ഭൂമിക്ക് പട്ടയം: സംസ്ഥാന, ജില്ല, താലൂക്ക് തലത്തിൽ പ്രത്യേക ദൗത്യ സംഘം

തിരുവനന്തപുരം: എല്ലാ ഭൂമിക്കും പട്ടയം നൽകാൻ സംസ്ഥാന, ജില്ല, താലൂക്ക് തലത്തിൽ പ്രത്യേക ദൗത്യ സംഘം രൂപീകരിക്കാൻ ഉത്തരവ്. എല്ലാവർക്കും ഭൂമി എല്ലാം ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം മുൻ നിർത്തി ഭൂരഹിതർക്കും രേഖകളില്ലാതെ നിയമപരമായി ഭൂമി കൈവശം വച്ച് വരുന്നവർക്കും പട്ടയം നൽകാനാണ് തീരുമാനം. ഈ ദൗത്യം ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കുന്നതിനും വേണ്ടി സംസ്ഥാനത്ത് പട്ടയ മിഷൻ രൂപീകരിച്ചത്.

ഇതിനായി സംസ്ഥാന, ജില്ലാ, താലൂക്ക്, വില്ലേജ് കാര്യാലയങ്ങളിൽ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് പ്രവർത്തിക്കാൻ ലാന്റ് റവന്യൂ കമീഷണർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് പട്ടയ മിഷന് രൂപം നൽകി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാന നിരീക്ഷണ സമിതി, സംസ്ഥാന, ജില്ല, താലൂക്ക് ദൗത്യ സംഘം, വില്ലേജ് തല വിവരശേഖരണ സമിതി എന്നിവ രൂപീകരിക്കും.

പട്ടയ മിഷന്റെ ഘടനയും ചുമതലകളും

സംസ്ഥാന നിരീക്ഷണ സമിതിയുടെ കൺവീനർ റവന്യൂ സെക്രട്ടറിയാണ്. നിയമ, തദ്ദേശ സ്വയംഭരണ, പൊതു മരാമത്ത് വകുപ്പ്, വനം-വന്യജീവി, ജലവിഭവ, പട്ടികജാതി -വർഗ, ഫിഷറീസ് വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളാണ്.

സംസ്ഥാന പട്ടയ മിഷൻ പ്രവർത്തനങ്ങളുടെ അവലോകനവും നിർദേശങ്ങളും നൽകൽ, വിവിധ വകുപ്പുകളുടെ അധീനതയിലുള്ള പുറമ്പോക്കുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന് ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികളുടെ ഏകോപനം, വിവിധ വകുപ്പുകളുടെ കീഴ് ഘടകങ്ങളുടെ പ്രവർത്തനത്തിനുള്ള നിർദേശവും ഏകോപനവും നിയമപരമായ പ്രശ്നങ്ങളുള്ള പട്ടയ അപേക്ഷകളിൽ ആവശ്യമായ നിയമ ഭേദഗതി ശുപാർശ ചെയ്യുക, വിവിധ വകുപ്പുകളുടെ കൈവശത്തിലുള്ളതും ഉപയോഗത്തിലില്ലാത്തതുമായ ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കൽ തുടങ്ങിയവ സമിതിയുടെ ചുമതലയാണ്.

ദൗത്യസംഘം

ലൻഡ് റവന്യൂ കമീഷണർ സംസ്ഥാനതല ദൗത്യസംഘത്തിന്റെ ചെയർപേഴ്സനും ലാൻഡ് ബോർഡ് സെക്രട്ടറി കൺവീനറുമാണ്. സർവേ ആൻഡ് ലാൻഡ് റിക്കോർഡ്സ് ഡയറക്ടർ, ലാൻഡ് ബോർഡിലെ ലോ ഓഫിസർ, അസിസ്റ്റന്റ് കമീഷണർ (ഭൂപതിവ്)എന്നിവർ അംഗങ്ങളുമായിരിക്കും.

