ജി.എസ്.ടി റിട്ടേണുകൾ: ഫയൽ ചെയ്യുവാനുള്ള അവസാന തീയതി നീട്ടണം - വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം:  ജി.എസ്.ടി. നിയമപ്രകാരം 2023-24 സാമ്പത്തിക വർഷത്തെ ജി.എസ്.ടി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റിട്ടേണിലൂടെ സ്വീകരിക്കുവാനും, അർഹതയില്ലാത്ത ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റിവേഴ്സ് ചെയ്യുവാനുമുള്ള അവസാന തീയതി നവംബർ 30 ൽ നിന്നും 2025 മാർച്ച് 31 വരെ നീട്ടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ് ആവശ്യപ്പെട്ടു.

ജി.എസ്.ടി. വെബ്സൈറ്റിലെ അടിക്കടിയുള്ള തിരുത്തലുകൾ മൂലം വ്യാപാരികൾക്ക് കൃത്യതയോടു കൂടി ഫയൽ ചെയ്യുവാൻ കഴിയാറില്ല. ഈ ബുദ്ധിമുട്ട് മൂലം നിരവധി വ്യാപാരികൾക്ക് ഇതുവരെ പ്രസ്തുത റിട്ടേണുകൾ ഫയൽ ചെയ്യുവാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്ത് തീയതി നീട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തീയതി നീട്ടാതെ വന്നാൽ നിരവധി വ്യാപാരികൾക്ക് അർഹതപ്പെട്ട ഇൻപുട്ട് ക്രെഡിറ്റ് ടാക്സ് തിരികെ ലഭിക്കുവാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകും. തന്റേതല്ലാത്ത കാരണത്താലാണ് പലപ്പോഴും വ്യാപാരികൾക്ക് ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു നിശ്ചിത സാമ്പത്തിക വർഷത്തിനിടയിൽ ഇടയ്ക്കിടെ വെബ്സൈറ്റിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വ്യാപാരികൾക്ക് റിട്ടേണുകൾ കൃത്യമായി ഫയൽ ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ഇത് ഒഴിവാക്കപ്പെടേണ്ടതാണ്. ജി.എസ്.ടി കൗൺസിലിന്റെ ഓരോ തീരുമാനങ്ങളും മാറ്റങ്ങളും തൊട്ടടുത്ത സാമ്പത്തിക വർഷത്തിൽ മാത്രം പ്രാബല്യത്തിൽ വരുന്ന രീതിയിൽ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണ വ്യാപാരികളുടെ പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കാതെയാണ് ജി.എസ്.ടി കൗൺസിലിൽ തീരുമാനങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

Tags:    
News Summary - Last date for filing GST returns to be extended - Traders and Industry Coordinating Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.