ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ: സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ട് വിലയിരുത്താൻ വിദഗ്ധസമിതി

തിരുവനന്തപുരം: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ട് വിലയിരുത്താൻ വിദഗ്ധസമിതി രൂപവത്കരിച്ച് റവന്യൂ വകുപ്പിന്റെ ഉത്തരവ്. ഭൂമി ഏറ്റെടുക്കുന്നതിന് 2013 ലെ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് പഠന റിപ്പോർട്ട് വിലയിരുത്തി ശുപാർശ സമർപ്പിക്കേണ്ടത്.

കോട്ടയം എരുമേലി സൗത്ത്, മണിമല വില്ലേജുകളിൽ ഉൾപ്പെട്ട 2570 ഏക്കർ ഭൂമിയാണ് വിമാനത്താവള പദ്ധതിക്ക് ഏറ്റെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം നടത്തുന്നതിന് കൊച്ചി, തൃക്കാക്കര ഭാരത് മാതാ കോളജിനെ ചുമതലപ്പെടുത്തി 2024 സെപ്തംബർ ഒമ്പതിന് ഉത്തരവിറക്കിയിരുന്നു. ഈ പഠന റിപ്പോർട്ട് പരിശോധിച്ചു ശുപാർശ സമർപ്പിക്കുന്നതിന് വിദഗ്ധ സമിതി സർക്കാർ രൂപവത്കരിക്കണമെന്ന് നിയമത്തിലുണ്ട്.

നിയമത്തിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് വിലയിരുത്തുന്നതിന് വിദഗ്ധസമിതി രൂപവത്കരിക്കുന്നതിന് കോട്ടയം കലക്ടർ ഡിസംബർ 28ന് റവന്യൂ വകുപ്പിന് കത്ത് നൽകി. സാമൂഹിക നീതി വകുപ്പ് മുൻ അഡീഷനൽ ഡയറക്ടർ പി. പ്രതാപൻ (സോഷ്യോളജിസ്റ്റ്) ചെയർമാനും സാങ്കേതിക വിദഗ്ധനായ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ (കൊമേഴ്സ്യൽ) ആർ. ഹരികുമാർ കൺവീനറായും സമിതി രൂപവത്കരിച്ചാണ് ഉത്തരവ്.

സോഷ്യോളജിസ്റ്റായ നിഷ ജോളി നെൽസൺ (അസി. പ്രഫ. സോഷ്യോളജി ഡിപ്പാർട്ട്മെൻറ് കോട്ടയം സി.എം.എസ് കോളജ് ) പുനരധിവാസ വിദഗ്ധൻ അസി. പ്രഫ. ഡോ. പി. ഷഹവാസ് ഷരീഫ് (കോട്ടയം സി.എം.എസ് കോളജ് ), അസോസിയേറ്റ് പ്രഫ. ഡോ. പി.പി നൗഷാദ് (എം.ജി സർവകലാശാല ഗാന്ധിയൻ തോട്സ് ആൻഡ് സ്റ്റഡീസ്), മണില ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ അംഗം റോസമ്മ ജോൺ, 14 ാം വാർഡിലെ അംഗം ബിനോയ് വർഗീസ്, എരുമേലി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ അംഗം അനുശ്രീ ബാബു, അഞ്ചാം വാർഡിലെ അംഗം അനിത സന്തോഷ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. 

ഹാരിസൺസ് കമ്പനി ബിഷപ്പ് കെ.പി. യോഹന്നാന് വിറ്റ പാട്ടഭൂമിയായ ചെറുവള്ളി എസ്റ്റേറ്റാണ് വിമാനത്താവള നിർമാണത്തിന് സർക്കാർ ഏറ്റെടുക്കുന്നത്. ഈ ഭൂയുടെ ഉടമാവകാശം സംബന്ധിച്ച കേസ് സിവിൽ കോടതിയിലാണ്. 

Tags:    
News Summary - Land Acquisition for Sabarimala Airport: Expert Committee to Appraise Social Impact Study Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.