Representative image 

മണക്കയത്ത് ജനവാസ മേഖലയില്‍ ഉരുള്‍പൊട്ടി; അഞ്ച് കുടുംബങ്ങളിലെ 20ഓളം പേർ ഒറ്റപ്പെട്ടു

വടശേരിക്കര: കനത്ത മഴയില്‍ പത്തനംതിട്ട കുരുമ്പന്‍മൂഴി മണക്കയത്ത് ജനവാസ മേഖലയില്‍ ഉരുള്‍പൊട്ടി അഞ്ചോളം കുടുംബങ്ങളിലെ ഇരുപതോളം പേര്‍ ഒറ്റപ്പെട്ടു. അഞ്ചു വീടുകളെ തുരുത്തു പോ​െലയാക്കി തോടുകളിലൂടെ വെള്ളം കുത്തിയൊലിച്ചൊഴുകി. പനംകുടന്ത അരുവിയിലെത്തി ചേരുന്ന തോടുകളിലാണ് വെള്ളം നിറഞ്ഞത്. പമ്പാനദിയിലെ കുരുമ്പന്‍മൂഴി കോസ് വേ പൂര്‍ണ്ണമായും മുങ്ങി കിടക്കുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനവും ഏറെ നേരം വഴിമുട്ടി.

പുറത്തു നിന്നുള്ള ഏക വഴിയായ പെരുന്തേനരുവി കൂപ്പു റോഡിലും മണ്ണിടുകയും കലുങ്ക് അപകടത്തില്‍ പെടുകയും ചെയ്​തു. കൂപ്പു റോഡു വഴി എത്തിയ അഗ്നിശമന സേനയ്ക്കും പഞ്ചായത്ത് അധികൃതര്‍ക്കും രാത്രി വൈകിയും സ്ഥലത്ത് എത്താനായില്ല. ഇതോടെ കുരുമ്പന്‍മൂഴി മണക്കയം കോളനികള്‍ പുറം ലോകവുമായി പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. ഒറ്റപ്പെട്ടു പോയ കുടുംബത്തില്‍ ഗര്‍ഭിണിയും വയോധികരുമുണ്ട്.

സാവിത്രി ആഞ്ഞിലിമൂട്ടില്‍, രാഘവന്‍ പൂവത്തുംമൂട്ടില്‍, സത്യന്‍ പൂവത്തുംമൂട്ടില്‍,സ രോജിനി കറുത്തേടത്ത്, ഷൈനി കറുത്തേടത്ത് എന്നവരുടെ കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. മൂന്നു വീടുകള്‍ക്ക് ഭാഗികമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടുതല്‍ നാശനഷ്ടങ്ങള്‍ വിലയിരുത്താനായിട്ടില്ലെന്ന് വാർഡ്​ അംഗം മിനി ഡൊമിനിക് അറിയിച്ചു.

ആനയും കാട്ടുപോത്തും അടക്കമുള്ള വനത്തിലൂടെ യാത്ര ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് പുറത്തു നിന്നും ഇവിടേക്ക് ജനങ്ങള്‍ക്ക് എത്തിച്ചേരാനും കഴിയില്ല. വൈദ്യുതി തൂണുകള്‍ കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്നതിനാല്‍ കോളനികള്‍ ഇരുളിലാണ്ടിരിക്കുകയാണ്.

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിലും ഇടുക്കിയിലും കനത്ത മഴ

കോട്ടയം ജില്ലയുടെ കിഴക്കൻമേഖലകളിലും ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലും കനത്ത മഴ. കോട്ടയത്ത് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖലകളിൽ ഒന്നര മണിക്കൂറിലേറെയായി ശക്തമായ മഴയാണ് ലഭിക്കുന്നത്.

വണ്ടന്‍പതാല്‍ കൂപ്പു ഭാഗത്ത് ഉരുള്‍പൊട്ടിയതായി വിവരമുണ്ട്. വണ്ടന്‍പതാല്‍, അസംബനി ഭാഗങ്ങളിൽ മഴവെള്ളപ്പാച്ചില്‍ ശക്തമാണ്. നിരവധി വീടുകളിൽ വെള്ളം കയറി. രക്ഷാപ്രവര്‍ത്തനവും മേഖലയില്‍ ആരംഭിച്ചിട്ടുണ്ട്. 

ഇടുക്കി ജില്ലയിലും വിവിധയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. തൊടുപുഴ നഗരത്തിൽ വിവിധയിടങ്ങളിൽ വെള്ളം പൊങ്ങി. വീടുകളും കടകളിലും വെള്ളം കയറി. പലയിടങ്ങളിലും അരമണിക്കൂറോളം ഗതാഗത തടസത്തിനുമിടയാക്കി. തൊടുപുഴയിൽ ഫയർഫോഴ്സ് എത്തി വീടുകളിൽ നിന്ന് ആളുകളെ മാറ്റുകയും ഗതാഗതം പുന:സ്ഥാപിക്കുകയും ചെയ്തു. 

Tags:    
News Summary - Landslide in Manakkayam residential area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.