തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ രണ്ടാംദിനത്തിൽ 25 വേദികളിലായി മത്സരങ്ങൾ പുരോഗമിക്കുന്നു. തലസ്ഥാന നഗരിയിൽ അവധിദിവസത്തിൽ വൻതോതിൽ ആസ്വാദകരാണ് കലോത്സവത്തിന്‍റെ ഭാഗമാകാൻ ഒഴുകിയെത്തുന്നത്. സ്വർണക്കപ്പിനായുള്ള പോയിന്‍റ് പട്ടികയിലാകട്ടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. വൈകീട്ട് നാല് മണിക്കുള്ള പോയിന്‍റ് നില പ്രകാരം 308 പോയിന്‍റോടെ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂരാണ് മുന്നിൽ. 305 പോയിന്‍റുമായി തൃശ്ശൂർ രണ്ടാമതും 303 പോയിന്‍റുമായി കോഴിക്കോട് മൂന്നാമതുമുണ്ട്. ആകെ 249 മത്സരയിനങ്ങളിൽ 85 എണ്ണമാണ് പൂർത്തിയായത്.
സ്കൂളുകളുടെ പോയിന്‍റ് പട്ടികയിൽ 45 പോയിന്‍റ് വീതം നേടിയ പത്തനംതിട്ട എസ്.വി.ജി.വിഎച്ച്.എസ്.എസ് കിടങ്ങന്നൂർ, ആലപ്പുഴ എൻ.എസ് ബോയ്സ് എച്ച്.എസ്.എസ് മാന്നാർ എന്നിവരാണ് മുന്നിലുള്ളത്. 43 പോയിന്‍റുമായി തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറിയാണ് മൂന്നാമത്.
പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ എം.ടി-നിളയിൽ എച്ച്.എസ്.എസ് വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം, രണ്ടാം വേദിയായ വഴുതക്കാട് വിമൻസ് കോളജ് ഓഡിറ്റോറിയത്തിൽ ഹൈസ്കൂൾ പെൺകുട്ടികളുടെ നാടോടിനൃത്തം, മൂന്നാംവേദിയായ ടാഗോർ തിയറ്ററിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യം എന്നിവയാണ് പുരോഗമിക്കുന്നത്. വിശദമായ ഷെഡ്യൂളിന് കലോത്സവ വെബ്സൈറ്റ് സന്ദർശിക്കാം.
63ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്നലെയാണ് പ്രധാനവേദിയായ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കമായത്. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സ്കൂൾ കലോത്സവത്തിൽ 25 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ 15,000ത്തോളം വിദ്യാർഥികളാണ് പങ്കെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.