പട്ടയ സോഫ്റ്റ് വെയറും, ഡാഷ് ബോർഡ് നാളതീകരിക്കുന്നതിനും ആവശ്യമായ നടപടികൾ ഐ.ടി. സെല്ലുമായി ഏകോപിപ്പിച്ച് നടപ്പിൽ വരുത്തണം. ജില്ലകളിലെ പ്രവർത്തന പുരോഗതി നിരന്തരം വിലയിരുത്തി പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുക, ആയതിനുള്ള നിർദേശം നൽകണം.

സംസ്ഥാന തലത്തിലും എല്ലാ ജില്ലകൾക്കും പ്രത്യേകമായും ഓരോ മാസവും യോഗം ചേരണം. ജില്ലകളിൽ സന്ദർശനം നടത്തിയോ ഓൺലൈൻ വഴിയോ യോഗങ്ങൾ നടത്തി സങ്കീർണമായ പ്രശ്നങ്ങൾക്ക് പരിഹാരം തേടണം.ആവശ്യമായ നിയമ, ചട്ടഭേദഗതി,നയ തീരുമാനങ്ങൾ സർക്കാരിലേക്ക് ശുപാർശ ചെയ്യണം.

ജില്ലകൾക്ക് അവരുടെ രേഖാമൂലമുള്ള അപേക്ഷയുടെ അടിസ്ഥാനത്തിൽ പട്ടയ ഫോമുകൾ നൽകണം. ജീവനക്കാർക്ക് ആവശ്യമായ പരിശീലനങ്ങളും നിർദേശങ്ങളും നൽകണം. പട്ടയ വിതരണവുമായി ബന്ധപ്പെട്ട് എല്ലാ സർക്കാർ ഉത്തരവുകളും ക്രോഡീകരിച്ച് സോഫ്റ്റ് വെയറിൽ ലഭ്യമാക്കണം തുടങ്ങിയവ സംസ്ഥാന തല ദൗത്യ സംഘത്തിന്റെ ചുമതലയാണ്.

ജില്ലാ ദൗത്യ സംഘത്തിന്റെ ചെയർപേഴ്സൺ കലക്ടറാണ്. താലൂക്ക് തല ദൗത്യസംഘത്തിന് തഹസിൽദാരാണ് നേതൃത്വം നൽകുന്നത്. വില്ലേജ് തല വിവര ശേഖരണ സമിതിയുടെ കൺവീനർ വില്ലേജ് ഓഫീസറാണ്.

വില്ലേജ് തല ജനകീയ സമിതിയായിരിക്കും വില്ലേജ് തല വിവര ശേഖരണ സമിതി. പട്ടയമില്ലാത്ത കോളനികൾ കണ്ടെത്തുക, അർഹതയുണ്ടായിട്ടും പട്ടയത്തിന് അപേക്ഷ നൽകാത്തവരെ കണ്ടെത്തുക, വിതരണത്തിനാവശ്യമായ ഭൂമി കണ്ടെത്തി റിപ്പോർട്ട് ചെയ്യുക, വില്ലേജ് പരിധിയിലെ പട്ടയ വിഷയങ്ങൾ കണ്ടെത്തുക. എല്ലാ വില്ലേജ് തല ജനകീയ സമിതിയിലും പട്ടയമിഷൻ ഒരു അജണ്ടയായി ഉൾപ്പെടുത്തുകയും സമിതിയിൽ അംഗങ്ങളായ ജനപ്രതിനിധികളിൽ നിന്നും പട്ടയ വിഷയങ്ങൾ ക്രോഡീകരിച്ച് താലൂക്ക് ദൗത്യ സംഘത്തിന് റിപ്പോർട്ട് ചെയ്യുക തുടങ്ങിയവയെല്ലാം സമിതിയുടെ ചുമതലയാണ്. 

Tags:    
News Summary - Land tenure: Special Task Force at State, District and Taluk level

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.