ഭൂരഹിതരായ എല്ലാവർക്കും ഭൂമി ലഭ്യമാക്കുമെന്ന് കെ. രാജൻ

കൊച്ചി: ഭൂരഹിതരായ എല്ലാവർക്കും ഭൂമി ലഭ്യമാക്കുമെന്ന് മന്ത്രി കെ. രാജൻ. മാറാടി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അർഹതയുള്ള മുഴുവൻ പേർക്കും സ്വന്തമായി ഭൂമി ലഭ്യമാക്കാൻ പ്രത്യേക ശ്രദ്ധയാണ് സർക്കാർ നൽകുന്നത്. അതിന്റെ ഭാഗമായാണ് പട്ടയ മിഷൻ രൂപീകരിച്ചിരിക്കുന്നത്.

എല്ലാവർക്കും ഭൂമി ഉറപ്പാക്കുന്നതോടൊപ്പം ഭൂമി സംബന്ധമായ രേഖകളുടെ കാര്യവും ഏറെ പ്രധാനമാണ്. കൃത്യതയുള്ള രേഖകൾ ഉറപ്പാക്കുന്നതിനായി ഡിജിറ്റൽ റീ സർവേ നടപടികൾ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി 848 കോടി രൂപ ചെലവിൽ നാലായിരത്തോളം സർവേയർമാരെയും ഹെൽപ്പർമാരെയും നിയോഗിച്ച് അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഡിജിറ്റൽ റീസർവേ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളെയും സ്മാർട്ട് ആക്കുക എന്ന ദൗത്യം അതിവേഗം നടന്നുവരികയാണ്. ആധുനിക സൗകര്യങ്ങളോടെ ഒരുക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസുകൾ ജനങ്ങൾക്കും ജീവനക്കാർക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ആകെ 44 ലക്ഷം രൂപ ചെലവിൽ മികച്ച നിലവാരത്തിലാണ് മാറാടി സ്മാർട്ട് വില്ലേജ് ഓഫീസ് ഒരുക്കിയിരിക്കുന്നത്. ഓഫീസ് റൂമുകൾ, സന്ദർശകർക്കുള്ള മുറി, റെക്കോഡ് റൂം, ശുചിമുറികൾ തുടങ്ങിയ വിവിധ സൗകര്യങ്ങളാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്.

പ്രാദേശികമായി സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി (ഓൺലൈനായി), കലക്ടർ എൻ.എസ്.കെ ഉമേഷ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ, മാറാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഒ.പി ബേബി, ആരക്കുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ജാൻസി മാത്യു, വാർഡ് കൗൺസിലർ രാജശ്രീ രാജു, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, മൂവാറ്റുപുഴ ആർ.ഡി.ഒ ഷൈജു പി. ജേക്കബ്, നിർമിതി കേന്ദ്രം റീജിയണൽ എഞ്ചിനീയർ ഡോ. റോബർട്ട് വി. തോമസ്, തഹസിൽദാർമാരായ രഞ്ജിത്ത് ജോർജ്ജ്, പി.പി അസ്മ ബീവി, മറ്റ് ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Land will be made available to all the landless- K. Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.