ്ടി ഭൂമി വിട്ടുനൽകിയവരാണെന്നതും വസ്തുതയാണ്. ഈ സാഹചര്യത്തിൽ വീടു നഷ്ടപ്പെടുന്നവർക്ക് 10 ലക്ഷം രൂപയെങ്കിലും നൽകണമെന്ന് യോഗത്തിൽ അഭിപ്രായമുണ്ടായി. ഈ കാര്യം സർക്കാറിനെ അറിയിച്ചതായും മന്ത്രി പറഞ്ഞു.
പ്രത്യേക പാക്കേജ് സർക്കാർ അനുവദിക്കുമെന്നുതന്നെയാണ് കരുതുന്നതെന്നും കൂടുതൽ സ്ഥലങ്ങൾ ഏറ്റെടുക്കുമെന്നും നഷ്ടപരിഹാരത്തുക കുറയുമെന്നുമുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭൂമി ഏറ്റെടുക്കൽ നടപടി ജൂലൈ 31ന് പൂർത്തിയാക്കാൻ കഴിയുന്ന രീതിയിലാണ് നടപടികൾ മുന്നോട്ടുപോകുന്നത്. അതിന് തടസ്സങ്ങളൊന്നുമില്ല. വികസനത്തിന്റെ പേരിൽ അന്യായമായി ഒരാളെപ്പോലും കുടിയിറക്കില്ലെന്നും എല്ലാവർക്കും തക്ക നഷ്ടപരിഹാരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.