എസ്.ഡി.പി.ഐ സംസ്ഥാന പ്രതിനിധി സഭ തുടങ്ങി

കോഴിക്കോട്: എസ്.ഡി.പി.ഐ സംസ്ഥാന പ്രതിനിധി സഭ തുടങ്ങി. പ്രതിനിധി സഭ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ അടിമത്തമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അതിനെ നേരിടാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളെ സംബോധന ചെയ്യാന്‍ ഭരണ- പ്രതിപക്ഷ കക്ഷികള്‍ക്ക് കഴിയുന്നില്ല. രാജ്യത്തെ കേവല ന്യൂനപക്ഷമായ കോര്‍പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം, ദാരിദ്ര്യം, പോഷകാഹാര കുറവ്, സര്‍വകലാശാലകളില്‍ പരീക്ഷകള്‍ വൈകുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഭരണകൂടത്തിന് താല്‍പ്പര്യമില്ല.

വിശപ്പിനെ വെറുപ്പും വിദ്വേഷവും കൊണ്ട് മറി കടക്കാനാണ് കേന്ദ്ര ബിജെപി ഭരണകൂടം ശ്രമിക്കുന്നത്. ഭരണകൂടത്തിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരേ പ്രതികരിക്കാനോ ജനപക്ഷത്തു നില്‍ക്കാനോ പ്രതിപക്ഷത്തിന് ആര്‍ജ്ജവമില്ല. പ്രശ്‌ന കലുഷിതമായ ദേശീയ സാഹചര്യത്തില്‍ ശക്തമായ പ്രതിപക്ഷം രാജ്യത്ത് ഇല്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി മണിപ്പൂരില്‍ ക്രൈസ്തവ സമൂഹം ക്രൂരമായ അതിക്രമങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു.

സമീപ ദിവസങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായിരിക്കുന്നു. മുഖ്യമന്ത്രിയുടെ ബന്ധു വീടിനു നേരെ വരെ അക്രമമുണ്ടായിരിക്കുന്നു. അക്രമികളെ നിയന്ത്രിക്കാനോ അതിക്രമങ്ങള്‍ അവസാനിപ്പിക്കാനോ അധികാരികള്‍ക്ക് സാധിക്കുന്നില്ല. രാജ്യത്തിന്റെ പൈതൃകവും നാനാത്വത്തില്‍ ഏകത്വവും ഫാഷിസ്റ്റ് ഭരണത്തില്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടിരിക്കുന്നു. ഭരണകൂട സംവിധാനങ്ങള്‍ ആർ.എസ്.എസിനു വേണ്ടി പണിയെടുക്കുന്ന ഗതികെട്ട രാഷ്ട്രീയ വ്യവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

ഒരു വിഭാഗത്തിനു നേരേ അക്രമുണ്ടാവുമ്പോള്‍ മറ്റു വിഭാഗങ്ങള്‍ നിഷ്‌ക്രിയരായാല്‍ അക്രമികള്‍ തങ്ങള്‍ക്കു നേരേ തിരിയും എന്നത് സമൂഹം തിരിച്ചറിയണം. ബാബരി മസ്ജിദ് തകര്‍ക്കുന്നതിനുള്‍പ്പെടെ സഹായം നല്‍കി കോണ്‍ഗ്രസ് പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹ റാവു ആർ.എസ്.എസിനെ സഹായിച്ചതിനു സമാനമായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ആർ.എസ്.എസിന് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റിയിരിക്കുന്നു. നമ്മുടെ രാഷ്ട്ര ശില്‍പ്പികളും സ്വാതന്ത്ര്യസമര പോരാളികളും സ്വപ്‌നം കണ്ട സാമൂഹിക ജനാധിപത്യത്തിലധിഷ്ടിതമായ ക്ഷേമരാഷ്ട്രം സാക്ഷാല്‍ക്കരിക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും മുഹമ്മദ് ഷെഫി പറഞ്ഞു.

19 ന് രാവിലെ 10.30 ന് കോഴിക്കോട് ബീച്ചിലുള്ള ആസ്പിന്‍ കോര്‍ട്ട് യാര്‍ഡിനു മുമ്പില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പതാക ഉയര്‍ത്തിയതോടെ പ്രതിനിധി സഭക്ക് തുടക്കമായി. സഭക്ക് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ മജീദ് ഫൈസി, മുഹമ്മദ് ഇല്യാസ് തുംബെ, ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍, സെക്രട്ടറിയേറ്റംഗം സി.പി എ ലത്തീഫ്, പ്രവര്‍ത്തക സമിതിയംഗങ്ങളായ ദഹലാന്‍ ബാഖവി, സഹീര്‍ അബ്ബാസ് സംബന്ധിച്ചു. 

Tags:    
News Summary - SDPI State Representative Assembly started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.