ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് പൊന്നും വിലക്ക് ഏറ്റെടുക്കാൻ അണിയറ നീക്കം

കോഴിക്കോട് : ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് പൊന്നും വില നൽകി ഏറ്റെടുക്കാൻ സർക്കാരിൻറെ അണിയറ നീക്കം. നേരത്തെ പലതവണ ഇതിനുള്ള നീക്കം നടത്തിയിരുന്നു. എന്നാൽ, മുൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരൻ മുതൽ എം.ജി രാജമാണിക്യം വരെയുള്ള റിപ്പോർട്ടുകളാണ് സർക്കാരിന് തടസമായത്.

ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച്  റിപ്പോർട്ട് നൽകാൻ സാമൂഹിക നീതി വകുപ്പ് മുൻ അഡീഷണൽ ഡയറക്ടർ പി. പ്രതാപൻ ചെയർമാനായി വിദഗ്ധ സമിതി രൂപീകരിച്ച് ഈ മാസം ഒന്നിന് റവന്യൂ വകുപ്പ് ഉത്തരവിറക്കി. 2013ലെ എൽ.എ.ആർ.ആർ നിയമപ്രകാരം വിലയിരുത്തി രണ്ട് മാസത്തിനകം ശിപാർശ സമർപ്പിക്കാണ് ഉത്തരവ്. 1947ന് മുമ്പ് ബ്രിട്ടീഷ് കമ്പനികൾക്ക് പാട്ടാവകാശം ഉണ്ടായിരുന്ന ഹാരിസൺസ് ഭൂമി വയനാട്ടിലെ പുനരധിവാസത്തിന്  പൊന്നും വിലകൊടുത്ത് ഏറ്റെടുക്കാനുള്ള ഹൈകോടതി വിധിക്ക് തൊട്ടു പിന്നാലെയാണ് റവന്യൂ വകുപ്പ് ചെറുവള്ളിയുടെ ഉത്തരവിറക്കിയത്. 

ഭൂമി ഏറ്റെടുക്കുന്നതിന് ബിഷപ്പ് കെ.പി യോഹന്നാൻ വലിയ സമ്മർദം ചെലുത്തിയെങ്കിലും സർക്കാരിന് ഏറെ മുന്നോട്ട് പോകാനായില്ല. ഇപ്പോഴത്തെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ അന്വേഷണ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി സർക്കാർ ഭൂമി സർക്കാർ എന്തിന് വിലകൊടുത്ത് ഏറ്റെടുക്കണം എന്ന് നോട്ട് എഴുതുകയും ചെയ്തു. അതോടെ സിവിൽ കേസിലെ വിധി വന്നിട്ടല്ലാതെ പൊന്നും വില നൽകി ഏറ്റെടുക്കാൻ ആവില്ല എന്ന നിഗമനത്തിൽ സർക്കാർ എത്തിയിരുന്നു.

വയനാട് ഉരുൾപൊട്ടലിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ടാണ് ചെറുവള്ളി ഭൂമി ഏറ്റെടുക്കൽ വീണ്ടും സജീവമായത്. വയനാട്ടിലെ ഭൂമി ഏറ്റെടുക്കലിൽ ഉണ്ടായ ഹൈകോടതി വിധി ചെറുവള്ളിക്കും ബാധകമാണ്. 1947 ന് മുമ്പ് വയനാട്ടിലെ നെടുമ്പാല എസ്റ്റേറ്റും എൽസ്റ്റൻ എസ്റ്റേറ്റും ഹാരിസൻസ് കമ്പനിയുടെ പാട്ട ഭൂമിയാണ്. അതുപോലെയാണ് ചെറുവള്ളി എസ്റ്റേറ്റിന്റെയും അവസ്ഥ.

