അഞ്ചൽ: പുകവലിക്ക് മാത്രമല്ല, കോവിഡ് നിയന്ത്രണ ലംഘനങ്ങൾക്കും 'വലിയ വില' നൽകേണ്ടി വരുമെന്ന് തെളിയിക്കുകയാണ് അഞ്ചലിലെ ഇൗ സംഭവം. കോവിഡ് നൽകിയ പിരിമുറുക്കം അൽപനേരത്തേക്ക് മറക്കാൻ അഞ്ചലിലേക്ക് ഓടിയെത്തിയ ആളുകൾക്ക് നല്ല പിഴയാണ് ഒടുക്കേണ്ടി വന്നത്. കിഴക്കന്‍ മേഖലയിലെ മൂന്നാര്‍ എന്നറിയപ്പെടുന്ന അഞ്ചൽ വെഞ്ചേമ്പിന് സമീപത്തെ പിനാക്ക്ള്‍ വ്യൂ പോയിൻറിലാണ് ഞായറാഴ്ച ജനക്കൂട്ടമെത്തിയത്.
പുലർച്ചെ നല്ല മഞ്ഞ് വീഴ്ചയുണ്ടെന്ന് കേട്ടറിഞ്ഞ് എത്തിയവരാണിവർ. 28ാം ഓണവും ഞായറാഴ്ചയുമായതിനാൽ പലരും കുടുംബസമേതമാണ് വാഹനങ്ങളിലെത്തിയത്. കൈക്കുഞ്ഞുങ്ങൾ വരെ കൂട്ടത്തിലുണ്ടായിരുന്നു. ജില്ലക്കകത്തും പുറത്തും നിന്നുമുള്ള നിരവധി യുവതീയുവാക്കൾ ഇരുചക്രവാഹനങ്ങളിൽ എത്തി. സെൽഫിയെടുക്കുന്നതിനും മറ്റും ജനങ്ങൾ തിക്കിത്തിരക്കി.
വാഹനങ്ങളുടെ ഇരമ്പലും ബഹളവും അധികരിച്ചതോടെ നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. അഞ്ചൽ എസ്.എച്ച്.ഒ എൽ. അനിൽ കുമാറിെൻറ നേതൃത്വത്തിൽ പൊലീസെത്തി ജനക്കൂട്ടത്തെ നിയന്ത്രിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഒത്തുകൂടിയവരുടെ വാഹനങ്ങൾ പിടികൂടി രണ്ടായിരം രൂപ വീതവും ഒപ്പമെത്തിയവർക്ക് 200 രൂപ വീതവും പിഴയീടാക്കി. മിക്കവരും അഞ്ചൽ സ്റ്റേഷനിലെത്തി ഏറെ നേരം വരിയായിനിന്ന് പിഴയൊടുക്കിയ ശേഷമാണ് വാഹനവുമായി മടങ്ങിയത്.
കോവിഡ് വ്യാപനം ഏറെയുള്ള പ്രദേശമാണിവിടം. നിയന്ത്രണങ്ങൾ വകവെക്കാതെയും കോവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിക്കാതെയും പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ദൂരസ്ഥലത്തു നിന്നും ആൾക്കാരെത്തുന്നത് തദ്ദേശവാസികളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. റോഡില്‍നിന്ന് താഴ്ചയില്‍ വിദൂരത്തില്‍ പടര്‍ന്നുകിടക്കുന്ന പ്രകൃതിയിലെ മഞ്ഞിെൻറ മനോഹാരിത കാണാനും ഫോട്ടോ ഷൂട്ട് നടത്താനുമാണ് യുവാക്കളും യുവതികളും ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ ഇവിടെയെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.