ഏലപ്പാട്ടഭൂമി തിരിച്ചെടുക്കാന്‍  നടപടിയുമായി റവന്യൂ വകുപ്പ്

കോട്ടയം: മൂന്നാറിലടക്കം സ്വകാര്യവ്യക്തികള്‍ക്ക് കൃഷിക്കായി പാട്ടത്തിന് നല്‍കിയ മുഴുവന്‍ സര്‍ക്കാര്‍ ഭൂമിയും തിരിച്ചെടുക്കുമെന്ന് റവന്യൂ വകുപ്പ്. മൂന്നാറിലെ അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ വിശദ വാദം കേള്‍ക്കുമ്പോള്‍ ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കാനും റവന്യൂ വകുപ്പ് തീരുമാനിച്ചു. അതിനിടെ, സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി തിരിച്ചെടുക്കാന്‍ പാട്ടക്കരാര്‍ റദ്ദാക്കുന്നതടക്കം ശക്തമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യനും ‘മാധ്യമ’ത്തോട് പറഞ്ഞു. ഏലപ്പട്ടയം ദുരുപയോഗം ചെയ്ത് നിരവധിപേര്‍ അനധികൃത നിര്‍മാണം നടത്തിയിട്ടുണ്ട്. മൂന്നാറിലടക്കം വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ വ്യാപകമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്. മൂന്നാറിലെ ബഹുഭൂരിപക്ഷം നിര്‍മാണപ്രവൃത്തികളും നിലവില്‍ അനധികൃതമാണ്. അതിനാല്‍ പാട്ടക്കരാര്‍ റദ്ദാക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കും. 

ഇതിനായി റവന്യൂ വകുപ്പ് പ്രത്യേക സംവിധാനം ഒരുക്കും. കോടതി പരാമര്‍ശമടക്കമുള്ള കാര്യങ്ങള്‍ റവന്യൂ വകുപ്പ് പരിശോധിച്ചുവരുകയാണെന്നും കോടതിയില്‍ വസ്തുത ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.1936ലെ തിരുവിതാംകൂര്‍ ഏലം ചട്ടപ്രകാരം പ്രാഥമിക രജിസ്ട്രേഷന്‍ മാത്രമാണ് ഈ പാട്ടഭൂമിയില്‍ നടന്നിട്ടുള്ളത്. ഏലം കൃഷിക്ക് മാത്രമാണ് സ്ഥലം കൈമാറിയതും. ഇതില്‍ മാറ്റം വരുത്താനോ നിര്‍മാണപ്രവര്‍ത്തനം നടത്താനോ അനുവാദമില്ല. 
ഇക്കാര്യത്തില്‍ രേഖകള്‍  പരിശോധിക്കാനും തുടര്‍ നടപടി സ്വീകരിക്കാനും സിവില്‍ കോടതികള്‍ക്കാണ് അധികാരം. ഇത് മറികടന്നാണ് ഹൈകോടതി വിഷയത്തില്‍ ഇടപെട്ടതെന്നതും പുതിയ വിവാദത്തിനും വഴിയൊരുക്കുമെന്നാണ് സൂചന. റിസോര്‍ട്ട് ഉടമകള്‍ നല്‍കിയ ഫോട്ടോകോപ്പി വെച്ചാണ് ഹൈകോടതി ഉടമസ്ഥാവകാശം പതിച്ചുനല്‍കിയത്. 

ഇക്കാര്യം സുപ്രീംകോടതി ഗൗരവമായി കാണുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. എന്നാല്‍, കടുത്ത നടപടികളുമായി മുന്നോട്ടുപോകാനാണ് റവന്യൂ വകുപ്പിന്‍െറ തീരുമാനം. വി.എസ് അധ്യക്ഷനായ സംസ്ഥാന ഭരണപരിഷ്കാര കമീഷനും ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.

Tags:    
News Summary - land acqusition by land department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.