വയനാട്ടിൽ പാട്ട ഭൂമിയുടെ ഉടമസ്ഥതാവാകാശ തർക്കം സിവിൽ കോടതിയിൽ നിൽക്കേ പൊന്നും വില നൽകാമെങ്കിൽ ചെറുവള്ളിയിലും അതേ മാതൃക സ്വീകരിക്കാമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുട അഭിപ്രായം. ചെറുവള്ളി എസ്റ്റേറ്റ് ഹാരിസൺ കമ്പനി കൈമാറിയത് ഗോസ് പൽ ഫോർ ഏഷ്യ എന്ന ചാരിറ്റബിൾ സൊസൈറ്റിക്ക് ആയിരുന്നു. ചെറുവള്ളിക്കായി ഇപ്പോൾ കോടതി കയറുന്നത് അയന ചാരിറ്റബിൾ സൊസൈറ്റി ആണ്.

കോസ് നിലനിൽക്കെ ഗോസ്പൽ ഫോർ ഏഷ്യ ചെറുവള്ളിയിലെ ഭൂമി അയന ചാരിറ്റബിൾ സൊസൈറ്റിക്ക് കൈമാറി. അതിനാൽ വയനാട്ടിലേതു പോലെ ഭൂമിക്ക് പൊന്നും വില നൽകണമെന്ന് അവർ കോടതിയിൽ ആവശ്യപ്പെടും. നിലവിലുള്ള ഹൈകോടതി ഉത്തരവ് പ്രകാരം സർക്കാർ അവർക്കും പൊന്നു നൽകേണ്ടിവരും. സർക്കാരിന് ഇക്കാര്യത്തിൽ എതിർക്കാൻ ആവില്ല.

ഇവർ കൈവശം വെച്ചിരിക്കുന്ന പാട്ട ഭൂമിക്ക് ഉടമസ്ഥാവകാശം ഉണ്ടെന്ന് 2014 ൽ ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവുണ്ടെന്നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പുതിയ വിധിന്യായത്തിൽ വ്യക്തമാക്കിയത്. ഈ വിധി തിരുത്താത്തിടത്തോളം കാലം ചെറുവള്ളി എസ്റ്റേറ്റ് കൈവശം വെച്ചിരിക്കുന്നവർക്ക് പൊന്നും വില നൽകേണ്ടിവരും.

ശബരി വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ ചെറുവള്ളി എസ്റ്റേറ്റിന് പൊന്നും വില നൽകാൻ ആണ് വയനാട് കേസിൽ സർക്കാർ 2015 ലെ ഭൂമി ഏറ്റെടുക്കൽ ചട്ടത്തെക്കുറിച്ച് നിശബ്ദത പാലിച്ചതെന്ന ആരോപണമുണ്ട്. എ.ജി ഹൈകോടതിയിൽ പൊന്നും വില നിൽകാമെന്ന് അറിയിച്ചിരുന്നു. വയനാട്ടിൽ പുനരധിവാസത്തിനായി ഏറ്റെടുക്കുന്നത് വളരെ ചെറിയ ഭൂമിയാണ്. അതേസമയം കോട്ടയം എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2570 ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്.

പൊന്നും വില നൽകി ഭൂമി ഏറ്റെടുത്താലും ശബരിമല വിമാനത്താവളം വികസന നേട്ടമായി അവതരിപ്പിക്കാൻ സർക്കാരിന് കഴിയും. വിമാനത്താവളം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വിട്ടുവീഴ്ച നൽകാം എന്ന അഭിപ്രായം ഇടതുപക്ഷത്ത് ശക്തമാണ്. ഭൂമി ഏറ്റെടുക്കുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫിസ് പച്ചക്കൊടി കാണിച്ചതിനാലാണ് നടപടി വേഗത്തിലായത്. ചെറുവള്ളി ഏറ്റെടുക്കുന്നതിന് മുമ്പുള്ള റിഹേഴ്സലാണ്  വയനാട്ടിൽ നടത്തുന്നതെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.

Tags:    
News Summary - Sabarimala Airport: A team moves to take over Cheruvalli estate property

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.