കോഴിക്കോട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് വയനാട്ടിലെ എസ്റ്റേറ്റ് ഭൂമി സർക്കാർ വിലകൊടുത്ത് ഏറ്റെടുക്കുമോയെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ചോദ്യം. പുനരധിവാസത്തിനായി സർക്കാരിന്റെ പരിഗണനയിലുള്ളത് കൽപറ്റ ബൈപാസിനോടു ചേർന്ന എൽസ്‌റ്റൺ എസ്‌റ്റേറ്റും മേപ്പാടി നെടുമ്പാല എച്ച്.എം.എൽ എസ്‌റ്റേറ്റുമാണ്. ഇത് രണ്ടും 1947ന് മുമ്പ് ബ്രിട്ടീഷ് കമ്പനികൾ കൈവശം വെച്ചിരുന്ന ഭൂമിയാണ്.
എം.ജി. രാജമാണിക്യം റിപ്പോർട്ടിനെ തുടർന്ന് ഹൈക്കോടതി 1947ന് മുമ്പ് ബ്രിട്ടീഷുകാർ കൈവശം വെച്ചിരുന്ന തോട്ടങ്ങളുടെ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സർക്കാർ സിവിൽ കോടതിയെ സമീപിക്കാനാണ് ഉത്തരവിട്ടത്. അതനുസരിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ വിദേശത്തോട്ടങ്ങളുടെ ഉടമസ്ഥത സ്ഥാപിക്കുന്നതിനായി സർക്കാർ സിവിൽ കോടതിയിൽ കേസ് നൽകിയിട്ടുണ്ട്. വയനാടിന്റെ കാര്യത്തിൽ സിവിൽ കോടതിയിൽ കേസ് നൽകുന്നതിനുള്ള പണിപ്പുരയിലാണ് റവന്യൂ വകുപ്പ്.
ഇതിനിടയിലാണ് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി എസ്റ്റേറ്റ് ഏറ്റെടുക്കാൻ സർക്കാർ നീക്കം നടക്കുന്നത്. സർക്കാരിന്റെ പരിശോധനയിൽ രണ്ട് സ്‌ഥലങ്ങളാണ് അന്തിമ പട്ടികയിലുള്ളത്. കൽപറ്റ ബൈപ്പാസിനോട് ചേർന്ന എൽസ്റ്റൺ എസ്റ്റേറ്റ്, മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഹാരിസൺസ് (എച്ച്.എം.എൽ) എസ്റ്റേറ്റ് എന്നിവ. ഇതിൽ ഏത് ഭൂമി വേണമെന്ന സർക്കാർ തീരുമാനം ഉടൻ ഉണ്ടാകും.
ഹാരിസൺസ് കമ്പനിയുടെ ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ എസ്റ്റേറ്റ് ഭൂമിയുടെ കാര്യത്തിൽ സിവിൽ കേസ് കൊടുത്തിട്ടുണ്ട്. ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ റിവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ സർക്കാർ ഭൂമി സർക്കാർ വിലകൊടുത്ത് ഏറ്റെടുക്കേണ്ടതില്ലെന്ന് നിലപാട് സ്വീകരിച്ചിരുന്നു. വയനാട്ടിലെ എസ്റ്റേറ്റുകളുടെ കാര്യത്തിലും മറിച്ചൊരു തീരുമാനമെടുക്കാൻ റവന്യൂ വകുപ്പിന് കഴിയില്ല. സർക്കാർ ഭൂമിക്ക് വിലകൊടുത്ത് ഏറ്റെടുത്താൽ സിവിൽ കോടതിയിലെ കേസ് ദുർബലപ്പെടും. 1947ന് ശേഷം സംസ്ഥാന സർക്കാർ തോട്ടഭൂമി ഇപ്പോൾ കൈവശം വെച്ചരിക്കുന്നവർക്ക് പാട്ടത്തിന് നൽകിയിട്ടില്ലെന്നാണ് റവന്യൂ വകുപ്പിന്റെ വാദം.
പുനരധിവാസത്തിന് പരിഗണിക്കുന്ന പ്രദേശങ്ങൾ ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചാണ് അനുയോജ്യമായ അഞ്ചു സ്ഥലങ്ങളുടെ പട്ടിക നൽകിയത്. സർക്കാർ വകുപ്പുകളും ഈ ഭൂമിയിൽ പഠനം നടത്തി. തുടർന്ന് ജില്ല ഭരണകൂടം സർക്കാരിന് റിപ്പോർട്ടും സ്‌ഥലങ്ങളുടെ പട്ടികയും കൈമാറി. സർവകക്ഷി നേതാക്കൾ ഉൾപ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തിയാണ് രണ്ട് സ്ഥലങ്ങൾ നിർണയിച്ചത്.
ഈ രണ്ട് എസ്റ്റേറ്റുകളും വയനാട് കലക്ടർ നേരത്തെ തയാറാക്കിയ റിപ്പോർട്ട് പ്രകാരം 1947ന് മുമ്പ് ബ്രിട്ടീഷ് തോട്ടങ്ങളായിരുന്നവെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പറയുന്നു. മുൻ കലക്ടർ ഡോ. രേണുരാജ് വിദേശ തോട്ടങ്ങൾ നിലവിൽ കൈവശം വെച്ചിരിക്കുന്നവരുടെ കണക്കെടുക്കാൻ വയനാട്ടിലെ വില്ലേജ് ഓഫിസർമാർക്കും തഹസിൽദാർമാർക്കും നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.