തിരുവനന്തപുരം: ഭൂമി പതിച്ചുകൊടുക്കൽ ഭേദഗതി ബിൽ നിയമസഭ പാസാക്കിയതിന് പിന്നാലെ രൂപവത്കരിക്കുന്ന പുതിയ ചട്ടം ഡിസംബറിനകം പുറത്തിറക്കും. 15 സെന്റുവരെയുള്ള പട്ടയഭൂമിയിലെ 1500 ചതുരശ്രയടി വരെയുള്ള കെട്ടിടങ്ങൾ ഫീസില്ലാതെ ക്രമപ്പെടുത്തി നൽകുന്നത് ഉൾപ്പെടെ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാകും ചട്ടം.
ഉപജീവന ആവശ്യത്തിനായി നിർമിച്ച കടമുറികളും ചെറിയ നിർമിതികളും ക്രമപ്പെടുത്തുന്ന കാര്യത്തിലാണ് ഇപ്പോൾ ധാരണ ഉണ്ടായിരിക്കുന്നത്.
പൊതുആവശ്യത്തിനായി പട്ടയഭൂമിയിൽ നിർമിച്ച സ്കൂൾ, ആശുപത്രി പോലുള്ളവയുടെ കാര്യത്തിലും അനുകൂല നിലപാടാണ് സർക്കാറിനുള്ളത്. 1960ലെ ഭൂപതിവു നിയമം ഭേദഗതി ചെയ്ത ബിൽ നിയമമാകുന്നത് മുന്നിൽ കണ്ട് ഇതിനായുള്ള ചട്ടത്തിന്റെ പ്രാഥമിക കരട് റവന്യൂ വകുപ്പ് നേരത്തേ തയാറാക്കിയിരുന്നു.
എന്നാൽ, ഗൗരവമേറിയ ചട്ടലംഘനങ്ങളുടെ കാര്യത്തിൽ എന്തുവേണമെന്നതിൽ രാഷ്ട്രീയ തീരുമാനം ആവശ്യമാണ്. ക്വാറികൾ ഉൾപ്പെടെ പ്രവർത്തനങ്ങൾക്ക് പട്ടയഭൂമി ഉപയോഗിച്ചത് ക്രമപ്പെടുത്തണമോ, പട്ടയഭൂമിയിലെ റിസോർട്ട്, ഹോട്ടൽ പോലുള്ള വൻനിർമാണങ്ങളിൽ എന്താകണം നിലപാട് തുടങ്ങിയ കാര്യങ്ങളിലാണ് രാഷ്ട്രീയ തീരുമാനം രൂപപ്പെടേണ്ടത്. കോടതിയിലുള്ള വ്യവഹാരങ്ങളും സർക്കാറിന് തലവേദനയാണ്. പട്ടയഭൂമിയിൽ ചട്ടം ലംഘിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ ക്രമപ്പെടുത്താൻ സംസ്ഥാന സർക്കാറിന് അധികാരം നൽകുന്നതാണ് ഭേദഗതിയെന്ന ആക്ഷേപം ശക്തമാണ്. പട്ടയഭൂമിയിൽ ചട്ടംലംഘിച്ച് പണിത പാർട്ടി ഓഫിസുകൾക്ക് അടക്കം ഇളവ് ലഭിക്കാനാണ് ഭേദഗതി എന്നും ആരോപണം ഉയർന്നിട്ടുണ്ട്. നിർണായക ഭേദഗതി നിയമസഭ ഐകകണ്ഠ്യേനയാണ് പാസാക്കിയത്.
പട്ടയഭൂമിയിൽ വീട് വെക്കാനും കൃഷിക്കും അനുബന്ധ ആവശ്യങ്ങൾക്കും മാത്രമേ ഉപയോഗിനാകൂ എന്ന നിയമമാണ് മാറിയത്. ഇടുക്കിയിലെ കർഷകപ്രശ്നം മുൻനിർത്തിയാണ് ഭരണ-പ്രതിപക്ഷങ്ങൾ ഭേദഗതിയിൽ യോജിച്ചതെന്നാണ് പറയുന്നതെങ്കിലും ഇതിന്റെ മറവിൽ ചട്ടംലംഘിച്ച വാണിജ്യ കെട്ടിടങ്ങൾ അടക്കം ക്രമപ്പെടുത്തുന്നതിന് വഴിയൊരുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.