തൊടുപുഴ: ഇടുക്കി ജില്ലയിലെ കൊട്ടക്കാമ്പൂരിൽ ഭൂമി കൈയടക്കിവെച്ചവരിൽ ഏറെയും വമ്പന്മാരോ ഉന്നതരാഷ്ട്രീയ നേതാക്കളുടെ ബിനാമികളോ ആണെന്ന് കണ്ടെത്തൽ. അനധികൃതമായി ഭൂമി സ്വന്തമാക്കിയ 151 പേരുടെ പട്ടികയാണ് റവന്യൂ വകുപ്പ് തയാറാക്കിയിട്ടുള്ളത്. പെരുമ്പാവൂരിലെ ജനപ്രതിനിധിയായ ഒരു സി.പി.എം നേതാവിന് ഇവിടെ വിവിധ പേരുകളിൽ 52 ഏക്കർ ഭൂമിയുണ്ട്.
ഇടുക്കി എം.പിയുടെ പട്ടയം റദ്ദാക്കുന്നതിന് റവന്യൂ വകുപ്പ് കണ്ടെത്തിയ കാരണങ്ങൾ ബാധകമായ ഭൂമിയാണിതും. 13 മുക്ത്യാറുകളിലൂടെയാണ് ഭൂമി സ്വന്തമാക്കിയത്. ഇതിൽ 14 ഏക്കർ സ്വന്തം പേരിലും ശേഷിച്ചത് ഭാര്യയുടെയും സഹോദരങ്ങളുടെയും പേരിലുമാണ്. ഉന്നത യു.ഡി.എഫ് നേതാവിനും ബിനാമിയുടെ പേരിൽ ഇതേ പ്രദേശത്ത് ഭൂമിയുണ്ട്. ചെന്നൈ ആസ്ഥാനമായ കമ്പനി മുതൽ തിരുവനന്തപുരം, മലപ്പുറം, കൊല്ലം ജില്ലയിലെ നിരവധിപേർവരെ ഭൂമി വൻതോതിൽ സ്വന്തമാക്കിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ കോതമംഗലം, പെരുമ്പാവൂർ, അങ്കമാലി സ്വദേശികൾക്കും നിരവധി ഏക്കർ ഭൂമി കൊട്ടക്കാമ്പൂരിലുണ്ട്. ഇടുക്കി ജില്ലക്ക് പുറത്തുള്ളവരാണ് കൈയേറ്റക്കാരിൽ ഭൂരിഭാഗവും. പലരും ബിനാമി പേരുകളിലാണ് ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നതെന്ന് മാത്രം. ചെന്നൈയിലെ അഗ്രോ പ്രോഡക്ട് ലിമിറ്റഡ് എന്ന കമ്പനി ഡയറക്ടറുടെ പേരിൽ വൻതോതിലാണ് ഭൂമിയുള്ളത്.
റോയൽ എന്ന പേരിലെ അഗ്രിക്കൾച്ചർ കമ്പനിയും സ്ഥലം സ്വന്തമാക്കിയിട്ടുണ്ട്. ഇവരിൽ ഭൂരിപക്ഷം പേരും വ്യാജമായി പവർ ഓഫ് അറ്റോർണി (മുക്ത്യാർ) ഉണ്ടാക്കി സ്ഥലം കൈയടക്കിവെച്ചിരിക്കുന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.